Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽനടുവിൽ മുരൾച്ചയോടെ ‘അനക്’; ഭീമൻ സൂനാമി ഇനിയും വരും, എല്ലാം തകർത്ത് മഴയും

INDONESIA-Lightning-rain-thunder-bolt ഇന്തൊനീഷ്യയിലെ സുൺഡ കടലിടുക്കിൽ തുടരുന്ന മഴയ്ക്കിടെ ഉണ്ടായ മിന്നൽ. ചിത്രം: എഎഫ്പി

ജക്കാർത്ത∙ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ഇന്തൊനീഷ്യയിലുണ്ടായ കൂറ്റൻ സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല. വീണ്ടുമൊരു സൂനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനു സഹായിക്കും വിധം താറുമാറായിരിക്കുകയാണു കാലാവസ്ഥ. ഉയർന്ന തിരമാലകൾ ഏതു നിമിഷവും ഉണ്ടായേക്കാമെന്നതിന്റെ സൂചനകൾ നൽകി അനക് ക്രാക്കട്ടോവ അഗ്നിപർവതം ചാരവും പുകയും പുറന്തള്ളുന്നതും തുടരുകയാണ്.  ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്.

സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൺഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചതായിരുന്നു സൂനാമിക്കു കാരണമായത്. ഭൂകമ്പമുണ്ടാകാതിരുന്നതിനാൽ മുന്നറിയിപ്പു നൽകാനായില്ല. 305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിന്റെ ഏകദേശം 222 ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിന്റെ പല ഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കൊടുംമഴയും തിരമാലകളും തുടരുന്നതും മേഖലയെ ഏറെ ദുർബലമാക്കുന്നു. 

അനക് സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നുള്ള ‘മുരൾച്ചകൾ’ നിരീക്ഷിക്കാൻ മാത്രമായി ഒരു മോണിട്ടറിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദ്വീപ് തകർന്നടിഞ്ഞാൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ വേണ്ടിയാണിതെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച 222 ഏക്കർ പ്രദേശം തകർന്നപ്പോൾത്തന്നെ 16 അടി ഉയരത്തിലേക്കാണു തിരമാലകൾ ആഞ്ഞടിച്ചത്. ഇതോടെ തീരമേഖല പൂർണമായും തകർന്നു. ബുധനാഴ്ച ഉച്ചവരെ മരിച്ചത് 430 പേർ. 159 പേരെ കാണാതായിട്ടുണ്ട്. 1500ലേറെ പേർക്കു പരുക്കേറ്റു. ഇരുപതിനായിരത്തോളം പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. തീരത്തു നിന്ന് രണ്ടു കിലോമീറ്ററോളം മേഖലയിൽ ആരെയും അനുവദിക്കാത്ത വിധം ‘എക്സ്ക്ലൂഷൻ സോൺ’ ആയി പ്രഖ്യാപിച്ചു. 

INDONESIA-DISASTER-TSUNAMI-VOLCANO സെബെസി ദ്വീപിൽ നിന്നു രക്ഷിച്ചവരെ ഫെറിയിൽ സുരക്ഷിത സ്ഥാനത്തെത്തിച്ചപ്പോൾ.

അതിനിടെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു കനത്ത മഴയും തുടരുകയാണ്. ഒറ്റപ്പെട്ട ഒട്ടേറെ ദ്വീപുകളിൽ ഇപ്പോഴും ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവർക്കാവശ്യമായ കുടിവെള്ളവും മറ്റുമായി ഹെലികോപ്ടറുകൾ തയാറാണെങ്കിലും കനത്ത മഴയും അഗ്നിപർവതത്തിലെ പുകയും ചാരവും കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്ന് ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് ഡ്രോണുകൾ അയച്ചാണു തിരച്ചിൽ. കെട്ടിടാവശിഷ്ടങ്ങളും ചെളിക്കൂനകളും മാറ്റിയും കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മണംപിടിക്കാൻ കഴിവുള്ള നായ്ക്കളെ ഉപയോഗിച്ചാണു തിരച്ചിൽ. 

INDONESIA-DISASTER-TSUNAMI-VOLCANO സൂനാമിയിൽ തകർന്ന റിസോർട്ടും പരിസരവും.

അനക് ക്രാക്കട്ടോവ സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ നിലവിലെ അവസ്ഥ എന്താണെന്നു പോലും അറിയാനാകുന്നില്ല, അത്രയേറെയാണു പുകയും ചാരവും. ജാവയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. മത്സ്യബന്ധന മേഖലയായ ഇവിടെ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകളിൽ ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. വാഹനങ്ങൾ തകർന്നുകിടക്കുന്നു, മരങ്ങൾ കടപുഴകി. റോഡുകളിലും വയലുകളിലുമെല്ലാം വീട്ടുപകരണങ്ങളും ലോഹവസ്തുക്കളും മരത്തടികളും ചിതറിക്കിടക്കുകയാണ്. ഇവിടെയാണ് മഴ ഏറ്റവും രൂക്ഷവും!

രാജ്യത്ത് ഒട്ടേറെ പേർ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുകയാണ്. വീടിന്റെ തറ പോലും ഇല്ലാത്ത വിധം കടലെടുക്കപ്പെട്ടവരും ഉണ്ട്. ആശുപത്രികളും ഷെൽട്ടറുകളും തിങ്ങിനിറഞ്ഞതോടെ പലരും പൊതുസ്ഥലങ്ങളിലേക്കു മാറിയിരുന്നു. എന്നാൽ മഴ വന്നതോടെ അവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കെത്തി. ഇതോടെ വെള്ളത്തിനും ക്ഷാമമായി. അതീവ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണു വരുംനാളുകളിൽ കാത്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

രക്ഷാസംഘത്തിന് എത്തിച്ചേരാനാകാത്ത പലയിടത്തും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതും ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. അഗ്നിപർവതത്തിനു സമീപത്തെ സുൺഡ കടലിടുക്കിലെ പല ചെറുദ്വീപുകളിലും ഇപ്പോഴും ഒട്ടേറെ പേർ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഹെലികോപ്ടറിലോ ബോട്ടുകളിലോ രക്ഷിക്കാനാണു ശ്രമം. അതിനിടെയാണു അഗ്നിപർവതമിരിക്കുന്ന ദ്വീപുപ്രദേശം വീണ്ടും ഇടിഞ്ഞു താഴാനും സൂനാമിയുണ്ടാകാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. ഇതോടെ രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിരിക്കുകയാണ്. 

ഒരു ദശാബ്ദക്കാലത്തിനിടെ ഇന്തൊനീഷ്യയിലുണ്ടായ ഏറ്റവും ശക്തമായ പ്രകൃതി ദുരന്തമാണ് അനക് ക്രാക്കട്ടോവയിലേത്. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സൂനാമി 14 രാജ്യങ്ങളിലാണ് ആഞ്ഞടിച്ചത്. അന്നു കൊല്ലപ്പെട്ടത് 2.26 ലക്ഷം പേർ, അവരിൽ 1.2 ലക്ഷം പേർ ഇന്തൊനീഷ്യയിൽ നിന്നായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ അഗ്നിപർവത സ്ഫോടനങ്ങളിലൊന്ന് 1883ലായിരുന്നു.

Indonesia-Anak-Krakatau-Tsunami-Volcano അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചപ്പോൾ (വിഡിയോ ദൃശ്യങ്ങളിൽ നിന്ന്)

അന്ന് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചുണ്ടായ സൂനാമിയിൽ മരിച്ചത് 36,000 പേർ. പർവതം പുറന്തള്ളിയ ചാരവും പുകയും അന്തരീക്ഷത്തിൽ കെട്ടിനിന്ന് ആഗോള താപനില ഒരു ഡിഗ്രി സെൽഷ്യസാണ് അന്നു കുറഞ്ഞത്. ഈ മേഖലയിൽത്തന്നെ 1927ൽ ഉയർന്നു വന്നതാണ് അനക്. ‘ക്രാക്കട്ടോവയുടെ കുട്ടി’ എന്നാണർഥം. അന്നു മുതൽ ഈ ദ്വീപുപ്രദേശം വളർന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ അനക് സജീവമായതിന്റെ സൂചനകളും നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു ശനിയാഴ്ചയിലെ പൊട്ടിത്തെറി.