കുഞ്ഞിനെ പീഡിപ്പിച്ച സുഹൃത്തിനെ കൊന്നു തള്ളി; ഭാര്യയുടെ നാക്കുപിഴവില്‍ കുടുങ്ങി

child-abuse-accused-renju
SHARE

തിരുവനന്തപുരം ∙ ബാലപീഡനക്കേസാണു പൊലീസ് അന്വേഷിച്ചത്. എത്തിച്ചേർന്നതാകട്ടെ, പെണ്‍വാണിഭ സംഘം രഹസ്യമായി സൂക്ഷിച്ച കൊലപാതകത്തിലും. പെൺവാണിഭ സംഘത്തിലെ ഒരാളെ കൂട്ടുകാർ ആസൂത്രണം ചെയ്തു കൊല്ലുകയായിരുന്നു. പ്രതിയായ ഭർത്താവുമായി പിണങ്ങിയിരുന്ന ഭാര്യയുടെ വായിൽനിന്നു വീണ വാചകം കേസിൽ തുമ്പായി. പേരൂർക്കടയിൽനിന്നു തുടങ്ങിയ കേസ് അന്വേഷണം അവസാനിച്ചതു കേരള– കര്‍ണാടക അതിര്‍ത്തിയിലുള്ള വിരാജ്പേട്ടിൽ.

രഞ്ചു കൊലക്കേസിലെ പ്രതികളെ തന്ത്രപൂര്‍വം കുടുക്കിയത് തിരുവനന്തപുരം സിറ്റി ഷാഡോ ടീമിന്റെ 2017-ലെ ശ്രദ്ധേയമായ നേട്ടമായിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണു നാലു പ്രതികളെ സിറ്റി ഷാഡോ കുടുക്കിയത്. ഇതിന്റെ പേരിലാണ് ടീമിനു ഡിജിപി ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നല്‍കിയത്.

രണ്ടു വര്‍ഷം മുന്‍പാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ബാലപീഡനക്കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. പെണ്‍വാണിഭ സംഘാംഗമായ രഞ്ചു കൃഷ്ണനായിരുന്നു പ്രതി. പരാതി നല്‍കിയതു പെണ്‍വാണിഭ സംഘാംഗവും രഞ്ചുകൃഷ്ണന്റെ കൂട്ടുകാരനുമായ വ്യക്തിയുടെ ഭാര്യ. തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രഞ്ചു കൃഷ്ണന്‍ ഒളിവിലാണെന്നു മനസിലായി. 2017 ഏപ്രില്‍ 24ന് ശേഷം രഞ്ചു കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു.

സൃഹൃത്തുക്കളെ കേന്ദ്രീകരിച്ചു മുന്നോട്ടുപോയ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയതു പരാതിക്കാരിയായ യുവതിയുടെ െവളിപ്പെടുത്തലാണ്. ‘രഞ്ചുകൃഷ്ണന്‍ കൊല്ലപ്പെട്ടു’– ഷാഡോ പൊലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞു. കൊലപ്പെടുത്തിയതു ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍. കൊലപാതകത്തിന്റെ കാരണമോ? തന്റെ കുട്ടിയെ ക്രൂരമായി രഞ്ചു പീഡിപ്പിച്ചു– യുവതി പറഞ്ഞു.

ഫോണുകൾ ഓഫ്, ‘സിഗ്നൽ’ കിട്ടി

പെണ്‍വാണിഭ സംഘത്തിലെ അംഗമായിരുന്നു അടൂര്‍ സ്വദേശിയായ രഞ്ചു കൃഷ്ണന്‍. ഒന്നിലധികം പെണ്‍വാണിഭക്കേസുകളിൽ പ്രതിയുമാണ്. ബാലപീഡനക്കേസിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണെന്ന ധാരണയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോയത്. രഞ്ചുവിന്റെ സുഹൃത്തുക്കളുടെയും നഗരത്തിലെ മറ്റു പെണ്‍വാണിഭ സംഘങ്ങളുടെയും ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച ഷാഡോ ടീം രഹസ്യമായി നിരീക്ഷണം ആരംഭിച്ചു.

രഞ്ചുവിന്റെ മൊബൈല്‍ ഓഫായിരുന്നു. സുഹൃത്തുക്കളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തിനു സഹായമായ വിവരങ്ങള്‍ ലഭിച്ചില്ല. രഞ്ചുവുമായി ബന്ധമുണ്ടായിരുന്ന ചില പെണ്‍വാണിഭ സംഘാംഗങ്ങളുടെ ഫോണുകള്‍ ഓഫാണ്. രഞ്ചുവും ഇവരും തമ്മില്‍ തെറ്റിയതായി കണ്ടെത്തിയതോടെയാണു കേസിൽ ആദ്യ വഴിത്തിരിവുണ്ടാകുന്നത്. 

രഞ്ചുവിന്റെ കൂട്ടുകാരായ പെണ്‍വാണിഭ സംഘാംഗങ്ങളുടെ ഫോണുകളെല്ലാം ഓഫ് ആണ്. പുതിയ നമ്പരുകള്‍ കണ്ടെത്താനും കഴിയുന്നില്ല. പെണ്‍വാണിഭ സംഘാംഗങ്ങളുമായി അടുപ്പമുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ നിരീക്ഷിച്ചു. സംഘത്തില്‍ അംഗമായയാളുടെ ഭാര്യയാണ് തന്റെ കുട്ടിയെ രഞ്ചു പീഡിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. ഇയാളും ഭാര്യയും ഇപ്പോള്‍ അത്ര അടുപ്പത്തിലല്ലെന്ന വിവരവും കിട്ടി.

ഇയാളുടെ ഫോണും ഓഫാണ്. യുവതിയുടെ ഫോണ്‍ നമ്പരുകള്‍‌ പൊലീസ് പരിശോധിച്ചു. മൂന്നാറില്‍നിന്നു യുവതിക്കു സ്ഥിരമായി കോളുകള്‍ വരുന്നുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മൂന്നാറില്‍നിന്നു സ്ഥിരം വിളിക്കുന്നതാരാണ്? ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നു മൂന്നാര്‍ നല്ലതണ്ണി. യുവതിയുടെ ഫോൺ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. വിളിക്കുന്നവരില്‍ ചിലരുടെ ഫോണ്‍ രേഖകളിലെ മേല്‍വിലാസം തിരുവനന്തപുരമാണ്.

ഇവര്‍ രഞ്ചു കൃഷ്ണന്റെ സുഹൃത്തുക്കളും നേരത്തെ പെണ്‍വാണിഭക്കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. രഞ്ചുവിനെ കാണാതായതിനു ദിവസങ്ങള്‍ക്കു മുന്‍പ് ഇവരുടെ പഴയ നമ്പരും രഞ്ചുവിന്റെ നമ്പരും ഒരേ ടവറിനു കീഴില്‍ വന്നിട്ടുണ്ട്. അതിനുശേഷം പഴയ നമ്പരുകള്‍ ഓഫാണ്. കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ നമ്പര്‍ എടുത്തിരിക്കുന്നത്. യുവതിക്കല്ലാതെ മറ്റാര്‍ക്കും ആ നമ്പരുകളില്‍നിന്നു കോളുകള്‍ പോയിട്ടുമില്ല.

പൊലീസ് യുവതിയെ നന്നായി ചോദ്യം ചെയ്തു. ആദ്യമൊക്കെ പിടിച്ചുനിന്നു. പൊലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ യുവതി പതറി, സത്യം വെളിപ്പെടുത്തി. മൂന്നാറില്‍നിന്ന് വിളിക്കുന്നത് തന്റെ ഭര്‍ത്താവും കൂട്ടുകാരുമാണ്, രഞ്ചു കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയതു ഭര്‍ത്താവും കൂട്ടുകാരും. തങ്ങളുടെ കുട്ടിയെ പീഡിപ്പിച്ചതിനു പ്രതികാരമായിട്ടായിരുന്നു കൊല.

ഞെട്ടിയതു പൊലീസാണ്. പീഡനക്കേസില്‍ ഒരാള്‍ ഒളിവില്‍പോയെന്നതു കൊലക്കേസായി മാറിയിരിക്കുന്നു. യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. യുവതിയുടെ ഭര്‍ത്താവ്, വെമ്പായം സ്വദേശി ദീപക്, ആറ്റിപ്ര സ്വദേശി ഹരിലാല്‍, ആക്കുളം സ്വദേശി ഷാഹിര്‍ എന്നിവരാണു മൂന്നാറില്‍ ഒളിവിലുള്ളത്. മൂന്നാറിലെത്തിയ പൊലീസ് ലോഡ്ജുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടി.

മർദിച്ചു കൊന്നു, കൊക്കയിൽ തള്ളി

യുവതിയുടെ ഭർത്താവിനും സംഘത്തിനുമൊപ്പം പെണ്‍വാണിഭക്കേസില്‍ പ്രതിയായിരുന്നു രഞ്ചു കൃഷ്ണന്‍. വീട്ടുകാര്‍ തമ്മിലും അടുപ്പമുണ്ടായിരുന്നു. അതിനിടയിലാണു യുവതിയുടെ മകളെയും പ്രതികളുടെ പരിചയക്കാരിയുടെ മകളെയും രഞ്ചു പീഡിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ലോഡ്ജില്‍ രഞ്ചു ഒളിവില്‍ താമസിക്കുന്നുണ്ടെന്നു മനസിലാക്കിയ സംഘം ഏപ്രില്‍ 24ന് ലോഡ്ജിലെത്തി. രഞ്ചുവിനെ തന്ത്രപൂര്‍വം കാറില്‍ കയറ്റി.

മദ്യം നല്‍കിയശേഷം വട്ടപ്പാറ ഭാഗത്തേക്കും നെയ്യാറ്റിന്‍കര ഭാഗത്തേക്കും കൊണ്ടുപോയി. ഇരുമ്പ് ഉപകരണങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചു. മരിച്ചെന്നുറപ്പാക്കി മൃതദേഹവുമായി പ്രതിയുടെ വീട്ടിലെത്തി. പ്രതിയും ഹരിലാലും അവിടെ ഇറങ്ങി. മൃതദേഹം ഡിക്കിയിലാക്കിയ ദീപക് ഉള്ളൂരിലെത്തി സുഹൃത്ത് ഷാഹിറിനെയും കൂട്ടി കാറില്‍ മാഹിയിലേക്കു പോയി. മാഹി വഴി കേരള– കര്‍ണാടക അതിര്‍ത്തിയിലുള്ള വിരാജ്പേട്ടയ്ക്കു സമീപം മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. 

ഈ ഭാഗത്ത് പൊലീസ് പരിശോധന നടക്കുന്നതിനാല്‍ വാഹനം തിരിച്ച് മറ്റൊരു സ്ഥലത്തെത്തി മൃതദേഹം കൊക്കയിലേക്കു തള്ളി. മൂന്നു ദിവസത്തിനുശേഷം വിരാജ്പേട്ട പൊലീസ് മൃതദേഹം കണ്ടെടുത്തു. രഞ്ചു കൃഷ്ണന്റെ മൃതദേഹമാണെന്നു പക്ഷേ തിരിച്ചറിഞ്ഞില്ല. രഞ്ചു കൃഷ്ണന്‍ ഒളിവിലായിരിക്കുമെന്നു പൊലീസ് കരുതുമെന്നായിരുന്നു പ്രതികളുടെ ധാരണ.

കൊലപാതക വിവരം പ്രതിയുടെ ഭാര്യയ്ക്ക് ആദ്യമേ അറിയാമായിരുന്നു. ഇരുവരും പിണങ്ങിയതിനെത്തുടര്‍ന്നാണ് പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞത്. കേസിന്റെ വിചാരണ നടക്കുന്നു. ഡിസിപി: ജി.ജയദേവ്, കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ വി.സുരേഷ് കുമാര്‍, പേരൂര്‍ക്കട സിഐ: സ്റ്റുവര്‍ട്ട് കീലര്‍, എസ്ഐ: സുലൈമാന്‍, ഷാഡോ പൊലീസ് ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA