Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ‘ലൈംഗിക സിഡി’ കേസിലെ ആരോപിതൻ

bhupesh-baghel ഭൂപേഷ് ബാഗെൽ

റായ്പുർ∙ ഛത്തീസ്ഗഡിലെ ബിജെപി മുൻ മന്ത്രിയെ താഴെയിറക്കാനുള്ള ‘ലൈംഗിക സിഡി’ ആരോപണത്തിൽ കുറ്റാരോപിതനായ മുതിർന്ന മാധ്യമപ്രവർത്തകൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. വിനോദ് വർമയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവായി നിയമിതനായിരിക്കുന്നത്. ബാഗെലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വർമയെ കേസിന്റെ പേരിൽ 2017 ഒക്ടോബറിലാണ് ഗാസിയാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്.

അന്നത്തെ പിഡബ്ല്യുഡി മന്ത്രിയായിരുന്ന രാജേഷ് മുനാത്തിന്റെ പേരിൽ അശ്ലീല സിഡിയുണ്ടെന്ന് ആരോപിച്ച് ബ്ലാക്മെയിൽ ചെയ്യുകയാണെന്നു കാട്ടി ബിജെപി നേതാവായ പ്രകാശ് ബജാജ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. വർമയുടെ വീട്ടിൽനിന്ന് 500 സിഡികളും ചില പെൻ ഡ്രൈവുകളും കണ്ടെത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശവാദം. ഇതിനു പിന്നാലെ മന്ത്രിയുൾപ്പെടുന്ന അശ്ലീല വിഡിയോ പുറത്തെത്തുകയും ചെയ്തു.

ബിജെപി സർക്കാരിന്റെ ശുപാർശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. 60 ദിവസത്തിനുള്ള കുറ്റപത്രം ചുമത്താനാകാത്തതിനാൽ വർമയെ ജാമ്യത്തിൽ വിടുകയായിരുന്നു. അതിനിടെ ഈ സെപ്റ്റംബറിൽ ബാഗെൽ, വർമ, മറ്റു മൂന്നുപേർ എന്നിവരെ പ്രതിചേർത്ത് പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം ചുമത്തിയിരുന്നു.

വർമയെക്കൂടാതെ, മൂന്നുപേരെക്കൂടി ഉപദേഷ്ടാക്കൻമാരായി നിയമിച്ചിട്ടുണ്ട്. ഹിന്ദി പത്രത്തിന്റെ എഡിറ്റർ സ്ഥാനം രാജിവച്ച് അടുത്തിടെ കോൺഗ്രസിൽ ചേർന്ന രുചിർ ഗാർഗ് ആണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. പ്ലാനിങ്, നയ, കാർഷിക, ഗ്രാമ വികസന ഉപദേഷ്ടാവായി പ്രദീപ് ശർമയെയും പാർലമെന്ററി ഉപദേഷ്ടാവായി രാജേഷ് തിവാരിയെയും നിയമിച്ചു.

related stories