Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ട്രോളുകൾ ‘പഠിക്കാൻ’ മൈക്രോസോഫ്റ്റും; കേരള പൊലീസ് എഫ്ബി പേജ് വീണ്ടും ‘ഹിറ്റ്’

Kerala-Police-Microsoft

തിരുവനന്തപുരം∙ കേരള പൊലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ  എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചും വിലയിരുത്തുന്ന ഗവേഷണത്തില്‍  ഇന്ത്യയിൽ നിന്നു കേരള പൊലീസിനെയാണു തിരഞ്ഞെടുത്തത്. നവമാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഫെയ്സ്ബുക് പേജില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസിനെ ഇതിനായി തിരഞ്ഞെടുത്തത്.

സര്‍ക്കാര്‍ സംവിധാനത്തിന്റെ  പരമ്പരാഗത രീതികളില്‍ നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിനു കേരള പൊലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്. മൈക്രോസോഫ്റ്റ്  ബെംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ  കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി  സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. 

പൊലീസ് സേനകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്  ന്യൂയോര്‍ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരിന്നു.  പുതുവത്സരത്തില്‍ 10 ലക്ഷം പേജ് ലൈക്  എന്ന ലക്ഷ്യത്തിനായി  പൊതുജനസഹായം  തേടിയ കേരള പൊലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളില്‍  ലഭിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഈ പേജിലെ കമന്റുകള്‍ക്കുള്ള മറുപടികളും വൈറലാണ്.