Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരുദ്ധ നിലപാടില്ല; ചൂണ്ടിക്കാട്ടിയത് സ്ത്രീകളുടെ പരിമിതി: വിശദീകരിച്ച് മന്ത്രി

kadakampally-surendran

തിരുവനന്തപുരം∙ ശബരിമല വിധിയിൽ തന്‍റെ നിലപാടിനു വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണു ചൂണ്ടിക്കാണിച്ചത്. വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. സര്‍ക്കാര്‍ വിരുദ്ധ നിലപാടില്ലന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. പാര്‍ട്ടിക്കു വിശദീകരണം നല്‍കിയെന്നു സ്ഥിരീകരിച്ച കടകംപള്ളി, തനിക്കു പിശകുപറ്റിയാല്‍ പാര്‍ട്ടി തിരുത്തുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാറിന്റെ പ്രതികരണം.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് സിപിഎം തള്ളിയിരുന്നു. ശബരിമലയില്‍ യുവതികള്‍ വരരുതെന്ന കടകംപള്ളിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി രംഗത്തെത്തിയത്. സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണു ചൂണ്ടിക്കാട്ടിയതെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം.

മകരവിളക്ക് മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയിലേക്കു വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ എ. പത്മകുമാറിന്റെയും നിലപാടുകളാണ് സിപിഎമ്മിനെ ചൊടുപ്പിച്ചത്. യുവതീപ്രവേശം വാശിയായി എടുക്കുന്നില്ലെങ്കിലും താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്കു സംരക്ഷണം നല്‍കണമെന്നാണു പാര്‍ട്ടി നിലപാട്. ഇരുവരുടെയും പ്രസ്താവനകളോടു രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.