ആത്മഹത്യാ മുനമ്പില്‍നിന്ന് പ്രത്യാശയിലേക്ക്; യുവാക്കൾക്ക് ‘ജയലഹരി’ പകർന്ന് എക്സൈസ്

excise-mission-njaraneeli-main
SHARE

തിരുവനന്തപുരം ∙ ലഹരിക്കു പിന്നാലെ പാഞ്ഞ ഒരു പ്രദേശത്തെ യുവജനതയെ ഒന്നാകെ ‘കസ്റ്റഡിയിലെടുത്ത്’ പിഎസ്‌സി ക്ലാസിലേക്ക് അയച്ചിരിക്കുകയാണ് നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഓഫിസ്. നെടുമങ്ങാട് സർക്കിൾ പരിധിയിൽ വരുന്ന ഞാറനീലി സെറ്റിൽമെന്റ് കോളനിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്നതായും ആത്മഹത്യാ നിരക്ക് കൂടാൻ ഇതു കാരണമാകുന്നതായും വാർത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.എല്‍.ഷിബുവിന്റെ നേതൃത്വത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ ആലോചിച്ചത്. 

ഞാറനീലി കോളനിയിൽ പത്താം ക്ലാസ് കഴിഞ്ഞ യുവജനങ്ങൾ ഉണ്ടെന്നും ഇതിൽ മിക്കവരും പിഎസ്‌സി പരീക്ഷ എഴുതുകയോ ജോലിക്ക് പരിശീലനങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്നും മനസിലാക്കിയ എക്സൈസ് ‘വിമുക്തി മിഷന്റെ’ ഭാഗമായി സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചു.

എല്ലാ ഞായറാഴ്ചയും രണ്ടു മുതൽ വൈകിട്ട് നാലുവരെ ഞാറനീലിയിലാണു പരിശീലനം. പരിശീലന പദ്ധതിയുടെ പേര് ‘തൊഴിലാണ് എന്റെ ലഹരി’. ലഹരിക്കു പകരം പഠന ലഹരി പകർന്നപ്പോള്‍ ആരംഭത്തിൽ 93 പേര്‍ ക്ലാസിനെത്തി. ഇപ്പോഴത് 130 പേരായി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് എക്സൈസിലെ ജീവനക്കാർ. 

excise-mission-njaraneeli-class
തൊഴിലാണ് എന്റെ ലഹരി പഠനക്ലാസിൽ പങ്കെടുക്കുന്നവർ.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പിഎസ്‌സി കോച്ചിങ് സെന്റര്‍ ഏകദേശം 40,000 രൂപ വിലവരുന്ന റാങ്ക് ഫയലുകള്‍ സൗജന്യമായി നല്‍കി. ഉദ്യോഗാർഥികൾക്ക് സൗജന്യ പിഎസ്‌സി ഓൺലൈൻ റജിസ്ട്രേഷൻ എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തി.

തൊഴിലവസരങ്ങൾ കണ്ടെത്തി അതിന് അപേക്ഷ നൽകാൻ സഹായിച്ചു. ഇരഞ്ചിയം ഗിരിവർഗ സൊസൈറ്റി ഹാൾ വാടകയ്ക്ക് എടുത്താണ് ക്ലാസ് നടത്തി വരുന്നത്. കോളനിയില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി വിമുക്തി ഡിഅഡിക്‌ഷൻ കേന്ദ്രത്തിൽ സൗജന്യ ചികിൽസ നൽകാനും എക്സൈസ് നടപടി തുടങ്ങി.

എക്സൈസിന്റെ പഠന പ്രവര്‍ത്തനങ്ങള്‍ ഒരു കോളനിയില്‍ മാത്രം ഒതുക്കി നിന്നില്ല. നെടുമങ്ങാട് താലൂക്കിൽ 165 എസ്ടി സെറ്റിൽമെന്റുകൾ ഉണ്ട്. ഇതിൽ 20 കുടുംബങ്ങളിൽ കുടുതലുള്ള 95 സെറ്റിൽമെന്റുകൾ ഉണ്ട്. 95 സെറ്റിൽമെന്റിലെയും യുവജനങ്ങൾക്ക് വേണ്ടി അതാതു സെറ്റിൽമെന്റിൽ തന്നെ 95 സൗജന്യ സായാഹ്ന പിഎസ്‌സി പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിക്കാനും, അതിന്റെ ചുമതല സെറ്റിൽമെന്റിലെ യുവജനങ്ങൾക്ക് നൽകാനും എക്സൈസ് നടപടി തുടങ്ങി.

ആദ്യ ക്ലാസ് ഡിസംബർ പകുതിയോടെ താന്നിമൂട് ഇരവു പാലം കോളനിയിൽ ആരംഭിച്ചു. ഇവിടെയെല്ലാം റാങ്ക് ഫയലുകളും പഠനോപകരണങ്ങളും വിതരണം ചെയ്യും.

പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും ലഹരിവിരുദ്ധ ഗ്രന്ഥശാല ആരംഭിക്കാനും തീരുമാനിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ചാങ്ങ ലക്ഷം വീട് കോളനിയെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആര്യനാട് സര്‍ക്കാര്‍ ഐടിഐയിലെ എന്‍എസ്എസ് യൂണിറ്റുമായി ചേർന്ന്‌ മൂന്നു വർഷത്തേക്ക് നെടുമങ്ങാട് സർക്കിൾ ഓഫിസ് ദത്തെടുത്തിട്ടുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA