Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിമിഷങ്ങൾക്കകം ശത്രുകേന്ദ്രം തകർക്കും; ‘അദൃശ്യം’ പുടിന്റെ ഈ മിന്നൽവേഗ വജ്രായുധം

Russia-Avangard അവാങ്കാർഡ് സംവിധാനം റഷ്യ പരീക്ഷിച്ചപ്പോൾ (വിഡിയോ ദൃശ്യം)

മോസ്കോ∙ ആണവായുധവും വഹിച്ച്, ശത്രുക്കളുടെ കണ്ണുവെട്ടിച്ച് അതിവേഗം പാഞ്ഞു ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ള ഗ്ലൈഡറിന്റെ അവസാനഘട്ടവും വിജയകരമായി പരീക്ഷിച്ച് റഷ്യ. ‘അവങ്കാർഡ്’ എന്നു പേരിട്ട ഗ്ലൈഡർ സംവിധാനത്തിനു ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സാക്ഷ്യം വഹിച്ചിരുന്നു. അടുത്ത വർഷം മുതൽ അവങ്കാർഡ് ഔദ്യോഗികമായി റഷ്യയുടെ ആയുധശേഖരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കു പടിഞ്ഞാറൻ റഷ്യയിൽ നടന്ന അവസാനഘട്ട വിക്ഷേപണത്തിൽ 3500 മൈലുകള്‍ക്ക് അപ്പുറത്തുള്ള കംചട്ക ഉപദ്വീപിനെയാണ് ലക്ഷ്യം വച്ചത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു അവങ്കാർഡിന്റെ ലോഞ്ചിങ്. ആകാശത്തെത്തിയ ശേഷം ആണവായുധമേന്തിയ ഗ്ലൈഡർ റോക്കറ്റിൽ നിന്നു വിട്ടുമാറി. ഇതാണു ഭൂമിയിലേക്ക് ഹൈപ്പർസോണിക് വേഗത്തിൽ സഞ്ചരിക്കുക. ഒരു നിരീക്ഷണ സംവിധാനത്തിന്റെയും കണ്ണിൽപ്പെടാതെ ദിശ മാറി വളഞ്ഞുപുളഞ്ഞായിരിക്കും യാത്ര. മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും കബളിപ്പിച്ചു മുന്നേറാനുള്ള ശേഷിയുമുണ്ട്. വരുംനാളുകളിൽ ഇതു കൂടുതൽ കാര്യക്ഷമമാക്കുമെന്നും പുടിൻ പറയുന്നു. 

പരമ്പരാഗതമായുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നേരത്തേ തീരുമാനിച്ച പാതയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. അതിനാൽത്തന്നെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു തിരിച്ചറിഞ്ഞു വെടിവച്ചിടാൻ ഏറെ എളുപ്പമാണ്. എന്നാൽ മിസൈലിനെ യാത്രയ്ക്കിടെ ദിശമാറ്റി വിടാൻ ഉൾപ്പെടെ ശേഷിയുള്ള ‘ഗ്ലൈഡിങ്’ സംവിധാനമാണ് ഇപ്പോൾ റഷ്യ സ്വന്തമാക്കിയിരിക്കുന്നത്.

ആയുധങ്ങൾ വിക്ഷേപിച്ചതിനു ശേഷം വാഹനം ഭൂമിയിലേക്കു തന്നെ തിരികെയെത്തുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ലക്ഷ്യവും അവാങ്കാർഡിന് അരമണിക്കൂറിനകം തകർക്കാനാകുമെന്നാണു റഷ്യയുടെ അവകാശ വാദം. അതാണ് യുഎസ്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഭയപ്പെടുത്തുന്നതും. 

Russia Avangard മിസൈൽ സഞ്ചാര രീതി (വിഡിയോ ദൃശ്യത്തിൽ നിന്ന്)

‘ഇത് അദ്ഭുതകരമാണ്. രാജ്യത്തിനായുള്ള യഥാർഥ ന്യൂ ഇയർ സമ്മാനം’–പുടിൻ പ്രതികരിച്ചു. സമാനമായ ഹൈപ്പർസോണിക് ആയുധം വികസിപ്പിക്കുന്നതിന് യുഎസും ചൈനയും ശ്രമം നടത്തുന്നുണ്ട്. നിലവിൽ വിമാനത്തിൽ നിന്ന് ഇത്തരം ആയുധങ്ങൾ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട് യുഎസിന്. എന്നാൽ ആയുധകിട മൽസരത്തിൽ യുഎസിനുള്ള ശക്തമായ മറുപടി കൂടിയാണ് റഷ്യയുടെ ‘വജ്രായുധം’.

റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി യുഎസിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ആയുധ നിർമാണത്തിലെ മെല്ലെപ്പോക്കിനെത്തുടർന്ന് യുഎസ് ഉദ്യോഗസ്ഥർക്കു വൻ വിമർശനമാണു നേരിടേണ്ടിവന്നത്. അതിനു പുറമേ അടുത്ത കാലത്ത് ഇത്തരം ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിഹിതവും യുഎസ് കൂട്ടിയിട്ടുണ്ട്. 

ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ‘അണ്ടർ വാട്ടർ ഡ്രോണും’ റഷ്യ പരീക്ഷിച്ചിരുന്നു. യുഎസിലെ മാൻഹട്ടൻ പോലുള്ള ഒരു തീരപ്രദേശത്തെ പൂർണമായും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഇതെന്നാണ് അവകാശവാദം. ഇക്കഴിഞ്ഞ മാർച്ചിൽ അവാങ്കാർ‌ഡിന്റെ ആദ്യ പരീക്ഷണത്തിനൊപ്പമായിരുന്നു ‘പൊസെയ്ഡൻ’ എന്ന ഈ ഡ്രോണും റഷ്യ പരീക്ഷിച്ചത്.