Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ വരേണ്ടെന്നു പറയാൻ ഒരു മന്ത്രിക്കും കഴിയില്ല: കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി

kadakampally-pinarayi മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്കു വരേണ്ടതില്ലെന്നു പറയാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ട്. ഏതെങ്കിലും സ്ത്രീയെ ശബരിമലയില്‍ കയറ്റുക, എതു മാര്‍ഗത്തിലൂടെയും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക എന്നതു സര്‍ക്കാരിന്റെ നിലപാടല്ല. സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

എതിര്‍പ്പ് മറികടന്നു പോകാന്‍ സ്ത്രീകള്‍ തയാറായാല്‍ എല്ലാ സംരക്ഷണവും നല്‍കും. അതാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാലാണു യുവതികള്‍ ശബരിമലയില്‍ കയറാത്തതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഏതു മന്ത്രിയും സര്‍ക്കാരിന്റെ നിലപാടേ പറയാന്‍ പാടുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു സംഘടനയ്ക്കും നടപടിയെടുക്കാന്‍ കഴിയില്ല. നവോത്ഥാന വിരുദ്ധരായി മാറാന്‍ സംഘടനകൾക്കു കഴിയില്ല. ആ സംഘടനയില്‍നിന്നുള്ളവരും വനിതാ മതിലില്‍ ഉണ്ടാകും. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നതു യുവതികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകള്‍ക്കു പുരുഷനു തുല്യമായ അരാധനയ്ക്ക് അവകാശം ഉണ്ടെന്നാണു കോടതി വിധി.

ശബരിമലയില്‍ പൊലീസിനു ചില പരിമിതികളുണ്ട്. അതാണു ചിലര്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ ബലപ്രയോഗത്തിന് പൊലീസ് ശ്രമിച്ചിട്ടില്ല. അതു വലിയ പ്രത്യാഘാതം ഉണ്ടാകും. ശബരിമലയിലെത്തിയ യുവതികളെ മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് പൊലീസ് ശ്രമിച്ചത്. പ്രതിഷേധമുണ്ടായപ്പോള്‍ സന്നിധാനത്തു പോകാതെ മടങ്ങാമെന്നു ഭക്തകളായ വനിതകള്‍ തീരുമാനമെടുക്കുകയായിരുന്നു.

പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച വന്നെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത് 13,311 വീടുകളാണ്. ഇതില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ സ്വന്തമായി വീടു നിര്‍മിക്കാന്‍ തയാറായ 8,881 കുടുംബങ്ങളുണ്ട്. ഇതില്‍ 6,546 പേര്‍ക്ക് ഒന്നാംഗഡു പണം കൈമാറി. ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു നല്‍കും. പൂര്‍ണമായി തകര്‍ന്ന 2,000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള വീടുകള്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.