മൃതദേഹം വികൃതമാക്കി; വിനോദസഞ്ചാരികളായ പെൺകുട്ടികളെ കൊന്നത് ഐഎസ് മാതൃകയിൽ

morocco-backpackers-murder
SHARE

റാബാത്ത്∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ചെയ്തികളോട് ആഭിമുഖ്യം, മോറോക്കോയിൽ ഭീകരസംഘടന സ്ഥാപിച്ച് സുരക്ഷാ ഏജൻസികളെ ആക്രമിക്കാൻ കോപ്പുകൂട്ടൽ – യുവാക്കളുടെ ഭീകരപ്രവർത്തന സ്വപ്നങ്ങളായിരുന്നു ഇത്.

രാജ്യത്ത് ഭീകരാന്തരീക്ഷം വളർത്താൻ ആദ്യപടിയായി സംഘം ചെയ്തത് വിദേശ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുക എന്നതായിരുന്നു. ‍‍ഡെൻമാർക്കിൽനിന്നുള്ള ലൂയിസ വെസ്റ്റെറാഗെർ(24), നോർവെയിൽനിന്നുള്ള മാറെൻ ഉയെലാൻഡ്(28) എന്നിവരായിരുന്നു ആ കൊലക്കത്തിക്കിരയായി തീർന്നത്. സംഭവത്തിൽ 19 പേരെ അറസ്റ്റ് ചെയ്തു.

morocco-backpackers-murder-1
അറസ്റ്റിലായവർ. ചിത്രം: ട്വിറ്റർ.

ഐഎസ് ആക്രമണ ശൈലിയിൽനിന്നു പ്രചോദിതമായി കഴുത്തു മുറിച്ചാണ് ഇരുവരുടെയും കൊലപാതകം നടപ്പാക്കിയത്. പ്രാഥമിക അന്വേഷണത്തിൽ ഭീകരപ്രവർത്തനം തന്നെയെന്നു കണ്ടെത്തിയെങ്കിലും ഇവർക്ക് ഐഎസുമായി ബന്ധമില്ലെന്നു വ്യക്തമായി. ഐഎസ് ആശയം കടമെടുത്തു മൊറോക്കോയിൽ വിഹരിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. 25നും 33നും ഇടയിൽ പ്രായമുള്ളവരാണു പ്രതികളെന്നു മൊറോക്കൻ സുരക്ഷാ സേന വക്താവ് അറിയിച്ചു.

സംഭവം ഇങ്ങനെ:

‍ഡിസംബർ 17നാണ് അറ്റ്ലസ് പർവതമേഖലയിൽ ലൂയിസയുടെയും മാറെന്റെയും മൃതദേഹം കണ്ടെത്തിയത്. കഴുത്ത് കത്തി വച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതിനു പിന്നാലെ ഒരാളുടെ തലയറുത്തത് എങ്ങനെയെന്ന വിഡിയോയും പുറത്തുവന്നു. മാറെന്റെ മാതാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ, തലയറുക്കപ്പെട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പലതവണ ഈ ചിത്രങ്ങൾ അവരുടെ ഫെയ്സ്ബുക്കിലേക്ക് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഇവ നീക്കം ചെയ്യപ്പെട്ടു.

കൊലയ്ക്കുമുൻപ് അറസ്റ്റിലായ നാലുപേരും ചേർന്നു മൊറോക്കോയിൽ ഒരു ഭീകരസംഘടന ‘സെൽ’ രൂപീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 15 പേരെയോളം ഇതിലേക്കു റിക്രൂട്ട് ചെയ്തിരുന്നു. അതേസമയം, തങ്ങളുടെ ‘എമിർ’ ആവശ്യപ്പെട്ടിട്ടാണു ഭീകരപ്രവർത്തനം നടത്തിയതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. തെരുവിൽ സാധനങ്ങൾ വിൽക്കുന്ന 25കാരനാണ് ഈ എമിർ എന്നും പൊലീസ് കണ്ടെത്തി.

കൊലയ്ക്കു ദിവസങ്ങൾക്കുമുൻപേ സംഘം ഇംലിൽ മേഖലയിലേക്കെത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തി. വിദേശികൾ കൂടുതൽ എത്തുന്ന മേഖലയെന്നതായിരുന്നു ഇംലിൽ തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ലൂയിസയും മാറെനും ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോഴാണ് ഇവർ ക്രൂരകൃത്യം നടത്തിയത്. ഇരുവർക്കും കത്തിക്കുത്തേറ്റിട്ടുണ്ട്. മൃതദേഹം വികൃതമാക്കിയിട്ടുമുണ്ട്.

അറസ്റ്റ് ചെയ്തവരിൽ ഒരാളെ 2013ലും പിടികൂടിയിരുന്നു. ഭീകര സംഘടനകളിൽ ചേരാൻ സാധ്യതയുള്ള ആളെന്ന നിലയിലായിരുന്നു അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളാണ് മറ്റുള്ളവരെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

വടക്കൻ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഭീകരാക്രമണങ്ങൾ ഏറ്റവും കുറവുള്ള രാജ്യമാണ് മൊറോക്കോ. ഏറ്റവും അവസാനം അവിടെ ആക്രമണം നടന്നത് 2011 ഏപ്രിലിലായിരുന്നു. മറാകെച്ചിലെ റസ്റ്റൊറന്റിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 17 പേരാണു കൊല്ലപ്പെട്ടത്. 2017ലും 18ലും രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട 20 ഭീകര സെല്ലുകളെ മൊറോക്കോ തകർത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA