സംസ്ഥാനമാകെ പ്രതിഷേധം: പന്തളത്ത് കല്ലേറില്‍ പരുക്കേറ്റയാൾ മരിച്ചു

trivandrum-tear-gas-protest
SHARE

തിരുവനന്തപുരം∙ ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം. ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പത്തനംതിട്ട പന്തളത്ത് അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്. ശബരിമല കർമസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഎം ഓഫിസിൽനിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാൾ‌ക്കു പരുക്കേറ്റത്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾക്കു നേരെയും വ്യാപക അക്രമമുണ്ടായി. 

തിരുവനന്തപുരം

bjp-protest
ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിക്കുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവുയുദ്ധത്തിനു സമാനമായ അവസ്ഥയാണുണ്ടായത്. ബിജെപി–സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബിജെപി–യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയത്. പ്രവർത്തകരെല്ലാം തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകർ സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടി. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു സ്ത്രീകളെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. പൗഡികോണത്തു കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി.

എറണാകുളം

കൊച്ചിയിലും പ്രതിഷേധ പ്രകടനം നടന്നു. കൊച്ചി കച്ചേരിപ്പടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.

കോട്ടയം

കറുകച്ചാലിൽ കർമസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കടകൾ അടപ്പിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം വൈകിട്ട് പ്രകടനം നടത്തി. വൈക്കത്തും കോട്ടയത്തും കോൺഗ്രസ് മാർച്ചിൽ സംഘർഷം. വൈക്കത്തു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനു മർദനമേറ്റു. 

മലപ്പുറം

പെരിന്തൽമണ്ണയിൽ ശബരിമല കർമസമിതിയുടെ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസിനുനേരെ കല്ലേറ്. ഇതു മൊബൈലിൽ പകർത്താൻ ശ്രമിച്ച് ബൈക്ക് യാത്രക്കാരനുനേരെയും ആക്രമണമുണ്ടായി.

Protest-Malappuram-sabarimala-1
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരി കർമ സമിതിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് നടത്തിയ പ്രകടനത്തിൽനിന്ന്. ചിത്രം: സമീർ എ. ഹമീദ്

പാലക്കാട്

പാലക്കാട് സംഘര്‍ഷാവസ്ഥ. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ടൗണിലെ സുൽത്താൻപേട്ട ജംക്‌ഷനിൽ വഴി തടഞ്ഞു. മന്ത്രി എ.കെ.ബാലന്‍ വിശ്രമിക്കുന്ന കെഎസ്ഇബി ഐബിക്കു നേരെ കല്ലേറ്. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

പത്തനംതിട്ട

Protest-Sabarimala-2
കാള്‍ടെക്സില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നു. ചിത്രം: ധനേഷ് അശോകന്‍

ജില്ലയിൽ മിക്കയിടത്തും സ്വകാര്യ ബസുകൾ സർവീസ് നിർത്തി വച്ചു. റോഡുപരോധങ്ങളും പ്രതിഷേധ പ്രകടനങ്ങളും തുടരുന്നു. കോഴഞ്ചേരിയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് ശബരിമല കർമസമിതി പ്രവർത്തകർ മറ്റൊരു താഴിട്ട് പൂട്ടി. ആറന്മുള സിപിഎം ഏരിയാകമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. പന്തളത്ത് ശബരിമല കർമസമിതിയുടെ പ്രകടത്തിനുനേരെ സിപിഎം ഓഫിസിൽനിന്ന് കല്ലേറ്.

തൃശൂർ

protest-sabarimala-1
കാസര്‍കോട് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനം. ചിത്രം: രാഹുല്‍ ആര്‍. പട്ടം

ഗുരുവായൂരിൽ മന്ത്രി കടകംപള്ളിക്കു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. മന്ത്രി പരിപാടി റദ്ദാക്കി ഗസ്റ്റ് ഹൗസിൽ തങ്ങുന്നു. കൊടുങ്ങല്ലൂരിൽ അപ്രഖ്യാപിത ഹർത്താലാണുള്ളത്. മാളയിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ് തടഞ്ഞു. ചാലക്കുടിയിലും കുന്നംകുളത്തും ചെറുതുരുത്തിയിലും കൊടകരയിലും ചേർപ്പിലും വടക്കാഞ്ചേരിയിലും കടകൾ അടപ്പിച്ചു. കേച്ചേരിയിൽ റോഡ് ഉപരോധിച്ചു. തിരുവില്വാമലയിൽ ബിജെപി പ്രകടനത്തിനിടയിലൂടെ പോകാൻ‌ ശ്രമിച്ച കാറിനു നേരെ കല്ലേറ്.

കാസർകോട്

Kochi-Protest
ശബരിമല കർമസമിതി കൊച്ചിയിൽ നടത്തിയ പ്രതിഷേധത്തിൽനിന്ന്. ചിത്രം: ഇ.വി.ശ്രീകുമാർ

യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിൽ പല സ്ഥലത്തും ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. കറന്തക്കാട്, നുള്ളിപ്പാടി, തീരദേശ പാതയിലെ ചളിയംകോട്, കഴിഞ്ഞ ദിവസം സംഘർഷം നടന്ന ചേറ്റുകുണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ പൊലീസ് ഇടപെട്ട് മറ്റു സ്ഥലങ്ങളിലൂടെ തിരിച്ചുവിട്ടു. കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കൊല്ലം

Kollam-Protest
കൊല്ലത്ത് വാഹനങ്ങള്‍ തടയുന്ന ശബരിമല കർമസമിതി പ്രവർത്തകർ. ചിത്രം: വിഷ്ണു സനൽ

ശബരിമലയി‍ൽ യുവതീപ്രവേശം നടന്നതിന്റെ പേരിൽ ശബരിമല കർമസമിതി നടത്തിയ പ്രതിഷേധം ജില്ലയിൽ പലയിടത്തും അക്രമാസക്തം. മിക്ക സ്ഥലങ്ങളിലും പ്രവർത്തകർ നിർബന്ധപൂർവം കടകൾ അടപ്പിച്ചു. രാമൻകുളങ്ങര ജംക്‌ഷനിലെ കോർപറേഷൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പഴക്കടയിലെ വനിത ഉൾപ്പെടെ 2 ജീവനക്കാരെ മർദിച്ചതായും പരാതിയുണ്ട്. കടയിൽ കയറി പഴങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ വലിച്ചുവാരി പുറത്തിട്ടു. കട അടയ്ക്കാൻ വൈകിയതിന്റെ പേരിലാണ് അക്രമമെന്നു പറയുന്നു. കടയുടമ സ്ഥലത്തില്ലായിരുന്നു.

രാമൻകുളങ്ങരയിൽ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. പുറത്തു നിന്നു കമ്പ് കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. ഇതിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിനെ കയ്യേറ്റം ചെയ്തു. ക്യാമറ പിടിച്ചുവലിച്ചു ലെൻസ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. ബിഷപ് ജെറോം നഗറിൽ കടകൾ അടപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മീഡിയ വൺ ചാനലിന്റെ ക്യാമറമാൻ ബിജുവിനെ മർദിച്ചു.

പ്രകടനമായി പോയ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ വനിതാമതിലിന്റെ പ്രചാരണ ബാനറുകൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കു ഭക്ഷണപ്പൊതിയുമായി വന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കരിക്കോട് ആർഎസ്എസ് പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. ആറു ഡിവൈഎഫ്ഐ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര, കരുനാഗപ്പള്ളി ഭാഗങ്ങളിലും ശബരിമല കർമസമിതി പ്രവർത്തകർ കടകൾ അടപ്പിച്ചു.

ശാസ്താംകോട്ട ഭരണിക്കാവിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറ്. കൊട്ടാരക്കരയിൽ ശബരിമല കർമസമിതിയുടെ പ്രകടനത്തിനിടെ അക്രമം തടയാനെത്തിയ 2 പൊലീസ് ഉദ്യോഗസ്ഥർക്കു നേരിയ പരുക്ക്.

ആലപ്പുഴ

Protest-TVM-sabarimala
തിരുവനന്തപുരത്ത് പ്രതിഷേധക്കാർ ഫ്ളക്സുകൾക്ക് തീയിട്ടപ്പോള്‍. ചിത്രം: മനോജ് ചേമഞ്ചേരി

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി. മാവേലിക്കരയിൽ ബിജെപി–സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടു. കടകൾ അടപ്പിക്കാൻ ശ്രമം. താലൂക്ക് ഓഫിസിലെ കസേരകൾ പ്രവർത്തകർ തകർത്തു. പെട്ടിക്കട അടിച്ചു തകർത്തു. വികലാംഗനെ അടക്കം ആക്രമിച്ചു. ബുദ്ധ ജംഗ്ഷനിൽ പളനിയുടെ ഉടമസ്ഥതയിലുള്ള കടയാണ് അടച്ചു തകർത്തത്. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകൻ ജയപ്രകാശ് (17) എന്നിവരെയാണ് ആക്രമിച്ചത്.

ദേശിയ പാതയിൽ അമ്പലപ്പുഴയിൽ സംഘപരിവാർ പ്രവർത്തകർ ഗതാഗതം തടസ്സപ്പെടുത്തി. സ്ഥലത്തു വൻ ഗതാഗത കുരുക്ക്. മാന്നാർ ടൗണിൽ കടകൾ അടപ്പിച്ചു. തുറവൂരിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലപ്പുഴ ജില്ലാ കോടതി റോഡിൽ റോഡ് ഉപരോധം. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

കണ്ണൂർ

ഇരിട്ടിയിൽ മന്ത്രി കെ.കെ.ശൈലജയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട്ടേക്കു പോകുന്ന കെഎസ്ആർടിസി ബസിനു നേരെ പുതിയ ബസ് സ്റ്റാൻഡിനു സമീപം കല്ലേറുണ്ടായി. പ്രതിഷേധക്കാർ കാൽടെക്സ് ജംക്ഷനിൽ വാഹനങ്ങൾ തടഞ്ഞു. പള്ളിക്കുന്നിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചതു ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി. മേലേചൊവ്വയിൽ ടയറുകത്തിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് ഓഫിസിൽ നിന്നു ജീവനക്കാരെ ഇറക്കിവിട്ടു. ഓഫിസ് പൂട്ടിയ പ്രതിഷേധക്കാർ പുറത്തു കറുത്ത കൊടിനാട്ടി.

പഴയങ്ങാടിയിൽ അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മട്ടന്നൂർ കരേറ്റയിലും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലും റോഡ് ഉപരോധമുണ്ടായി. പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ ടൗൺ ജംക്ഷനിൽ കുത്തിയിരുന്നു.

ഇടുക്കി

തൊടുപുഴയിൽ ദേശാഭിമാനി ബ്യൂറോ പ്രവർത്തിക്കുന്ന ചെത്തു തൊഴിലാളി യൂണിയൻ(സിഐടിയു)ഓഫിസിനു നേർക്കു കല്ലേറ്. ശബരിമല കർമസമിതി–ബിജെപി പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കോഴിക്കോട്

ശബരിമല കർമസമിതി പ്രവർത്തകരുടെ പ്രകടനത്തിനിടെ അക്രമം, കല്ലേറ്. മുഖ്യമന്ത്രിയുടെ കോലവുമായി കോൺഗ്രസ് പ്രവർത്തകരും പ്രകടനം നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA