നാടിനെ ഭയത്തിൽ നിര്‍ത്താൻ ആർഎസ്എസ് ശ്രമം; കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി

Pinarayi-Vijayan-1
SHARE

തിരുവനന്തപുരം∙ നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനാണ് ആര്‍എസ്എസ്– ബിജെപി ശ്രമം. ഇതിനെ ഒറ്റക്കെട്ടായി അപലപിക്കണം. കോണ്‍ഗ്രസ് അതിനു തയാറാകുന്നില്ല. അക്രമികളെ കര്‍ശനമായി നേരിടും- ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ആര്‍എസ്എസിന് അവരുടെ അജണ്ടയനുസരിച്ചു ജനങ്ങളില്‍ ഭീതി പടർത്താനും നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്തുന്നതിനും കഴിയില്ല. ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സംസ്ഥാന സര്‍ക്കാർ ഒരുക്കുക തന്നെ ചെയ്യും. അക്രമങ്ങളോടു സംയമനം പാലിക്കാന്‍ ആളുകൾ തയാറായിട്ടുണ്ടെന്നതു നല്ല കാര്യമാണ്. നിരവധി വികാരപരമായ സംഭവങ്ങൾക്കിടയാക്കുന്ന തരത്തിൽ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. 

എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ വീടുകൾ അക്രമിക്കുക. ജനപ്രതിനിധികളെ അക്രമിക്കുക. ഇതെല്ലാം ഓരോ പ്രദേശത്തും വികാരമുണർത്തുന്നതാണ്. ബഹുജന നേതാക്കളെ അക്രമിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. പക്ഷേ വലിയ സംയമനം ആളുകൾ‌ പാലിച്ചിട്ടുണ്ട്. അതു തുടരണം. അക്രമം ഒരു കൂട്ടരുടെ മാത്രം മാർഗമാണ്. ഇതിനെ സർക്കാർ സംവിധാനം ഉപയോഗിച്ചു നേരിടും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. കരുതൽ നടപടികൾ സ്വീകരിക്കാൻ നേരത്തേതന്നെ പൊലീസിനു സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA