സ്വിഫ്റ്റ് കണ്ടാല്‍ പൊക്കും; കാവലിനു നായ്ക്കള്‍, വാദിക്കാന്‍ ഭാര്യ: കുടുക്കി നിഴല്‍ പൊലീസ്

parameswaran-car
SHARE

തിരുവനന്തപുരം∙ 2017 ഓഗസ്റ്റ്. തിരുവനന്തപുരം നഗരപരിധിയില്‍നിന്ന് മൂന്നു മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷണം പോയതെല്ലാം മാരുതി സ്വിഫ്റ്റ് കാറുകള്‍. റോഡരികില്‍ ലോക്ക് ചെയ്തിട്ടിരുന്ന വാഹനങ്ങളാണു മോഷ്ടിക്കപ്പെട്ടത്.

സെപ്റ്റംബറില്‍ വീണ്ടും മോഷണക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ അന്വേഷണച്ചുമതല തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിലേക്കെത്തി. വിവിധ ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്നും 13 സ്വിഫ്റ്റു കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി പൊലീസിനു മനസിലായി.

shadow-police
ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച തിരുവനന്തപുരം സിറ്റി ഷാഡോ ടീം എഡിജിപി മനോജ് എബ്രഹാമിനൊപ്പം

തിരുവനന്തപുരത്തുനിന്നു തൃശൂര്‍ വഴി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും പിന്നീടു മധുരയിലേക്കും നീണ്ട അന്വേഷണത്തിനൊടുവില്‍ വലയിലായതു രാജ്യത്തൊട്ടാകെ മോഷണം നടത്തുന്ന വന്‍സംഘം. മോഷണത്തിനെത്തുന്നതു ബിഎംഡബ്ല്യു കാറില്‍. ലോക്ക് തുറക്കാനുപയോഗിക്കുന്നത് ആധുനിക ഉപകരണങ്ങള്‍. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ പ്രധാന പ്രതി കാവല്‍ നായ്ക്കളെ കൂട്ടത്തോടെ അഴിച്ചുവിട്ടു. ആയുധം ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പു മറികടന്നാണു ഷാഡോ സംഘം പ്രധാനപ്രതിയെ മധുരയില്‍നിന്നു കേരളത്തിലെത്തിച്ചത്. 

രണ്ടു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 34 പേരാണ് തിരുവനന്തപുരം സിറ്റി ഷാഡോയിലുള്ളത്. കഴിഞ്ഞ വര്‍ഷം അന്വേഷിച്ച നാലു കേസുകള്‍ പരിഗണിച്ച് ഈ സംഘത്തിലുള്ള 16 പേര്‍ക്ക് ഡിജിപി രണ്ടു ദിവസം മുന്‍പു ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നല്‍കി. കേരളത്തിലെ ഏറ്റവും മികച്ച ഷാഡോ ടീമുകളിലൊന്നെന്നാണ് എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി ഷാഡോയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

car-theft
പരമേശ്വരനും സംഘവും മോഷ്ടിച്ച കാറുകള്‍

സ്വിഫ്റ്റു കാറുകള്‍ പ്രിയം, കേസുകള്‍ വാദിക്കാന്‍ വക്കീലായ ഭാര്യ

തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂര്‍, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ സ്ഥലങ്ങളിലെ മോഷണം കേന്ദ്രീകരിച്ചാണു ഷാഡോ ടീം അന്വേഷണത്തിനു തുടക്കം കുറിച്ചത്. മോഷണം നടന്ന സ്ഥലത്തെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചു. ലക്ഷണക്കണക്കിനു നമ്പരുകളില്‍നിന്ന് ആയിരത്തിലേക്കും പിന്നീടു നൂറിനു താഴേക്കും സംശയമുള്ള നമ്പരുകളുടെ പട്ടിക ചുരുക്കി. രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണു കഴക്കൂട്ടത്തെ മോഷണ സ്ഥലത്തെ ടവറിനു കീഴില്‍വന്ന ഒരു മൊബൈല്‍ നമ്പര്‍ വിഴിഞ്ഞത്തെ മോഷണസ്ഥലത്തും ഉണ്ടായിരുന്നതായി പൊലീസ് മനസിലാക്കുന്നത്. 

mubarak
പരമേശ്വരന്റെ കൂട്ടുകാരന്‍ മുബാറക്ക്

തമിഴ്നാട് നമ്പരാണ്. ഈ നമ്പരിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിലാസം തിരുച്ചിറപ്പള്ളിയാണെന്നു കണ്ടെത്തി. കഴക്കൂട്ടത്തുനിന്നു മോഷണം പോയ കാര്‍ തൃശൂരിലെ പാലിയേക്കര ടോള്‍ പ്ലാസ വഴി കടന്നുപോയതായും കണ്ടെത്താന്‍ കഴിഞ്ഞു. ഷാഡോ ടീം തിരുച്ചിറപ്പള്ളിയിലേക്കു പോയി. വിലാസം അറിയിച്ചപ്പോള്‍ അവിടുത്തെ പൊലീസിനു വലിയ തെരച്ചിലൊന്നും നടത്തേണ്ടിവന്നില്ല. 

ആ സ്റ്റേഷന്‍ പരിധിയിലെയും തമിഴ്നാട്ടിലെയും വലിയ മോഷ്ടാവിനെയാണു കേരള പൊലീസ് അന്വേഷിക്കുന്നത്. പേര് പരമേശ്വരന്‍. മോഷ്ടാവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തമിഴ്നാട് പൊലീസ് കൈമാറി. പരമേശ്വരന്റെ താമസസ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും പരമേശ്വരന്റെ പുതിയ വിവരങ്ങള്‍ കിട്ടിയില്ല. അപ്പോഴാണു പരമേശ്വരന്റെ കൂട്ടുകാരന്‍ മുബാറക്കിന്റെ വിവരം തമിഴ്നാട് പൊലീസ് കൈമാറുന്നത്.

അവരുടെ സഹായത്തോടെ മുബാറക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 'പരമേശ്വരന്‍ പുതിയൊരു മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്' - മുബാറക്ക് വെളിപ്പെടുത്തി. ആ നമ്പരിന്റെ ലൊക്കേഷന്‍ മധുരയിലാണ്. ഷാഡോ ടീം മധുരയിലേക്കു തിരിച്ചു. മധുര പൊലീസ് സഹായത്തിനെത്തി.

പരമേശ്വരന്റെ താമസ സ്ഥലത്തെത്തിയ ഷാഡോ സംഘത്തിനു കാണാനായതു വലിയ മതില്‍ക്കെട്ടിനുള്ളിലെ ആഡംബര ബംഗ്ലാവാണ്. കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ ഷാഡോ സംഘം രാത്രി മതില്‍ചാടികടന്നു വീടു വളഞ്ഞു.

അഴിച്ചുവിട്ടിരുന്ന കൂറ്റന്‍ നായ്ക്കളെ മറികടന്നു സംഘം വാതില്‍ തകര്‍ത്ത് അകത്തേക്കു കയറി. വെട്ടുകത്തിയുമായി പരമേശ്വരന്‍ നേരിട്ടു. പൊലീസ് തോക്കു ചൂണ്ടി ബലപ്രയോഗത്തിലൂടെ കീഴടക്കി. നിയമവശങ്ങള്‍ നിരത്തി അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും  പരിസരവാസികളും കൂട്ടാളികളും അറിയുന്നതിനു മുന്‍പു പരമേശ്വരനുമായി കേരള സംഘം അതിര്‍ത്തി കടന്നു.

shadow-theft
കാര്‍ മോഷണത്തിനായി പരമേശ്വരന്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍.

സ്വിഫ്റ്റ് മോഷ്ടിക്കാന്‍ 20 മിനിട്ട്

തമിഴ്നാട്ടില്‍ എഴുപതോളം മോഷണക്കേസില്‍ പ്രതിയായിരുന്നു പരമേശ്വരന്‍. ഭാര്യ മധുര കോടതിയില്‍ വക്കീല്‍. അവരാണു മോഷണക്കേസുകള്‍ വാദിക്കുന്നത്. വ്യാജപേരിലുള്ള അന്‍പതോളം സിമ്മുകളും മൊബൈല്‍ ഫോണുകളും കാറിന്റെ പൂട്ടു തകര്‍ക്കാനുള്ള ഉപകരണങ്ങളും പരമേശ്വരന്റ വീട്ടില്‍നിന്നു പൊലീസ് കണ്ടെടുത്തു.

shadow-theft3
കാര്‍ മോഷണത്തിനായി പരമേശ്വരന്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍.

ഹൈവേയില്‍ ജനത്തിരക്കില്ലാത്ത സ്ഥലത്തുകിടക്കുന്ന കാറുകള്‍ക്കരികിലേക്ക് ഇയാളുടെ സംഘം ആംഡംബര വാഹനങ്ങളിലെത്തും. മോഷ്ടിക്കേണ്ട കാറിന്റെ സെഡ് ഗ്ലാസുകള്‍ ഇളക്കി മാറ്റും. വാഹനത്തിന്റെ അലാം സംവിധാനം പ്രത്യേക ഉപകരണം ഉപയോഗിച്ചു നിശബ്ദമാക്കും. 

കാറിലെ ഇഗ്നിഷ്യന്‍ സിസ്റ്റം നീക്കം ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി യോജിപ്പിച്ചു പുതിയ ഇഗ്നിഷ്യന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യും. കാറിന്റെ സ്റ്റിയറിങ് തകര്‍ത്ത് 20 മിനിട്ടിനുള്ളില്‍ കാറുമായി കടക്കും (പൊലീസ് വിശദീകരണം). സംഘത്തിലുള്ളവര്‍ക്കു മോഷണത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമേശ്വരന്‍ കൈമാറിയിരുന്നില്ല.

shadow-theft4
കാര്‍ മോഷണത്തിനായി പരമേശ്വരന്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍.

മറ്റു മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരെ സംഘത്തില്‍ ചേര്‍ക്കില്ല. ചെന്നൈ സിറ്റി, മധുര, തിരുച്ചിറപ്പള്ളി, വെയിലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണു മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. തിരുവനന്തപുരത്തുനിന്ന് ഏഴും തൃശൂരില്‍നിന്ന് 14ഉം പാലക്കാട് മലപ്പുറം എന്നിവിടങ്ങളില്‍നിന്നായി ഓരോ കാറുകളും മോഷ്ടിച്ചതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി.

സ്വിഫ്റ്റ് കാറുകള്‍ക്കു തമിഴ്നാട്ടില്‍ ആവശ്യക്കാരേറെയുള്ളതിനാലാണ് ഈ കാറുകള്‍തന്നെ മോഷണസംഘം തിരഞ്ഞെടുത്തത്. ഇപ്പോള്‍ മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ജയിലിലാണ് പരമേശ്വരന്‍.

shadow-theft2
കാര്‍ മോഷണത്തിനായി പരമേശ്വരന്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍.

പെണ്‍വാണിഭ സംഘത്തിലെ അംഗവും ബാലപീഡനക്കേസിലെ പ്രതിയുമായ രഞ്ജു കൃഷ്ണന്റെ കൊലപാതകക്കേസ് തെളിയിച്ചതാണ് ഷാഡോ ടീമിന്റെ 2017ലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഈ കേസിലെ നാലു പ്രതികളെ സിറ്റി ഷാഡോ ദിവസങ്ങള്‍ക്കകം പിടികൂടി.

പ്രതികളിലൊരാളുടെ മകളെയും ഇവരുടെ സുഹൃത്തായ സ്ത്രീയുടെ മകളെയും രഞ്ജു പീഡിപ്പിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. രഞ്ജു കൃഷ്ണന്റെ പേരില്‍ നിരവധി കേസുകളുണ്ടായിരുന്നു. രഞ്ജുവിനെ കൊലപ്പെടുത്തിയാലും അയാള്‍ ഒളിവിലായിരിക്കുമെന്നു പൊലീസ് കരുതുമെന്നായിരുന്നു പ്രതികള്‍ ചിന്തിച്ചത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായത്. ശ്രീകാര്യത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലയാളികളെ പിടികൂടിയതും നഗരത്തിലെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടിയതും അവാര്‍ഡിനായി പരിഗണിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA