Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പുനർനിർമാണം: ഇഴഞ്ഞുനീങ്ങി നടപടികൾ; പ്രതീക്ഷയായി ‘കെയർ ഹോം’ പദ്ധതി

Kerala-Floods

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളുടെ സർക്കാർ സഹായത്തോടെയുള്ള പുനർനിർമാണം ഇഴയുന്നതു നടപടിക്രമങ്ങളുടെ ബാഹുല്യം മൂലം. പ്രളയക്കെടുതി ഏറ്റവും ബാധിച്ച ആലപ്പുഴ ജില്ലയിൽ വീടുകളുടെ നാശനഷ്ടത്തെക്കുറിച്ചുള്ള അന്തിമ കണക്ക് ഇപ്പോഴും തയാറായിട്ടില്ല. കൊല്ലം ജില്ലയിൽ, പൂർണമായി തകർന്ന 7 വീടുകൾ പുറമ്പോക്കിലായതിനാൽ സഹായം ലഭിച്ചിട്ടില്ല. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടാൽ സ്ഥലത്തിന് 6 ലക്ഷം രൂപയും വീടിനു 4 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. കോട്ടയം ജില്ലയിൽ 3 പേർക്ക് ഇങ്ങനെ സഹായം അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി തുക നൽകിയിട്ടില്ല.

ഉരുൾപൊട്ടൽ നാശമുണ്ടാക്കിയ ഇടുക്കിയിൽ സ്ഥലം നഷ്ടപ്പെട്ടവർക്കു സഹായം ലഭിച്ചിട്ടില്ല. പാലക്കാട് ജില്ലയിലും ഉരുൾപൊട്ടലിൽ ഭൂമി നഷ്ടപ്പെട്ടവർക്കും സ്ഥലം ഇല്ലാത്ത ഭവനരഹിതർക്കും വീടു വയ്ക്കാൻ ഭൂമി കണ്ടെത്തിയിട്ടില്ല. 730 വീടുകൾ തകർന്ന വയനാട് ജില്ലയിൽ സർക്കാർ പുനർനിർമിക്കുന്നവയുടെ പണികളൊന്നും തുടങ്ങിയിട്ടില്ല. അതേസമയം, സന്നദ്ധ സംഘങ്ങൾ ഏറ്റെടുത്ത വീടുകളിൽ കുറെ പൂർത്തിയാക്കിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 16 കുടുംബങ്ങളിൽ 13 പേർക്കും പുതിയ സ്ഥലം കണ്ടെത്തി.

വീടു നഷ്ടപ്പെട്ടവർക്കു സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയാണു കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നത്. 5 ലക്ഷം രൂപ വീതമാണു സഹായം. എറണാകുളം ജില്ലയിൽ 337 പേർക്കും കൊല്ലം ജില്ലയിൽ 40 പേർക്കും ഈ പദ്ധതി പ്രകാരമാണു വീടുനിർമാണം. കാസർകോട് ജില്ലയിലും 7 വീടുകൾ നിർമിക്കുന്നു. ഇവ പ്രളയം മൂലം തകർന്നതല്ല, ആ സമയത്തു തകർന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. സംസ്ഥാനമാകെ 2000 വീടുകളാണു കെയർ ഹോം പദ്ധതി വഴി നിർമിക്കുന്നത്.

പല വിഭാഗങ്ങളായി തിരിച്ച് സഹായം

വീടുകളുടെ കേടുപാടുകൾ ശതമാനക്കണക്കിൽ വിലയിരുത്തിയാണു സഹായം തീരുമാനിക്കുന്നത്. 75 ശതമാനത്തിലേറെ നാശനഷ്ടം സംഭവിച്ച വീടുകളെയാണു പൂർണമായി തകർന്നതായി കണക്കാക്കുന്നത്. 30 ശതമാനത്തിനു മേൽ കേടുപാടുള്ള വീടുകളിൽ പുനഃപരിശോധനയുമുണ്ട്.

related stories