Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനം തിരിച്ചുവരും; തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ സാധ്യതയേറി

വിഡിയോ സ്റ്റോറി കാണാം

തിരുവനന്തപുരം ∙ മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായേക്കും. അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്.

പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മല്‍സരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമെ കഴക്കൂട്ടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നും ബിജെപി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് കുമ്മനത്തെ രാഷ്ട്രീയത്തില്‍ തിരികെ എത്തിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മേലും സമ്മര്‍ദ്ദമേറുന്നത്. കുമ്മനവും മടങ്ങിവരവ് ആഗ്രഹിക്കുന്നുവെന്ന് എം.എസ്.കുമാര്‍ തുറന്നുപറഞ്ഞു.

ഗവര്‍ണര്‍മാര്‍  സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. കേരളം പോലും. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ മടങ്ങിവരവ് അസാധ്യകാര്യമൊന്നുമല്ല. 2014 ല്‍ കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍  രാജിവെച്ച് ലോക്സഭാ തിഞ്ഞെടുപ്പില്‍ ഔറംഗബാദിൽ മല്‍സരിച്ചിരുന്നു. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായാല്‍ വളരെ ശക്തമായ ത്രികോണമല്‍സരമാകും തിരുവനന്തപുരം മണ്ഡലത്തില്‍.

related stories