Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗിന് ‘പൊന്നാനിപ്പേടി’; ബന്ധുനിയമന വിവാദം രാഷ്ട്രീയമായി ഗുണം ചെയ്തു: കെ.ടി.ജലീൽ

K.T. Jaleel കെ.ടി.ജലീൽ

മലപ്പുറം ∙ മുസ്‌ലിം ലീഗിന് ‘പൊന്നാനിപ്പേടി’യാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ടാകുമെന്നും മന്ത്രി കെ.ടി.ജലീൽ. സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ‘ഞാൻ ഒരാൾ മാത്രമല്ല, കഴിവുള്ളവർ പലരുമുണ്ട്’ എന്ന് മന്ത്രി മറുപടി നൽകി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൽലക്ഷം വോട്ടിനാണ് ലീഗ് ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും നില മെച്ചപ്പെടുത്തി. 2019ൽ എൽഡിഎഫ് വിജയിക്കുമെന്ന ഭയത്തിലാണ് ലീഗ് വിവാദങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി പറ‍ഞ്ഞു. പൊന്നാനിയിൽ താൻ മത്സരിക്കുമെന്ന് ധരിച്ചാണ് യൂത്ത് ലീഗ് ബന്ധുനിയമനവിവാദം ഉയർത്തിക്കൊണ്ടുവന്നതെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ബന്ധുനിയമനവിവാദം രാഷ്ട്രീയമായി ഗുണം ചെയ്തെന്നു ചോദ്യത്തിനു മറുപടിയായി ജലീൽ പറഞ്ഞു. സിപിഎമ്മുമായി അടുത്ത ബന്ധം നേരത്തേയുണ്ട്. സിപിഎമ്മിന്റെ സംരക്ഷണത്തിലുള്ള ആളെ തൊടാൻ കഴിയില്ലെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. 2006 മുതലുള്ള പാർട്ടി സംരക്ഷണം ഇപ്പോഴും തുടരുന്നു. കെ.എം.ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി വീണ്ടും റദ്ദാക്കിയ സാഹചര്യത്തിൽ വിവാദ ലഘുലേഖയുടെ ഉള്ളടക്കം സംബന്ധിച്ച് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം.

താനുമായി വേദി പങ്കിട്ടതിന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുനയെ പുറത്താക്കിയ ലീഗ് നടപടി ദലിത് വിഭാഗങ്ങളോടുള്ള സമീപനത്തിന്റെ തെളിവാണ്. മിഥുനയ്ക്ക് പ്രമാണിമാരുടെ പിന്തുണയില്ലാത്തതാണ് പ്രശ്നം. താൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത പി.ഉബൈദുല്ല എംഎൽഎ, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്.ജമീല, തന്നോടൊപ്പം വേദി പങ്കിട്ട കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ഫസീല കുന്നത്ത് എന്നിവർക്കെതിരെ ലീഗ് നടപടിയെടുത്തില്ല. കോൺഗ്രസിലെ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസുവിനെതിരെയും നടപടിയുണ്ടായില്ല.– കെ.ടി.ജലീൽ പറഞ്ഞു.

related stories