സ്വകാര്യസ്വത്ത് നശിപ്പിക്കൽ തടയാൻ നിയമം; സാമ്പത്തിക സംവരണം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി

pinarayi-vijayan
SHARE

തിരുവനന്തപുരം ∙ പൗരന്‍മാരുടെ സ്വത്തിനു സുരക്ഷ നല്‍കാനും, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ നേരിടുന്നതിനും പ്രത്യേക നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. ‘സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് 2019’ എന്നാണ് പേര്.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുക, ഹര്‍ത്താല്‍ - ബന്ദ് നടത്തി സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുക എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോടൊപ്പം അക്രമം നടത്തിയതിനു നേതൃത്വം നല്‍കിയവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കും. ശക്തമായ നിയമത്തിന്റെ ബലത്തില്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനനില തകര്‍ക്കാര്‍ സംഘപരിവാര്‍ ബോധപൂര്‍വമായ അക്രമം നടത്തുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താലുകളുടെ കണക്കെടുത്താല്‍ 91.7% അക്രമം നടത്തിയതു സംഘപരിവാര്‍ സംഘടനകളാണ്. അവര്‍ നേരത്തേ ആസൂത്രണം ചെയ്ത് അക്രമം നടപ്പിലാക്കുന്നു. പ്രതീക്ഷിച്ച കാര്യങ്ങള്‍ നടക്കാത്തതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് നിരാശ കാണും. അക്രമം നടത്തിയാല്‍ അറസ്റ്റു ചെയ്യും.

അക്രമികളെ അറസ്റ്റു ചെയ്യുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അതെല്ലാം വേറെ സംസ്ഥാനത്ത് പറഞ്ഞാല്‍ മതി. കേരളത്തോട് ആ കളി വേണ്ട. ചില സംസ്ഥാനങ്ങളില്‍ പട്ടാപ്പകല്‍ അക്രമം നടത്തിയാലും അവര്‍ക്ക് സംരക്ഷണം ലഭിക്കും. കൊലപാതകികളെ പിടിക്കാത്ത ഭരണസംവിധാനമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ളത്. അതൊന്നും ഇവിടെ നടക്കില്ല. വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട. അതിനുള്ള ശേഷി അവര്‍ക്കില്ല. ആ കാലമൊക്കെ കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക സാമ്പത്തിക സംവരണം സ്വാഗതാര്‍ഹം

സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന്, മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടി സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം മുന്‍പുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 % സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത്. അത് കേന്ദ്രം കൊടുക്കാന്‍ തയാറായെങ്കില്‍ സ്വാഗതാര്‍ഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം ആലോചിച്ചിട്ടില്ല

ഹര്‍ത്താല്‍ ജനകീയ പ്രതിഷേധത്തിന്റെ അവസാനരൂപമാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്നു ഹര്‍ത്താലെന്ന നിലയിലേക്കു കാര്യങ്ങളെത്തി. ഇതിനെതിരെ പൊതുസമൂഹത്തില്‍ എതിര്‍പ്പുണ്ട്. ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെന്നും യുവതികള്‍ കയറിയതിനു തന്റെ കയ്യില്‍ കണക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 

സഹകരണ നിയമത്തിൽ ഭേദഗതി

സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനു നിയമപരമായ സംയോജനം അനിവാര്യമാണ്. കേരള ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച 19 വ്യവസ്ഥകളില്‍ ഒന്നാണിതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA