Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയില്‍ തടവുപുള്ളിയുടെ ക്വട്ടേഷന്‍: വ്യവസായിയെ ജയിലിലെത്തിച്ച് വസ്തുവകകൾ എഴുതിവാങ്ങി

mohit-jaiswal മോഹിത് ജയ്സ്വാൾ. ചിത്രം: എഎൻഐ, ട്വിറ്റർ.

ലക്നൗ∙ ഉത്തർപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ജയിലിൽ പാർപ്പിച്ചു വസ്തുവകകൾ എഴുതിവാങ്ങിയെന്ന് ആരോപണം. സർക്കാർ സംവിധാനത്തിലെ വൻ പിഴവു ചൂണ്ടിക്കാട്ടുകയാണ് ലക്നൗവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ കൂടിയായ മോഹിത് ജയ്സ്വാൾ. ഏഴുപതോളം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപി അത്തിഖ് അഹമ്മദ്, ജയില്‍ അധികൃതരുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്ന് ജയ്‌സ്വാള്‍ ആരോപിച്ചു.

അത്തിഖ് അഹമ്മദിന്റെ കൂട്ടാളികള്‍ ഡിസംബര്‍ 26-ന് ജയ്‌സ്വാളിനെ തട്ടിക്കൊണ്ടുപോയി 316 കിലോമീറ്റർ അകലെയുള്ള ദേവ്റയിലെ ജയിൽ സമുച്ചയത്തില്‍ തടവിലാക്കുകയായിരുന്നു. വീടിനു വെളിയിൽനിന്നു സ്വന്തം എസ്‍‌യുവി അടക്കമാണ് ജയ്സ്വാളിനെ തട്ടിക്കൊണ്ടുപോയത്. ജയിലിനുള്ളിലെത്തിച്ച് അത്തിഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. അഹമ്മദും കൂടെയുള്ളവരും മർദ്ദിച്ചു. 40 കോടിയുടെ വസ്തുവകകൾ നിർബന്ധിപ്പിച്ച് എഴുതി വാങ്ങി. മർദിക്കാൻ അഹമ്മദിന്റെ മകനും കൂടി. ജയിൽ അധികൃതരുടെ പൂർണ അറിവോടെയാണ് ഇക്കാര്യങ്ങൾ നടന്നതെന്നും ജയ്സ്വാൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, അത്തിഖ് അഹമ്മദിനെ അതേദിവസം രാവിലെ 11ന് മോഹിത് ജയ്സ്വാൾ സന്ദർശിച്ചിരുന്നതായി ദേവ്റ ജയിൽ അധികൃതർ അറിയിച്ചു. ജയിൽ നിയമപ്രകാരമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ബാക്കി കാര്യങ്ങൾ അറിയില്ലെന്ന നിലപാടാണ് അധികൃതരുടേത്.

അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനു സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല. ചില ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി കണ്ടെത്തിയെന്ന് ദേവ്റ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാർ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകൽ മുതൽ കൊലപാതകം വരെ 70ൽ അധികം കേസുകളാണ് അഹമ്മദിന്റെ പേരിലുള്ളത്. കഴിഞ്ഞ വർഷമാണ് അല്ലഹാബാദ് ജയിലിൽനിന്ന് ദേവ്റയിലേക്ക് ഇയാളെ മാറ്റിയത്.