Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേഹത്ത് തട്ടിയത് ഇഷ്ടപ്പെട്ടില്ല, കാലില്‍ തൂക്കി വലിച്ചെറിഞ്ഞു; നിജ എന്ന ക്രൂരകൊലപാതകി

chirayinkeezhu-murder ചിറയിൻകീഴ് കൊലപാതക കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുക്കുന്നു.

തിരുവനന്തപുരം ∙ ഡിസംബര്‍ 21. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു സമീപത്തെ ബാറിനു മുന്നിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാരാണു ചിറയിന്‍കീഴ് പൊലീസിനെ പുലര്‍ച്ചെ വിവരം അറിയിച്ചത്. ചിറയിൻകീഴ് ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനു (50) ആണു മരിച്ചതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടയാളുടെ ശരീരത്തിലും മരിച്ചു കിടന്ന സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണോയെന്ന സംശയം പൊലീസിനുണ്ടായി.

പൊലീസും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ, ബിനുവിനു കടുത്ത രീതിയിൽ പൈൽസിന്റെ അസുഖം ഉണ്ടായിരുന്നതായും അതു പൊട്ടി ഉണ്ടായ ചോരക്കറ ആണെന്നും കണ്ടെത്തി. മെഡിക്കൽ കോളജിൽ പോസ്റ്റുമോര്‍ട്ടം നടത്തി ഫലം വന്നതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം ആയിരുന്നു മരണ കാരണം. തലേന്നു രാത്രി ബിനുവിനെ മദ്യപിച്ച നിലയിൽ പരിസരത്തെ വ്യാപാരികളും നാട്ടുകാരും കണ്ടിരുന്നു. ആരെങ്കിലും ആക്രമിച്ചതോ, വീണു പരുക്കേറ്റതോ?

റൂറൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ കടകളിലും നാട്ടുകാര്‍ക്കിടയിലും അന്വേഷണം നടത്തി. സ്ഥലവാസിയല്ലാത്ത, ഷര്‍ട്ടിടാത്ത ഒരാൾ ബിനുവിനെ അസഭ്യം പറയുന്നത് അതുവഴി പോയ പ്രദേശവാസി ശ്രദ്ധിച്ചിരുന്നു. അയാള്‍ വിവരം ഷാഡോ സംഘത്തെ അറിയിച്ചു. നിർണായകമായ ഈ വിവരം ലഭിച്ചതോടെ ബാറിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ബാറിലെ ക്യാമറയില്‍നിന്ന് ഷര്‍ട്ടിടാത്ത, തോളില്‍ തോര്‍ത്ത് ചുറ്റിയ ഒരാളുടെ ദൃശ്യം പൊലീസിനു ലഭിച്ചു. മുഖം വ്യക്തമല്ല.

സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് അവിടെ താമസിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതായി മനസിലായത്. ലോഡ്ജിലെ റജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസമാണ് അയാള്‍ കൊടുത്തിരുന്നത്. ആകെയുള്ളത് കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രം. നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും തെറ്റ്. റജിസ്റ്ററില്‍ എഴുതിയ മൊബൈല്‍ നമ്പരിലെ അക്കങ്ങള്‍ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു.

നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. പൊലീസ് ആ ഫോണിന്റെ കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ചു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മൻസിലിൽ നിജയെ (42 ) ചിറയിൻകീഴ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ സംഘം അറസ്റ്റു ചെയ്തു. ബാറില്‍നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്. അന്വേഷണത്തില്‍ രണ്ടു വർഷം മുന്‍പും പ്രതി സമാനമായ രീതിയിൽ കുറ്റം ചെയ്തിട്ടുള്ളതായി പൊലീസിനു മനസിലായി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെയാണ് നിജ കൊലപ്പെടുത്തിയത്. ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപത്തെ ഓടയില്‍നിന്നാണു നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയും റോഡുമായി ദൂരമുണ്ട്. സാധാരണരീതിയില്‍ ഒരാള്‍ ഓടയില്‍ വീഴാന്‍ സാധ്യതയില്ല. സംശയംതോന്നിയ പൊലീസ് ബഷീറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു.

ഏറ്റവും കൂടുതല്‍ തവണ വിളിച്ച നമ്പറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് നിജയിലാണ്. ബഷീറും നിജയും തമ്മില്‍ സാമ്പത്തിക വിഷയത്തിൽ തര്‍ക്കമുണ്ടായിരുന്നു. ബഷീറിനെ നിജ കാറിൽ കയറ്റി കൊണ്ടു പോയി മർദിച്ചു. മർദനത്തെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി മരിച്ച ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപം ഓടയിൽ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. അന്നു തമിഴ്നാട്ടില്‍നിന്നാണ് ഷാഡോ സംഘം നിജയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഈ കേസ് നിലവിലുണ്ട്. കൂടാതെ കന്റോൺമെന്റ് സ്റ്റേഷനിലും പ്രതിക്കെതിരെ മോഷണകുറ്റത്തിനു കേസുണ്ട്.

തിരുവനന്തപുരം റൂറൽ എസ്പി: പി.അശോക് കുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി: പി.അനിൽകുമാർ, ചിറയിൻകീഴ് സബ്  ഇൻസ്പെക്ടർ എസ്.നിയാസ്, ഷാഡോ എസ്ഐ: സിജു.കെ.എൽ.നായർ, എഎസ്ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.