Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവുമായി ട്രംപ്; ‘ലോകപൊലീസ്’ വേഷം ഒഴിവാക്കുമെന്ന സൂചനയും

us-president-at-iraq ഇറാഖിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സൈനികർക്കൊപ്പം.

ബഗ്ദാദ് ∙ ക്രിസ്മസ് വേളയിൽ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് പദവിയിൽ രണ്ടു വർഷം പിന്നിടുമ്പോഴാണ് ഇതാദ്യമായി യുദ്ധമുന്നണിയിലെ സൈനികരുമായി ട്രംപ് സമയം ചെലവഴിച്ചത്.

ക്രിസ്മസ് ദിനത്തിൽ വാഷിങ്ടൺ ഡിസിയിൽ നിന്ന് പ്രഥമ വനിത മെലാനിയയുമായി ഇറാഖിലേക്കു തിരിച്ച ട്രംപ് ക്രിസ്മസ് പിറ്റേന്നായ ബോക്സിങ് ഡേയിലാണ് ഇറാഖിലെ യുഎസ് സൈനികർക്കൊപ്പം സമയം ചെലവഴിച്ചത്.  അതീവരഹസ്യമായി പദ്ധതിയിട്ട യാത്രയ്ക്കു ശേഷമാണ് ട്രംപ് ഇറാഖിലെത്തിയത്.

ഇറാഖിൽ സേവനമനുഷ്ഠിക്കുന്ന യുഎസ് സേനാ സംഘത്തിലെ നൂറോളം അംഗങ്ങളുമായി സംസാരിച്ച ട്രംപ് അവിടുത്തെ യുഎസ് സേനാ നേതൃത്വവുമായും മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനിടെ ആശയവിനിമയം നടത്തി. സൈനികർക്കൊപ്പം ചിത്രങ്ങൾ പകർത്തിയും ഓട്ടോഗ്രാഫുകൾ നൽകിയുമാണ് മെലാനിയയും ട്രംപും സമയം ചെലവഴിച്ചത്. 

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു ശേഷം ലോകത്തെ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് സൈനികർക്ക് ആത്മധൈര്യം പകരാൻ അവർക്കൊപ്പമെത്താൻ മുൻ യുഎസ് പ്രസിഡന്റുമാർ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ടെങ്കിലും പദവിയിൽ രണ്ടുവർഷത്തോളമായിട്ടും ട്രംപ് അത്തരമൊരു നീക്കം നടത്താത്തത് ശ്രദ്ധേയമായിരുന്നു.

ഇറാഖിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ട്രംപ് സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായും സന്ദർശനത്തിനിടെ ആവർത്തിച്ചു. സിറിയയിൽ അമേരിക്കയെക്കാൾ ഇടപെടാൻ സാധിക്കുക അയൽരാജ്യങ്ങൾക്കാണ്. സിറിയയിൽ സ്ഥിരമായി തുടരാൻ യുഎസിന് തുടക്കത്തിൽ തന്നെ പദ്ധതിയുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിലെ യുഎസ് സേനാ സാന്നിധ്യം കുറയ്ക്കാനും സിറിയയിൽ നിന്ന് പിൻവാങ്ങാനുമുള്ള ട്രംപിന്റെ തീരുമാനങ്ങൾ നാട്ടിലും വിദേശത്തും സമ്മിശ്രപ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. വിഖ്യാതമായ ‘ലോകപൊലീസ്’ വേഷം യുഎസ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്നതിന്റ ശക്തമായ സൂചനകളും ഇറാഖ് സന്ദർശനത്തിൽ ട്രംപ് നൽകി.

ബഹുരാഷ്ട്ര സഖ്യങ്ങളിൽ നിന്ന് മാറി ‘പ്രഥമപരിഗണന അമേരിക്കയ്ക്ക്’ എന്ന തന്റെ പ്രഖ്യാപിതനയത്തിലേക്കു മടങ്ങുന്നുവെന്ന സൂചനയാണ് പശ്ചിമേഷ്യയിലെ ‘തീരായുദ്ധങ്ങളിൽ’ നിന്നും പിന്മാറുമെന്നത് ഉറപ്പിച്ച് ഇറാഖിലെ സൈനിക കേന്ദ്രത്തിൽ നടത്തിയ സംവാദത്തിൽ ട്രംപ് നൽകിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

‘‘എല്ലാ ഭാരവും ഞങ്ങളിൽ മാത്രമാകുന്നത് ശരിയല്ല. അവരവരുടെ രാജ്യങ്ങളുടെ സുരക്ഷയ്ക്കും മറ്റുമായി നമ്മുടെ സേനയെ മറ്റു രാജ്യങ്ങൾ നേട്ടമാക്കുന്നത് ആശ്വാസ്യമല്ല. അതിനായി ഈ രാജ്യങ്ങൾ ഒന്നും ചെലവഴിക്കുന്നുമില്ല. – ട്രംപ് പറഞ്ഞു. ലോകമാകമാനം നമ്മളുണ്ട്. പല ജനങ്ങളും കേട്ടിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും എന്നതാണ് സ്ഥിതിയെന്ന് തമാശയെന്നോണം ട്രംപ് കൂട്ടിച്ചേർത്തു.

മറ്റു വിദേശസൈനികർക്കൊപ്പം സിറിയയിൽ ഐഎസ്ഐഎസ് ജിഹാദികൾക്കെതിരെ പോരാടുന്ന യുഎസ് സൈനിക നേതൃത്വത്തോട് അതിനായി അനുവദിച്ച സമയം അതിക്രമിച്ചെന്നു താൻ വ്യക്തമാക്കിയെന്നും ട്രംപ് പറഞ്ഞു. ഇനിയുമേറെ സമയം നൽകാനാവില്ല. ഇപ്പോൾ തന്നെ സമയം ഏറെയായി. സിറിയയിലെ യുഎസ് സൈനിക നേതൃത്വത്തോട് താൻ ഇങ്ങനെ വ്യക്തമാക്കിയെന്ന് ട്രംപ് ആവർത്തിച്ചു. ഉദ്ദേശം രണ്ടായിരം യുഎസ് സൈനികരാണ് സിറിയയിലെ ഭീകരവിരുദ്ധ സഖ്യമുന്നണിയിലുള്ളത്. 

ഇറാഖിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷയ്ക്കായി എയർഫോഴ്സ് വൺ വിമാനത്തിലെ എല്ലാ ജാലകങ്ങളും അടച്ചതും ലൈറ്റുകൾ ഓഫാക്കിയതും ഓർമിച്ച ട്രംപ്, പലതരം വിമാനങ്ങളിൽ യാത്ര ചെയ്തെങ്കിലും ഇത് തനിക്ക് ഒരു പുതിയ അനുഭവമായിരുന്നെന്ന് യാത്ര സംബന്ധിച്ച ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ചെറുക്കുന്നതു സഹായിക്കാൻ അയ്യായിരം സൈനികരാണ് ഇറാഖിലുള്ളത്. ഇറാഖ് പ്രധാനമന്ത്രി അദേൽ അബ്ദുൽ മെഹ്ദിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം ഒഴിവാക്കിയ ട്രംപ് മെഹ്ദിയുമായുളള സംഭാഷണം ഫോണിൽ ഒതുക്കിയതും ശ്രദ്ധേയമായി.

അതേസമയം, ബഗ്ദാദിലെ യുഎസ് സേനാ താവളത്തിലെത്തിയ ട്രംപ് ഇറാഖിലെ രാഷ്ട്രീയ സൈനിക നേതൃത്വത്തെ ഒഴിവാക്കിയത് എതിർത്ത് ഇറാഖിലെ ചില രാഷ്ട്രീയ കേന്ദ്രങ്ങൾ രംഗത്തുവന്നു. ഇറാഖിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ വരവെന്ന് ഇസ്‌ലാഹ് പാർലമെന്ററി വിഭാഗം നേതാവ് സബാ അൽ സാദി കുറ്റപ്പെടുത്തി.

സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ അന്ത്യം മുതൽ തന്നെ പ്രകടമായി യുഎസ് വിരുദ്ധ നിലപാട് കൈക്കൊളളുന്ന വിഭാഗമാണ് ഇസ്‌ലാഹ്. ട്രംപിന്റെ ഇറാഖ് സന്ദർശനത്തിൽ ഇറാഖ് പാർലമെന്റിലെ ഇറാൻ പിന്തുണയുള്ള ബിനാ വിഭാഗവും എതിർപ്പു രേഖപ്പെടുത്തി.

നയതന്ത്രരീതികൾക്ക് എതിരായ നിലപാടാണ് ട്രംപ് പുലർത്തിയതെന്നും ഇറാഖ് സർക്കാരിനെ ട്രംപ് വകവയ്ക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ ബിനാ നേതൃത്വം ആരോപിച്ചു. മടക്കയാത്രയ്ക്കിടെ ജർമനിയിലെ റാംസ്റ്റൈൻ വ്യോമത്താവളത്തിലെ യുഎസ് സൈനികരെയും ട്രംപ് സന്ദർശിച്ചു.