ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും; മോദി തരംഗമില്ല, കേന്ദ്രത്തിൽ ‘മറ്റൊരു’ പാർട്ടി

general-election
SHARE

ന്യൂഡൽഹി∙ കേരളത്തിൽ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഇതാദ്യമായി ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് സർവേ. 2018 ഡിസംബർ 15നും 25നും ഇടയിൽ ഇന്ത്യ ടിവി–സിഎൻഎക്സ് നടത്തിയ അഭിപ്രായ സർവേയുടെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സർവേ.

കേരളത്തിൽ കോൺഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബിജെപി, കേരള കോൺഗ്രസ്(എം), ആർഎസ്പി പാർട്ടികൾക്ക് ഒന്നു വീതവും സ്വതന്ത്രർക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം. എന്നാൽ ലോക്സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എൻഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272–ൽ 15 സീറ്റുകളുടെ കുറവായിരിക്കും എൻഡിഎക്ക് ഉണ്ടാവുക.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടിയായിരിക്കും കേന്ദ്രത്തിൽ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുകയെന്നും സർവേ പറയുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎൻഎൽഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവർക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉൾപ്പെടെ അഭിപ്രായ സർവേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറിൽ നടന്ന സർവേയിൽ ഇന്ത്യ ടിവി–സിഎൻഎക്സ് എൻഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവർക്ക് 138ഉം. തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയ്ക്ക് സർവേയിൽ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 37.15% വോട്ടുകൾ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവർക്ക് 32.93%.

എൻഡിഎയിൽ ബിജെപിക്ക് 223 സീറ്റുകൾ ലഭിക്കുമെന്നു സർവേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദൾ അഞ്ച്, എൽജെപി മൂന്ന്, പിഎംകെ, എൻഡിപിപി, എഐഎൻആർസി, എൻപിപി, എസ്ഡിഎഫ്, അപ്നാ ദൾ, എംഎൻഎഫ് പാർട്ടികൾക്ക് ഒന്നുവീതവും സീറ്റുകൾ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നിൽക്കുന്ന സാഹചര്യം സർവേ വിലയിരുത്തിയിട്ടില്ല. 2014ൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും–85 എണ്ണം.

ഡിഎംകെയ്ക്ക് 21, ആർജെഡിക്ക് 10, എൻസിപി 9, ജെഎംഎം 4, ജെഡി(എസ്) 4, ആർഎൽഡി 2, ആർഎൽഎസ്പി 1, ആർഎസ്പി 1, മുസ്‌ലിം ലീഗ് 2, ടിഡിപി 4, നാഷനൽ കോൺഫറൻസ് 2, കേരള കോൺഗ്രസ്(എം) 1 എന്നിങ്ങനെയായിരിക്കും സീറ്റുനില. തൃണമൂൽ കോൺഗ്രസിന് 26, എസ്പിക്ക് 20, ബിഎസ്പിക്ക് 15, വൈഎസ്ആർ കോൺഗ്രസിന് 19, ടിആർഎസിന് 16, ബിജെഡിക്ക് 13, എഐഎഡിഎംകെയ്ക്ക് 10, എഎംഎംകെയ്ക്കു നാല്, ഇടതുപക്ഷത്തിന് എട്ട്, ആം ആദ്മിക്കും ഐഐയുഡിഎഫിനും രണ്ടു വീതം, പിഡിപി, ജെവിഎം(പി), എഐഎംഐഎം എന്നിവയ്ക്ക് ഒന്നു വീതവും സീറ്റാണു സർവേയിൽ പ്രവചിക്കുന്നത്.

54,300 പേരെ ഉൾപ്പെടുത്തിയായിരുന്നു സർവേ. 543 ലോക്സഭാ മണ്ഡലങ്ങളും 1086 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത് സർവേ നടത്തി. ഓരോ ലോക്സഭാ മണ്ഡലത്തിൽനിന്നും ശരാശരി 100 പേർ വീതം സർവേയിൽ പങ്കെടുത്തെന്നു സിഎൻഎക്സ് വ്യക്തമാക്കുന്നു.

ചോദ്യാവലി പൂരിപ്പിച്ചവരിൽ 27,832 പേർ പുരുഷന്മാരും 26,408 പേർ വനിതകളുമാണ്. 18നും 60നും ഇടയ്ക്കു പ്രായമുള്ളവരാണ് പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉൾപ്പെട്ടവരിൽ നിന്നുള്ള അഭിപ്രായം സ്വരുക്കൂട്ടിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സിഎൻഎക്സ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA