പാർപ്പിച്ചത് രഹസ്യകേന്ദ്രത്തില്‍; 7 ദിവസത്തെ പൊലീസ് ആസൂത്രണം, ഒടുവില്‍ സന്നിധാനത്ത്

Women-entered-Sabarimala
SHARE

തിരുവനന്തപുരം ∙ യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നില്‍ ഏഴു ദിവസത്തെ ആസൂത്രണമെന്നു സൂചന. 2018 ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം തേടിയിരുന്നു.

കാത്തിരിക്കാനായിരുന്നു മറുപടി. യുവതികളെ പൊലീസ് നിയന്ത്രണത്തില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള താമസസ്ഥലത്തെത്തിച്ചു. പിന്നീട് സ്ഥലങ്ങള്‍ മാറി. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വിവരങ്ങള്‍ അറിയാമായിരുന്നത്. കോട്ടയം എസ്പി ഹരിശങ്കര്‍ ഐപിഎസിനായിരുന്നു ചുമതല.

ശബരിമലയിലെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്ത യുവതികള്‍ ദര്‍ശനം നടത്തണമെന്ന നിലപാടിലായിരുന്നു. വനിതാ പൊലീസിന്റെ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. ഇന്നലെ വൈകിട്ടോടെയാണ് യുവതീപ്രവേശത്തിനു സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത്. സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലേക്കെത്തി.

നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവരാണ് സന്നിധാനത്ത് പോലീസ് കണ്‍ട്രോളര്‍മാരായി ഉണ്ടായിരുന്നത്.

കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്‍ എന്നിവര്‍ പമ്പയിലുണ്ടായിരുന്നു. സുരക്ഷാ ചുമതലയുള്ള ഈ ഉദ്യോഗസ്ഥര്‍ക്കെല്ലാം യുവതികളെത്തുന്ന വിവരം കൈമാറി.

യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചു.

ട്രാക്ടർ പോകുന്ന പാതയിലൂടെ യുവതികളെ സന്നിധാനത്തിനടുത്ത് എത്തിച്ചു. മഫ്ടിയില്‍ പൊലീസ് സംഘം യുവതികളെ അനുഗമിച്ചു. ജീവനക്കാര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിനടുത്ത് എത്തിയ യുവതികള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി വന്ന വഴിയേ മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA