Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധിയുടെ ഭാരത രത്ന പിൻവലിക്കണം: എഎപി പ്രമേയം, പാർട്ടിയിൽ കലഹം

Arvind Kejriwal

ന്യൂഡൽഹി∙ സിഖ് വിരുദ്ധ കലാപം ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം പിൻവലിക്കണമെന്ന പ്രമേയം എഎപിയിൽ കലഹത്തിനു വഴിമരുന്നിട്ടു. സഭയിൽ വച്ച യഥാർഥ പ്രമേയത്തിൽ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎൽഎ സോമനാഥ് ഭാരതി നൽകിയ എഴുത്ത് മറ്റൊരു എംഎൽഎയായ ജർണെയ്ൽ സിങ് ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നൽകുന്ന വിശദീകരണം. ഇതിനിടെ, ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയെന്നാരോപിച്ച് ചൗന്ദ്നി ചൗക്ക് എംഎൽഎ അൽക്ക ലാംബയോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടു. സോമനാഥ് ഭാരതിയോടും വിശദീകരണം ചോദിച്ചു. അതിനിടെ, ഔദ്യോഗിക വിശദീകരണത്തിൽ രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയാണ് എഎപി പ്രതികരിച്ചത്.

സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് പ്രമേയത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റു കേസുകളിൽക്കൂടി വിചാരണ വളരെവേഗം തീർപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അംഗങ്ങൾക്കു മുൻകൂട്ടി വിതരണം ചെയ്ത ഈ പ്രമയത്തിനൊപ്പമാണ് രാജീവ് ഗാന്ധിക്കു നൽകിയ പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാഗം കൂടി പിന്നീടു വായിച്ചു ചേർത്തത്. ശബ്ദവോട്ടോടെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു. പാർട്ടിയെ ഇങ്ങനൊരു വിഭാഗീയതയിലേക്കു നയിച്ചതെന്തെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പ്രമേയം പാസാക്കുന്നതിനോട് അനുകൂലിക്കുന്നില്ലെന്ന നിലപാടാണ് അൽക്ക ലാംബ മാധ്യമങ്ങളോട് അറിയിച്ചത്. സഭയിൽനിന്നു വോക്കൗട്ട് നടത്തിയതിനെത്തുടർന്ന് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും അവർ പറയുന്നു. രാജി വയ്ക്കാൻ തയാറാണ്. എന്നാൽ രാജീവ് ഗാന്ധി ഈ രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചയാളാണ്. അദ്ദേഹത്തിന്റെ പുരസ്കാരം തിരിച്ചെടുക്കണമെന്ന പ്രമേയത്തെ താൻ പിന്തുണയ്ക്കില്ലെന്നും പാർട്ടി തീരുമാനത്തിനു വിരുദ്ധമായി നിന്നതാണ് തന്റെ രാജി ആവശ്യപ്പെടാൻ കാരണമെന്നും യൂത്ത് കോൺഗ്രസ് മുൻനേതാവു കൂടിയായിരുന്ന ലാംബയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ലാംബയുടെ വാദത്തെക്കുറിച്ചു പ്രതികരിക്കാൻ എഎപി തയാറായിട്ടില്ല. കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചതാണ് അച്ചടക്കനടപടിക്കു കാരണമെന്നാണ് പാർട്ടി പറയുന്നത്.

രാജീവ് ഗാന്ധിയെക്കുറിച്ചുള്ള വരികൾ സഭയിൽവച്ച യഥാർഥ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. പ്രമേയം പരിഗണനയ്ക്കെടുത്തപ്പോൾ ഒരംഗം എഴുതിനൽകിയ ഭേദഗതിയാണതെന്നു ഭരദ്വാജ് പറഞ്ഞു. ജർണെയ്‌ൽ സിങ് ആണ് രാജീവ് ഗാന്ധിയുടെ പേരുകൂടി പ്രമേയത്തിന്റെ ഭാഗമാക്കണമെന്നും ഭാരത രത്ന പുരസ്കാരം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടത്.

വിഷയത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. എഎപി ബിജെപിയുടെ ‘ബി ടീം’ ആണെന്ന വസ്തുതയാണു പുറത്തുവരുന്നതെന്ന് ഡൽഹി കോൺഗ്രസ് മേധാവി അജയ് മാക്കൻ പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചയാളാണു രാജീവ് ഗാന്ധി. കോൺഗ്രസിന്റെ വോട്ടു വിഭജിച്ച് ബിജെപിയെ വിജയിപ്പിക്കാനാണ് ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ എഎപി സ്ഥാനാർഥികളെ നിർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ നിരയിൽ എഎപിയും കോൺഗ്രസും ഒരുമിച്ചെത്താനുള്ള സാധ്യതയിൽ കരിനിഴൽ വീഴ്ത്തുകയാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ. യഥാർഥ പ്രമേയത്തിലില്ലാതിരുന്ന വരികൾ വന്നത് എഎപി നേതൃത്വത്തെ അമ്പരിപ്പിച്ചെന്നാണു ലഭിക്കുന്ന വിവരം. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെപ്പോലും അറിയിച്ചിരുന്നില്ലത്രേ.

അവസാന നിമിഷമാണ് എംഎൽഎ സോമനാഥ് ഭാരതി രാജീവ് ഗാന്ധിയെക്കുറിച്ചുള്ള കുറിപ്പ് തന്റെ കൈവശം തന്നതെന്നും അതാണ് താൻ വായിച്ചതെന്നുമുള്ള നിലപാടാണ് ജർണെയ്‌ൽ സിങ് സ്വീകരിച്ചത്. യഥാർഥ പ്രമേയത്തിൽ ഈ വരികൾ ഇല്ലായിരുന്നുവെന്ന കാര്യം സോമനാഥ് ഭാരതിയും സ്ഥിരീകരിച്ചിട്ടുണ്ട്.

related stories