Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മിലേക്കുള്ള പണം കള്ളൻമാർ മോഷ്ടിച്ചെന്ന നാടകം; ഒടുക്കം പണിപാളി

2000-rupees പ്രതീകാത്മക ചിത്രം

രാമനാഥപുരം∙ എടിഎമ്മിലേക്കുള്ള പണം കള്ളൻമാർ മോഷ്ടിച്ചെന്നു പരാതിപ്പെട്ട സംഘത്തെ തട്ടിയെടുത്ത പണം ഉൾപ്പെടെ പിടികൂടി. എടിഎമ്മിൽ പണം നിറയ്ക്കുന്ന കമ്പനി ജീവനക്കാരായ നാലുപേരാണ് നാടകവുമായെത്തിയത്. 1.20 കോടി രൂപ നഷ്ടപ്പെട്ടു. ഇതിൽ 32 ലക്ഷം ഇവരെ അറസ്റ്റ് ചെയ്തതിനൊപ്പം കണ്ടെടുത്തു.

സംഭവമിങ്ങനെ:

ആകെ 1.60 കോടി രൂപയുമായി പുറപ്പെട്ട സംഘം ഒരു എടിഎമ്മിൽ 40 ലക്ഷം രൂപ നിറച്ചു. അടുത്ത എടിഎമ്മിലേക്കു പോകവെ സഞ്ചരിച്ചിരുന്ന വാഹനത്തിന് അപകടമുണ്ടാവുകയും ഇതേത്തുടർന്ന് അജ്ഞാതരായവരെത്തി മോഷണം നടത്തുകയുമായിരുന്നുവെന്നാണ് നാൽവർ സംഘം പൊലീസിൽ നൽകിയ മൊഴി.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ കടലാടിക്കു സമീപം മാലാത്തരുവിനടുത്താണ് അപകടം നടന്നതെന്നും ഇവർ അറിയിച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ പണം ഇവർതന്നെയാണ് മോഷ്ടിച്ചതെന്ന് പൊലീസിനു വ്യക്തമാവുകയായിരുന്നു. 32  ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക കൂടി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്.