മമതയെ പ്രധാനമന്ത്രിയാകാൻ പരിഗണിച്ച് പാർട്ടി അധ്യക്ഷൻ; ബിജെപിയിൽ ‘ഞെട്ടൽ’

Mamata-Banerjee
SHARE

കൊല്‍ക്കത്ത∙ മുഖ്യമന്ത്രി മമതാ ബാനർജിക്കു ബംഗാളിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാൻ അവസരമുണ്ടെന്ന് ബിജെപി നേതാവ്. ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷാണ് മമതയ്ക്ക് അനുകൂലമായി പ്രസ്താവന നടത്തിയത്. ബംഗാളിൽ തൃണമൂലിനെതിരെ പോരാടുന്ന ബിജെപി ഘടകത്തിന്റെ അധ്യക്ഷൻ തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതു പാർട്ടിയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

മമതാ ബാനർജി ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ അവർക്കു നന്നായി പ്രവർത്തിക്കാന്‍ സാധിക്കൂ. ബംഗാളിൽനിന്നും പ്രധാനമന്ത്രിയാകാൻ ആർക്കെങ്കിലും അവസരം ലഭിക്കുമെങ്കില്‍ അത് മമതാ ബാനർജിക്കു മാത്രമാണ്– മമതയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ദിലീപ് ഘോഷ് വ്യക്തമാക്കി. അവരുടെ ആരോഗ്യത്തിനും ജീവിത വിജയത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബംഗാൾ സംസ്ഥാനത്തിന്റെ വിധി അവരുടെ വിജയത്തിൽ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവസരം ആർക്കെന്ന് ബിജെപി ബംഗാൾ ഘടകത്തിലെ ആരോടെങ്കിലും ചോദിച്ചാൽ മമത മുന്നിലാണെന്നായിരിക്കും അവരും പറയുക. മമതാ ബാനർജിക്കു ശേഷം ബംഗാളിൽനിന്ന് വേറൊരാൾ ഉറപ്പായും ഉണ്ടാകും. പക്ഷേ ആദ്യപരിഗണന അവർക്കാണ്. സിപിഎം അനുവദിക്കാത്തതിനാൽ ജ്യോതി ബസുവിനെ ആദ്യ ബംഗാളി പ്രധാനമന്ത്രിയായി നമുക്ക് ലഭിച്ചില്ല. പ്രണബ് മുഖർജിയിലൂടെ ബംഗാളിൽ നിന്നൊരാൾ രാഷ്ട്രപതിയായി. ഇത് ഒരു ബംഗാളി പ്രധാനമന്ത്രിയാകേണ്ട അവസരമാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുകയാണെങ്കിൽ മമതയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനമുണ്ട്. ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ പ്രതികരിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. അതേസമയം ബിജെപി ബംഗാൾ അധ്യക്ഷനിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA