ബിജെപി എംപി വി.മുരളീധരന്റെ വീടിനു നേരെ ബോംബേറ്; അശാന്തമായി കണ്ണൂർ

v-muralidharan
SHARE

കണ്ണൂർ ∙ ശബരിമല യുവതീപ്രവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിലേക്കു വളർന്നു. സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും പി.ശശിയുടെയും വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എംപി വി.മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു. തലശ്ശേരി വാടിയിൽപീടികയിലെ തറവാട് വീടിനു നേരെയാണു അർധരാത്രിയോടെ ബോംബേറുണ്ടായത്. ആർക്കും പരുക്കില്ല.

രണ്ടു ദിവസമായി തലശേരി ഭാഗത്ത് ആർഎസ്എസ്, സിപിഎം നേതാക്കളുടെ വീടിനു നേരെ തുടരുന്ന ആക്രമണമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ കണ്ണൂരിലേക്കു നിയോഗിച്ചു. അവധിയിലുള്ള പൊലീസുകാർ അടിയന്തരമായി മടങ്ങിവരണമെന്നു നിർദേശിച്ചു.

തലശ്ശേരി ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കൊട്ടിൽ ചന്ദ്രശേഖരന്റെ വീട് വെളളിയാഴ്ച വൈകിട്ട് ഒരു സംഘം അടിച്ചുതകർത്തിരുന്നു. കണ്ണൂർ– കാസർകോട് ജില്ലകളുടെ നേതൃചുമതലയുള്ള മുതിർന്ന നേതാവാണു ചന്ദ്രശേഖരൻ. ഇതിനു തിരിച്ചടിയായാണു സിപിഎം നേതാക്കളുടെ വീടിനു നേരെ ബോംബേറുണ്ടായതെന്നു പൊലീസ് കരുതുന്നു.

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവിനു വെട്ടേറ്റു. എസ്ആർകെ നഗർ നെല്ലുളിയിൽ എൻ.കെ‌.കൃഷ്ണൻകുട്ടിയുടെ തലയ്ക്കാണു വെട്ടേറ്റത്. ഡിവൈഎഫ്ഐക്കാരാണ് ആക്രമണത്തിനു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA