എച്ച്എഎല്ലിനെ തകർത്ത് കേന്ദ്രം അനിൽ അംബാനിക്കു ‘സമ്മാനം’ നല്‍കുന്നു: രാഹുൽ

Rahul-Gandhi
SHARE

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുയർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) കേന്ദ്രം തകർക്കാന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങളിലേക്കു തള്ളിയിടുകയാണ്. എച്ച്എഎല്ലിനെ ദുർബലപ്പെടുത്തുക  എന്നതാണു കേന്ദ്രത്തിന്റെ തന്ത്രം. പണം നൽകാതെ ഇന്ത്യയുടെ ശേഷി ഇല്ലാതാക്കി അനിൽ അംബാനിക്കു സമ്മാനം നല്‍കുകയാണു ലക്ഷ്യമെന്നും പാർലമെന്റിനു പുറത്തു മാധ്യമങ്ങളോടു രാഹുൽ പ്രതികരിച്ചു.

ലോക്സഭയിൽ വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭയമാണ്. ചോദ്യം ചെയ്യപ്പെടുമോ എന്ന് അദ്ദേഹം പേടിക്കുന്നു. അതുകൊണ്ടാണു സഭയിലെത്താത്തത്. ലോക്സഭയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കള്ളം പറയുകയാണ്. പ്രധാനമന്ത്രിക്കൊപ്പം വെറും 15 മിനിറ്റ് നൽകൂ, സത്യം തെളിയിക്കാം. പ്രധാനമന്ത്രിയുടെ വക്താവിനെപ്പോലെയാണു പ്രതിരോധ മന്ത്രി സംസാരിക്കുന്നത്– രാഹുൽ ആരോപിച്ചു.

എച്ച്എഎല്ലിൽ ശമ്പളം കൊടുക്കാനുള്ള പണം പോലുമില്ലെന്നു രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. അനിൽ അംബാനിക്ക് നിലവില്‍ റഫാലുണ്ട്. ശമ്പളമില്ലാതായാൽ മികച്ച എൻജിനീയർമാരും ശാസ്ത്രജ്ഞരും എച്ച്എഎല്ലിൽനിന്ന് അനിൽ അംബാനിയുടെ സ്ഥാപനത്തിലേക്കു പോകുെമന്നും രാഹുൽ പറഞ്ഞു.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. 26,000 കോടി മൂല്യമുള്ള ജോലികള്‍ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. 73,000 കോടിയുടെ പദ്ധതികൾ ഏൽപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുമാണ്. പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങൾക്കും മറുപടി നല്‍കുമെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

50,000 കോടിയുടെ തേജസ് വിമാനങ്ങൾ, 20,000 കോടിയുടെ 200 ഹെലികോപ്റ്ററുകൾ‌, 3,400 കോടിയുടെ 19 ഡോണിയർ വിമാനങ്ങൾ, 15,000 കോടിയുടെ ഹെലികോപ്റ്ററുകൾ, 8,400 കോടിയുടെ എയ്റോ എഞ്ചിനുകൾ എന്നിവയെല്ലാം കരാറിലുണ്ട്. തന്റെ പ്രസ്താവനകളിൽ കൃത്യതയുണ്ടെന്നു തെളിയിക്കുന്ന കണക്കുകളാണു രേഖകളിലുള്ളതെന്നും സംശയങ്ങളുണ്ടാകേണ്ട കാര്യമില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA