ഓരോ ദിവസവും കേരളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു: മോദി

Narendra-Modi-3
SHARE

ന്യൂഡല്‍ഹി∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ദിവസവും കേരളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. വി.മുരളീധരൻ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞത് അപായപ്പെടുത്താനാണെന്നും മോദി ആരോപിച്ചു.

ആന്ധ്രയിലെ ബുത്തുതല പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമ്പോഴാണു കേരളത്തെക്കുറിച്ചു മോദി പരാമർശിച്ചത്. ത്രിപുരയിൽ കമ്യൂണിസ്റ്റ് ആക്രമണത്തിനു ബിജെപിയെ തളർത്താനായില്ല. പൂജ്യത്തിൽനിന്നാണ് അവിടെ ബിജെപി സർക്കാരുണ്ടാക്കിയത്– മോദി പറഞ്ഞു. കേരളത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ കൂട്ടത്തോടെ കേസിൽപ്പെടുത്തുകയാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.

നിയമവാഴ്ച പരിപൂര്‍ണമായും തകര്‍ന്ന അവസ്ഥയാണു കേരളത്തിലുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ പിണറായിയുടെ പൊലീസ് തടവിലാക്കി.

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കലാപത്തിനു കാരണമാകുന്നുവെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെയും, സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന എസ്‌എന്‍ഡിപി യോഗം നേതാവ് പ്രീതി നടേശന്റെയും അഭിപ്രായങ്ങള്‍ അക്ഷരംപ്രതി വസ്തുനിഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി–ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈര്യജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ആര്‍എസ്‌എസും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്നത്. ബിജെപിയും ആര്‍എസ്‌എസും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA