സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ പ്രവീൺ പോയത് നാട്ടിലേക്ക്; ദൃശ്യങ്ങൾ പുറത്തായതോടെ ഒളിവിൽ

praveen-nedumangad-police-station-attack
SHARE

തിരുവനന്തപുരം∙ ബോംബേറ് അടക്കം വലിയ സംഘര്‍ഷങ്ങള്‍ നടന്ന തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച. ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രചാരക് പ്രവീണ്‍ 2 ദിവസം സ്വന്തം നാട്ടില്‍ കഴിഞ്ഞിട്ടും പിടികൂടിയില്ല. നെടുമങ്ങാട് പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച േകസിലും ഇതുവരെ പിടിയിലായതു 2 പേര്‍ മാത്രം.

പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്, പൊലീസ് വാഹനം തടഞ്ഞിട്ട് എസ്ഐയെ അടക്കം ആക്രമിക്കല്‍, സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍നിന്നു മണിക്കൂറോളം കല്ലെറിഞ്ഞു ഭീതി സൃഷ്ടിക്കല്‍, ഇങ്ങിനെ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ സംഘര്‍ഷം നടന്ന പ്രദേശമാണു തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പരിധിയിലുള്ളത്. പക്ഷേ, പ്രതികളെ പിടിക്കുന്നതില്‍ സംസ്ഥാനത്ത് ഏറ്റവും അലംഭാവം തുടരുന്നതും ഇവിടെയാണ്.

ബോംബെറിഞ്ഞ ശേഷം ആര്‍എസ്എസ് നേതാവ് പ്രവീണ്‍ നേരെ പോയതു സ്വന്തം നാടായ മാവേലിക്കരയിലേക്കാണ്. 2 ദിവസം അവിടെ കഴിഞ്ഞു. ബോംബെറിയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഒളിവില്‍ പോയത്. അതുവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാത്ത പൊലീസാണ് ഇപ്പോള്‍ ഒളിവിലെന്നു പറഞ്ഞു ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്.

നെടുമങ്ങാട് സംഘര്‍ഷം നിയന്ത്രിക്കാനെത്തിയപ്പോള്‍ വാഹനം വളഞ്ഞ് എസ്ഐയുടെ അടക്കം കൈ തല്ലിയൊടിച്ച കേസിലും മൂന്നു ദിവസം കഴിയുമ്പോഴും പിടിച്ചതു വെറും 3 പേരെയാണ്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞു വരുന്നതേയുള്ളെന്നാണു പൊലീസിന്റെ വിശദീകരണം.

മലയിന്‍കീഴിലെ വന്‍സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പിടിയിലായതു വെറും 2 പേരാണ്. തിരുവനന്തപുരം റൂറല്‍ പൊലീസ് ജില്ലയിലെ ആകെ അറസ്റ്റുകളുടെയെണ്ണം പരിശോധിച്ചാലും എസ്പി അടക്കമുള്ളവരുടെ വീഴ്ച വ്യക്തമാവും. 96 കേസിലായി 170 പേര്‍ മാത്രം. സമാനസംഘര്‍ഷമുണ്ടായ പാലക്കാട് 764, പത്തനംതിട്ടയില്‍ 677 പേര്‍ പിടിയിലായപ്പോഴാണിത്. ആര്‍എസ്എസ് നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന പരാതി സിപിഎം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA