Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ താല്‍പര്യക്കുറവ്: നിലപാടിന് അംഗീകാരമില്ല; കടകംപള്ളിക്കെതിരെ സിപിഎം

Kadakampally-Surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീര്‍ഥാടനകാലം കഴിയുന്നതുവരെ സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍പാടില്ലെന്നായിരുന്നു ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രസ്താവന. സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാലാണു ശബരിമലയില്‍ സ്ത്രീകള്‍ കയറാത്തതെന്നായിരുന്നു ദേവസ്വംമന്ത്രി പത്രസമ്മേളനത്തിനിടെ പറഞ്ഞത്.

‘ബോര്‍ഡ് പ്രസിഡന്റിനും മന്ത്രിക്കും കാര്യങ്ങള്‍ മനസിലാകും എന്നാണു പ്രതീക്ഷിക്കുന്നത്. ഇരുവരുടെയും നിലപാട് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ട അഭിപ്രായ പ്രകടനമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ട അഭിപ്രായമായി പാര്‍ട്ടി അതു പരിഗണിക്കുന്നില്ല. പാര്‍ട്ടി അത് അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ വരാന്‍ പാടില്ല എന്ന് ആരും പറയാന്‍ പാടില്ല - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തിൽ കടകംപള്ളിയോട് വിശദീകരണം തേടി. ഇക്കാര്യത്തിൽ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്ന കടകംപള്ളിയുടെ മറുപടി പരിശോധിക്കും. ഏതു സ്ത്രീക്കും ശബരിമലയില്‍ ദര്‍ശനം നടത്താം. അതിനു സൗകര്യം ചെയ്യലാണു ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം. അതിനു വിരുദ്ധമായി നിലപാടെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. സുപ്രീംകോടതി വിധിക്ക് അനുസരിച്ചേ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ കഴിയൂ. സ്ത്രീകള്‍ ശബരിമലയില്‍ വരരുത് എന്ന നിലപാടെടുക്കാന്‍ ബോര്‍ഡിനും സര്‍ക്കാരിനും കഴിയില്ല. വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പരമാവധി ഇടപെട്ടു.

സംഘര്‍ഷമുണ്ടാകുമ്പോള്‍ വെടിവയ്പ്പ് നടത്തി സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നിലപാട് സ്ത്രീക്ക് സംരക്ഷണം കൊടുക്കുക എന്നതാണ്. സ്ത്രീകളെ എടുത്തുകൊണ്ടുപോയി പ്രവേശിപ്പിക്കാന്‍ കഴിയില്ല. സിപിഎമ്മോ സര്‍ക്കാരോ ഇതൊരു വാശിയായി എടുത്തിട്ടില്ല. സിപിഎം വിചാരിച്ചിരുന്നെങ്കില്‍ കുറേ സ്ത്രീകളെ എല്ലാ ദിവസവും എല്ലാ വിഷമവും സഹിച്ച് അവിടെ കയറ്റാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ഒരു നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും. ആരെയും കൊണ്ടുപോകാന്‍ ശ്രമിക്കില്ല. അതിനു വിരുദ്ധമായ നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ല- - കോടിയേരി പറഞ്ഞു.