Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മതിൽ’ കെട്ടാൻ രോഗികളില്‍ നിന്നും അംഗപരിമിതരിൽ നിന്നും വരെ 100 രൂപ പിരിവ്

women-wall-donation

പാലക്കാട്∙ വനിതാ മതിലിന്റെ പേരിൽ പാലക്കാട് ജില്ലയിൽ‌ ക്ഷേമപെൻഷനിൽനിന്ന് പണപ്പിരിവ്. രോഗികൾ‌ക്കും അംഗപരിമിതർക്കും ലഭിക്കുന്ന പെന്‍ഷനിൽനിന്നാണ് 100 രൂപ വച്ച് പിരിവെടുക്കുന്നത്. തുകയിൽ‌നിന്ന് പിരിവ് കിഴിച്ചശേഷമാണു സഹകരണ ബാങ്കുകളിലെ ചുമതലക്കാർ പെൻ‌ഷൻ കൈമാറുന്നത്.

പുതുശേരി പഞ്ചായത്തിൽ മാത്രം ക്ഷേമപെൻഷനിൽനിന്ന് പിരിച്ചത് 5.10 ലക്ഷം രൂപയാണ്. വനിതാ മതിലിന്റെ പേരിൽ പണം പിരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമൊന്നുമില്ല. ആരൊക്കെയാണു പിരിക്കുന്നതെന്ന കാര്യത്തിലും വ്യക്തമായ ധാരണയില്ല. വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നും ഭീഷണിസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വനിതാപങ്കാളിത്തം കുറഞ്ഞാല്‍ അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോഓർഡിനേറ്ററുടെ നിർദേശമുണ്ടെന്നാണു പ്രചാരണം.

ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നാണു സർക്കാർ കണക്ക്. കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ്് ഏഴു ജില്ലകളിൽ 3– 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും.