Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്സോ കർക്കശമാക്കും; 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പീ‍ഡിപ്പിച്ചാൽ വധശിക്ഷ

child-abuse-rape-sexual-assault പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം കൂടുതൽ കർക്കശമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിനായുള്ള നിയമഭേദഗതിക്ക് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികചൂഷണത്തിനു വിധേയരാക്കുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകുന്ന രീതിയിൽ ഭേദഗതി ചെയ്യാനാണ് തീരുമാനം. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 2012ലെ പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ടിൽ(പോക്സോ ആക്ട്) മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. 7 വകുപ്പുകളിലാണ് ഭേദഗതി. ലൈംഗിക പീഡനത്തിന്‍റെ നിര്‍വചനം കൂടുതല്‍ കൃത്യവും വ്യാപ്തിയുള്ളതുമാക്കും. ഇരകളാകുന്നത് 18 വയസിന് താഴെയുള്ളവരെങ്കില്‍ പോക്സോ നിയമം നിര്‍ബന്ധമായും ബാധകം. കുട്ടികളുടെ പുനരധിവാസം, കൗണ്‍സിലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളുണ്ടാകും.

പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷസാഹചര്യങ്ങളും ചൂഷണം ചെയ്ത് നടക്കുന്ന പീ‍‍ഡനങ്ങള്‍ തടയാനും പ്രത്യേക വ്യവസ്ഥകളുണ്ടാകും. കുട്ടികളുടെ അശ്ലീല വിഡിയോ ചിത്രീകരിക്കുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നിവയും കടുത്ത കുറ്റം. പ്രായത്തില്‍ കവിഞ്ഞ ലൈംഗിക വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണുകളോ, രാസപദാര്‍ഥങ്ങളോ നല്‍കുന്നതിനും കര്‍ശനശിക്ഷ നൽകുന്ന വകുപ്പുകളും ദേഭഗതിയിൽ ഉൾപ്പെടുത്തും.