Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിൽ സ്ത്രീകൾ മാത്രം; എതിർദിശയിൽ പുരുഷൻമാർ നിൽക്കും: സിപിഎം

women-wall പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ എൻഎസ്എസ് നേതൃത്വത്തെ രാഷ്ട്രീയമായി കടന്നാക്രമിക്കാൻ സിപിഎം തീരുമാനം. ആർഎസ്എസ് പക്ഷത്തേയ്ക്ക് എൻഎസ്എസ് ചാഞ്ഞെന്നു സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. വർഗീയമായി ചേരിതിരിവുണ്ടാക്കാൻ എൻഎസ്എസിനെ അനുവദിക്കരുത്. വനിതാ മതിലിനെ തകർക്കാൻ എൻഎസ്എസ് ആസൂത്രിതമായി ശ്രമിക്കുന്നുവെന്നും സിപിഎം ആരോപിക്കുന്നു.

പുരുഷന്മാരെ വനിതാ മതിലിന്റെ എതിർദിശയിൽ അണിനിരത്തും. സിപിഎം സംസ്ഥാന സമിതിയുടേതാണ് പുതിയ തീരുമാനം.  സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാരെയാണ് എതിർദിശയിൽ അണിനിരത്തുക. വനിതാ മതിലിന്റെ നിരയിൽ സ്ത്രീകൾ മാത്രമെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. വനിതാ മതിലിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്കുള്ള അറിയിപ്പ്. തെറ്റായ പ്രചാരണങ്ങളെ നേരിടാൻ പ്രാദേശികമായി മുൻകയ്യെടുക്കണം. സംഘടനകൾ കുട്ടികളെ പങ്കെടുപ്പിച്ചാൽ തടയേണ്ടതില്ലെന്നും സംസ്ഥാന സമിതി അറിയിച്ചു. 

ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരിപാടിയിൽനിന്ന് 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ ഒഴിവാക്കണമെന്ന് സർക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. സർക്കാർ ജീവനക്കാർ വനിതാ മതിലിൽ പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ എന്നു വ്യക്തമാക്കണമെന്നും കോടതി ചോദിച്ചു.

മതന്യൂനപക്ഷങ്ങളെയും വനിതാ മതിലിന്റെ ഭാഗമാക്കാൻ സിപിഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. വർഗീയ മതിലെന്ന പ്രതിപക്ഷ വാദം മറികടക്കാനാണ് സിപിഎമ്മിന്റെ ശ്രമം.