ഹർത്താലിൽ സംഘർഷം, 745 അറസ്റ്റ്; പാലക്കാടും മഞ്ചേശ്വരത്തും നിരോധനാജ്ഞ

hartal-palakkad-cpm-bjp
SHARE

തിരുവനന്തപുരം ∙ ശബരിമലയിൽ യുവതികൾ കയറിയതിനെതുടർന്നുള്ള സംഘർഷത്തിന് അയവില്ല. പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു വരെയാണു നിരോധനാജ്ഞ. മഞ്ചേശ്വരത്തു സ്കൂളുകൾക്ക് അവധി നൽകി. ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചു അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടു ഗവര്‍ണര്‍ പി.സദാശിവം നിർദേശിച്ചു. എല്ലാ വിഭാഗം ജനങ്ങളും സമാധാനം പാലിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു. വിവിധയിടങ്ങളില്‍ കര്‍മസമിതി– എല്‍ഡിഎഫ് പ്രവര്‍ത്തകർ‌ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നൂറോളം കെഎസ്ആർടിസി ബസുകള്‍ തകര്‍ത്തു. സിപിഎം, ബിജെപി ഓഫിസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഡോക്ടർമാർക്കും നേരെ ആക്രമണമുണ്ടായി. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടു. 559 കേസുകളിലായി 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതല്‍ തടങ്കലിലാക്കി.

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു പാലക്കാട് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി ജില്ലാ ഒ‍‍ാഫിസിനുനേരെ പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ പെ‍ാലീസ് കണ്ണീർവാതകം പ്രയേ‍ാഗിച്ചു. ബിജെപി ഒ‍ാഫിസിനുനേരെ കല്ലേറുണ്ടായി. പലർക്കും പരുക്കേറ്റു. തിരുവനന്തപുരം മലയിന്‍കീഴും നെടുമങ്ങാട്ടും വന്‍ സംഘര്‍ഷമുണ്ടായി. സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി. കല്ലേറില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഒ‍ാഫിസിനുനേരെയുണ്ടായ അക്രമത്തിൽ 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു. ഒ‍ാഫിസിന്റെ ജനലുകളും നശിപ്പിച്ചു. പ്രകടനം നടത്താനായി വിക്ടേ‍ാറിയ കേ‍ാളജിനു സമീപം ഒത്തുകൂടിയ പ്രവർത്തകർ പിരിഞ്ഞു പേ‍ാകുന്നതിനിടെയായിരുന്നു അക്രമം. സിപിഎം - കർമസമിതി പ്രവർത്തകർ തമ്മിൽ കല്ലേറുമുണ്ടായി. ഹർത്താനുകൂലികളെ പിരിച്ചുവിടാൻ പെ‍ാലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹർത്താൽ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA