Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ കുഞ്ഞ്‌ അമ്മയുടെ മടിയില്‍ മരിച്ചു

mariyam-death2 മറിയം ശ്രീചിത്രയില്‍ ചികില്‍സയിലായിരുന്നപ്പോള്‍ പകര്‍ത്തിയ ചിത്രം.

മലപ്പുറം ∙ ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും ട്രെയിനിൽ മാതാവിന്റെ മടിയിൽ കിടന്നു മരിച്ചു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ‌ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറ‍ഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം– തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ– സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. 

കണ്ണൂരിൽനിന്നു കയറി, കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളർന്നുപോവുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്തു യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുന്‍പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോൾ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ തിരുവനന്തപുരത്തേക്കു കൊണ്ടുവരാൻ പറയുകയായിരുന്നു.  ഇന്നലെ രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും ജനറൽ ടിക്കറ്റാണു ലഭിച്ചത്. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാൽ സ്ലീപ്പർ കോച്ചിൽ കയറി. 

എന്നാൽ, ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇറക്കിവിടുകയായിരുന്നെന്നു പറയുന്നു. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്ട്മെന്റിലും ഷമീർ ജനറൽ കംപാർട്ട്മെന്റിലും കയറി. കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികർ കുറ്റിപ്പുറത്തിനടുത്തു ചങ്ങല വലിച്ചുനിർത്തുകയായിരുന്നു.

ആർപിഎഫ് അംഗങ്ങൾ ജനറൽ കംപാർട്ട്മെന്റിലെത്തി ഷമീറിനെ അന്വേഷിക്കുമ്പോഴാണ് ഷമീർ വിവരം അറിയുന്നത്. തുടർന്ന് ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. 

related stories