യുവതീപ്രവേശത്തിൽ നിരാശയും വേദനയും; വിശ്വാസികൾക്കൊപ്പമെന്ന് വെള്ളാപ്പള്ളി

vellappally-natesan
SHARE

പത്തനംതിട്ട∙ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിശ്വാസികൾക്കുള്ളതാണ്. അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. പിൻവാതിലിലൂടെ യുവതികളെ പൊലീസ് കയറ്റിയത് നിരാശാജനകമാണ്. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം ശബരിമല ദർശനത്തിനുപിന്നാലെ പമ്പയിൽനിന്ന് അങ്കമാലിയിൽ എത്തിച്ച ബിന്ദുവിനെയും കനകദുർഗയെയും പൊലീസ് വാഹനത്തിൽ തൃശൂർ ഭാഗത്തേക്കു കൊണ്ടുപോയി. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു. ഐജിയുടെ അതിഥികൾ എന്നു മാത്രം ഡ്യൂട്ടിയിലുള്ള പൊലിസുദ്യോഗസ്ഥർക്കു സൂചന നൽകിയാണു യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചത്. മൂന്നു പൊലീസുകാർ കറുത്ത വേഷത്തിൽ അനുഗമിച്ചു. സ്റ്റാഫ് ഗേറ്റ് കടന്നു യുവതികളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർക്കു കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ അവർ ആ സമയത്തു മാറിനിന്നു എന്നാണു സൂചന.

ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു ഇവർ മല കയറി. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തി ഉടൻ മടങ്ങി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA