ഞങ്ങള്‍ പൊലീസിനെയാണ് ഉപകരണമാക്കിയത്: ബിന്ദു, കനകദുർഗ

SHARE

കൊച്ചി ∙ ശബരിമലയിൽ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു. മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. സന്നിധാനത്തെത്തി മടങ്ങിയ ശേഷം അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന ഇരുവരും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ‌ങ്ങൾ വെളിപ്പെടുത്തിയത്.

പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനം നടത്താന്‍ പൊലീസും പ്രേരിപ്പിച്ചു. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്. ആരും എതിര്‍ത്തില്ല– ബിന്ദു പറഞ്ഞു.

പ്രചരിക്കപ്പെട്ടതു പോലെ സന്നിധാനത്തേക്കുള്ള യാത്ര ആബുലന്‍സി‍ല്‍ ആയിരുന്നില്ല. പമ്പയില്‍നിന്നു നടന്നാണു മല കയറിയത്. മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ദര്‍ശനത്തിനു തയാറെടുത്ത വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു– കനകദുര്‍ഗ പറഞ്ഞു.


ആരാണ് ബിന്ദു, കനകദുർഗ?

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു (42) മുന്‍പ് സിപിഐ എംഎല്ലിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹരിഹരനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. 20 വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍നിന്ന് ഭര്‍ത്താവിനൊപ്പം കൊയിലാണ്ടി പൊയില്‍ക്കാവിലേക്ക് താമസം മാറി. കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. പുറത്തും ക്ലാസുകളെടുക്കുന്നുണ്ട്. ഭര്‍ത്താവ് ഹരിഹരന്‍ എല്‍ഐസി ഏജന്‍റാണ്. പൊയില്‍ക്കാവില്‍ റെയിമെയ്ഡ് ഷോപ്പും നടത്തുന്നുണ്ട്. ഇടതു ആഭിമുഖ്യമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹരിഹരന്‍ യുവജനവേദി മുന്‍ ജില്ലാ സെക്രട്ടറിയാണ്. രണ്ടുപേരും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. ഇവരുടെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. 

പത്തനംതിട്ട പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണിയുടെ അഞ്ചു മക്കളില്‍ ഇളയവളാണ് ബിന്ദു. പഠനത്തില്‍ സമര്‍ഥ. പ്രമാടം നേതാജി ഹൈസ്കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണ് നക്സലൈറ്റ് ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടാകുന്നത്. ബിന്ദു സിപിഐ (എംഎല്‍) സംസ്ഥാന കമ്മറ്റി അംഗമായിരിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് ബിന്ദുവിന്റെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് വീട്ടുകാരുമായി അടുക്കുന്നത്. 24ന് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വീട്ടിലെത്തി പ്രതിഷേധിക്കുമ്പോഴാണ് ബിന്ദു ശബരിമലയിലേക്ക് പോകുന്ന വിവരം അമ്മ അമ്മിണി അറിഞ്ഞത്. പിന്നീട് പത്തനംതിട്ട എസ്ഐ വീട്ടിലെത്തി അമ്മിണിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മിണി വിളിച്ചപ്പോള്‍ കണ്ണൂരിലാണെന്നാണ് ബിന്ദു പറഞ്ഞത്. ഇവരുടെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഇപ്പോള്‍ കേസുകളില്ലെന്നും മുന്‍പ് കേസുകളുണ്ടായിരുന്നോ എന്നത് പരിശോധിക്കണമെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു.

കൊയിലാണ്ടി പൊയില്‍ക്കാവിലെ വീട്ടില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബിന്ദു ഡിസംബര്‍ 24ന് ശബരിമലയിലെത്തിയപ്പോള്‍ ശബരിമല കര്‍മസമിതിയുടെ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെയും ഇന്നും വീടിനു മുന്നില്‍ പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. ബിന്ദുവിനെയും ഭര്‍ത്താവിനെയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെയും പൊലീസ് സുരക്ഷിതമായ താവളത്തിലേക്ക് മാറ്റി. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ(44) വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA