Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റ വെസ്റ്റ്ലാൻഡ്: മിഷേലിന്റെ മൊഴിയിൽ സോണിയ ഗാന്ധിയുടെ പേരുമെന്ന് ഇഡി

Sonia-Gandhi-2 സോണിയ ഗാന്ധി

ന്യൂഡൽ‌ഹി∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടു കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ മൊഴിയിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും. എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് (ഇ‍ഡി) ഡൽഹി പട്യാല കോടതിയെ അറിയിച്ചതാണ് ഈ കാര്യം. മിഷേലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇഡിയുടെ വെളിപ്പെടുത്തൽ. എന്നാൽ സോണിയയുടെ പേരു പറഞ്ഞ സാഹചര്യം വ്യക്തമാക്കിയില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരും പരാമർശിച്ചതായി സൂചനകളുണ്ട്.

എന്നാൽ ഹെലികോപ്റ്റർ ഇടപാടു കേസിൽ, മിഷേൽ ഒരു കുടുംബത്തിന്റെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിനു മേൽ ബിജെപിയുടെ സമ്മർദമുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ തിരക്കഥ അനുസരിച്ചാണ് മിഷേൽ സോണിയ ഗാന്ധിയുടെ പേരു പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് ആർപി സിങ് പറഞ്ഞു.

അതേസമയം, മിഷേലിന്റെ കസ്റ്റഡി ഏഴു ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. അഭിഭാഷകനെ കാണുന്നതിൽനിന്നു മിഷേലിനെ വിലക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. പകരം, അഭിഭാഷകനെ കാണാനുള്ള സമയം ദിവസവും രാവിലെയും വൈകുന്നേരവും 15 മിനിറ്റായി ചുരുക്കി.