വിജയ് മല്യ ഇനി പിടികിട്ടാപ്പുള്ളി; ‘പുതിയ നിയമം’ പ്രയോഗിച്ച് കോടതി

mallya
SHARE

മുംബൈ∙ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ മുംബൈ അഴിമതി വിരുദ്ധ കോടതി. 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരമാണു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ പ്രമുഖ വ്യവസായിയാണ് വിജയ് മല്യ.

വിജയ് മല്യയെ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെന്റിന്റെ അപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. രാജ്യത്തുനിന്ന് കോടികളുടെ അഴിമതി നടത്തി രക്ഷപ്പെട്ട നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെയും സർക്കാർ നിരീക്ഷിച്ചുവരികയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യം വിട്ടവരെ പിടികൂടുന്നതിനാണു പുതിയ നിയമം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാഷ്ട്രപതി ഒപ്പിട്ടത്.

നിയമപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുശേഷം വ്യവസായികൾ രാജ്യം വിടുന്നതു തടയാനും സാധിക്കും. 100 കോടിയോ അതിനു മുകളിലോ രൂപയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചുമത്തി ശിക്ഷ ഒഴിവാക്കുന്നതിനായി രാജ്യം വിടുന്ന, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റുള്ള വ്യക്തിയെയാണ് ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫൻഡർ ആയി കണക്കാക്കുക. വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേറ്റ് വിധിച്ചിരുന്നു.

മല്യയുടെ കിങ്ഫിഷർ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാൻ‌ തയാറാകാതെ വിജയ് മല്യ രാജ്യം വിട്ടു. 2016 ഏപ്രിലിൽ സ്കോട്‍ലൻഡ് യാർഡ് മല്യയ്ക്കെതിരെ വാറന്റ് പുറത്തിറക്കിയിരുന്നു. പിന്നീടു ജാമ്യത്തിൽ‌ പുറത്തിറങ്ങി.


.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA