14 വർഷം കോമയിൽക്കഴിഞ്ഞ യുവതി കുഞ്ഞിന് ജന്മം നൽകി; പീഡിപ്പിച്ചത് ആരെന്ന് അന്വേഷിച്ച് പൊലീസ്

women-in-coma-representational-image
SHARE

ഫീനിക്സ് (അരിസോണ)∙ 14 വർഷമായി കോമയിലായിരുന്ന യുവതി ആൺകുഞ്ഞിനു ജന്മം നൽകി. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലാണു സംഭവം. അവിടുത്തെ ഹസിയെൻഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വർഷമായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. ഡിസംബർ 29ന് ആയിരുന്നു പ്രസവം. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗർഭിണിയായിരുന്നു എന്നതും തിരിച്ചറിയാതെ പോയതു ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വീഴ്ചയാണ്. ഫീനിക്സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മുറിയിൽ പ്രവേശിച്ചവരിൽനിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘമിപ്പോൾ. ആദ്യ പടിയായി വനിതാ രോഗികളുടെ മുറികളിൽ പുരുഷ ജീവനക്കാർ പ്രവേശിക്കുന്നതു ഹസിയെൻഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാർ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കിൽ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിർദേശം. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്. അതേസമയം, നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.

യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചോയെന്ന കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടർന്നു കേസന്വേഷണം ശക്തിപ്പെടുത്താൻ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകൾ എത്തിയിട്ടുണ്ട്.

അതേസമയം, യുവതി ഗർഭിണിയാണെന്ന് ഈ 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാർ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസവം അടുത്തപ്പോൾ യുവതിയിൽനിന്ന് ഞരക്കവും മൂളലും കേട്ടെങ്കിലും പ്രസവവേദനയാണെന്ന് ആർക്കും മനസ്സിലായില്ല. ഒരു നഴ്സ് മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. അവരാണ് കുഞ്ഞിനെ പുറത്തെടുത്തതും. എന്നാൽ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA