Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീക്ഷേമം: വനിതാ മതില്‍ ഒരുങ്ങുമ്പോഴും ചെലവഴിക്കാതെ കോടികളുടെ ബജറ്റ് വിഹിതം

women-hands-together പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ സ്ത്രീശാക്തീകരണത്തിനായി വനിതാ മതില്‍ ഒരുങ്ങുമ്പോള്‍, സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന് ബജറ്റില്‍ അനുവദിച്ച 20 കോടി രൂപയില്‍ ചെലവാക്കിയത് 6 കോടി മാത്രം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കേ, സ്ത്രീ ശാക്തീകരണത്തിന് അനുവദിച്ച തുകയായ 12കോടിയില്‍ ചെലവഴിക്കാനായത് 264.94 ലക്ഷംരൂപ(22%). 

2018 ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 68-ാം ഖണ്ഡികയിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ വിലയിരുത്തിയത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. സ്ത്രീവിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാട്ടുന്ന ശക്തമായ ആശയ പ്രചാരണം സമൂഹത്തില്‍ ആരംഭിക്കണമെന്നും ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ വികസന വകുപ്പടക്കമുള്ള ഏജന്‍സികള്‍ മുഖ്യപങ്കു വഹിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായി രൂപീകരിച്ച വകുപ്പിന് സ്ത്രീകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2235-02-103-68 എന്ന ഹെഡില്‍ 20 കോടിയാണ് അനുവദിച്ചത്. ഇതില്‍നിന്നും സ്ത്രീ ശാക്തീകരണത്തിന് അനുവദിച്ചത് 12 കോടി. ഇതുവരെ ചെലവഴിച്ചത് 264.94 ലക്ഷം രൂപ (22%). 'നിര്‍ഭയ' പദ്ധതിക്കായി അനുവദിച്ചത് 7 കോടി. ചെലവഴിച്ചത് 300.24 ലക്ഷം (43%). ലിംഗ സമത്വത്തിനായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് 1 കോടി അനുവദിച്ചു. ചെലവാക്കിയത് 17.51 ലക്ഷം (17.5%).

സ്ത്രീ ശാക്തീകരണത്തിനായി അനുവദിച്ച 12 കോടിയില്‍നിന്നാണ് വനിതാ മതില്‍ അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നത്. വനിതാ മതിലിനായി ഇതുവരെ പണം ആവശ്യപ്പെടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നു വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.

ബജറ്റില്‍ പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നതെന്നു സാമൂഹിക നീതി അഡീഷണല്‍ സെക്രട്ടറി എം.കെ.ലീലാമണി 'മനോരമ ഓണ്‍ലൈനോട്' പറഞ്ഞു. വനിതാ മതിലിനായി 50 കോടി ചെലവാക്കുന്നില്ല. 50 കോടിയില്‍ സ്ത്രീ ശാക്തീകരണ ക്യാംപയിനുകള്‍ക്കായി മാറ്റിവച്ച തുകയില്‍നിന്നാണ് ക്യാംപെയിനുകള്‍ നടത്തുന്നത്. വനിതാ മതിലിന്റെ പണവും ഈ തുകയില്‍നിന്നായിരിക്കും. വനിതാ മതിലിനായി ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഡിസംബര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലേ, ജനുവരി 1ന് വനിതാ മതില്‍ സംഘടിപ്പിക്കുന്നത് പൊതു ഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ചാണെന്നു ഹൈക്കോടതിയെ അറിയിച്ചതോടെയാണ് രാഷ്ട്രീയ വിവാദമുണ്ടാകുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്ക് വകയിരുത്തിയ 50 കോടിയില്‍നിന്നാണ് പണം കണ്ടെത്തുന്നതെന്നും, പദ്ധതിക്ക് തുക നീക്കിവയ്ക്കുമെന്നു പറഞ്ഞത് സാമ്പത്തികവര്‍ഷം കഴിയും മുന്‍പ് നടപ്പിലാക്കേണ്ടതുണ്ടെന്നും സാമൂഹികനീതി അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറഞ്ഞിരുന്നു.