എല്ലാവർക്കും സംവരണം: വജ്രായുധവുമായി മോദി; പകച്ച് പ്രതിപക്ഷം

narendra-modi
SHARE

ന്യൂഡൽഹി∙ അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ട 2018ൽ നിന്ന് പാഠമുൾക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊടുത്ത വജ്രായുധമാണു  മുന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം. ലക്ഷ്യം പൊതുതിരഞ്ഞെടുപ്പ്. സംവരണം ലഭിക്കുന്നവരെയും ലഭിക്കാനിരിക്കുന്നവരെയും ഒരുമിച്ചു നിർത്തുകയെന്നതാണു തന്ത്രം. നടപ്പായാൽ ഇന്ത്യയിലെ ഏതാണ്ടു മുഴുവൻ ജനവിഭാഗങ്ങളും സംവരണ പരിധിയിലാകുമെന്നതാണു നേട്ടം.

അടിയന്തര മന്ത്രിസഭായോഗം ചേർന്നാണു മോദി തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തിലെ എൻഎസ്‌എസ് ഉൾപ്പെടെ രാജ്യത്തെ നിരവധി സമുദായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരാണ്. പുതിയ നീക്കത്തിലൂടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ, കയ്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യെന്ന അവസ്ഥയിൽ നിർത്തിയിടത്താണു മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ കൗശലം. സംവരണ ബിൽ ഉച്ചയ്ക്ക് രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കും. ബിജെപി എംപിമാർക്കെല്ലാം വിപ്പ് നൽകി.

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്താനാണു കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. സർക്കാർ ജോലിയിലും ഉന്നതവിദ്യാഭ്യാസ രംഗത്തുമാണു സാമ്പത്തിക സംവരണം. നിലവിലുള്ള 50% സാമുദായിക സംവരണത്തിനു പുറമെയാണിത്. നിലവിൽ മറ്റു പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിൽ കുറവു വരുത്താതെ 50.5 % വരുന്ന പൊതുവിഭാഗത്തിൽ നിന്നാണ് (ജനറൽ ക്വോട്ട) മുന്നാക്ക സംവരണം നൽകുകയെന്നാണു സർക്കാർ പറയുന്നത്. വിവേചനവും അവസര സമത്വവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 15, 16 വകുപ്പുകൾ ഇതിനായി ഭേദഗതി ചെയ്യണം.

ഇന്ത്യ– ‘സമ്പൂർണ സംവരണ രാജ്യം’

ഉത്തരേന്ത്യയിൽ കാലാകാലങ്ങളായി ബിജെപിയുടെ വോട്ടുബാങ്കാണു മുന്നാക്ക വിഭാഗങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പിന്തുണ നഷ്ടപ്പെട്ടു. തുടർച്ചയായി 3 തവണ അധികാരത്തിലിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടു; രാജസ്ഥാനിൽ ഭരണം നിലനിർ‌ത്താനുമായില്ല. മുന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്തിയാലേ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനാകൂവെന്ന തിരിച്ചറിവിലാണു സാമ്പത്തിക സംവരണം എന്ന തുറുപ്പുചീട്ട് വീശിയത്.

സാമുദായിക സംവരണത്തിനൊപ്പം സാമ്പത്തിക സംവരണം കൂടി യാഥാർഥ്യമാകുമ്പോൾ ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഏതെങ്കിലുമൊരു ആനുകൂല്യം ലഭിക്കുന്നവരാകും. പുതിയ തീരുമാനത്തിലെ മാനദണ്ഡങ്ങളാണ് ഇതിനു കാരണം. 5 ഏക്കറിലേറെ ഭൂമിയില്ലാത്തവരും വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ താഴെയുള്ളവരും 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുള്ളവരും 10 ശതമാനം സംവരണത്തിന് അർഹരാണെന്നു കേന്ദ്രം പറയുന്നു.

ആദായനികുതി വകുപ്പിന്റെയും ദേശീയ സാംപിൾ സർവേ ഓഫിസിന്റെയും (എൻഎസ്എസ്ഒ) കണക്കുകളനുസരിച്ച് 95 ശതമാനം ഇന്ത്യക്കാരും ഈ പരിധികൾക്കു താഴെയാണ്. വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയെന്ന മാനദണ്ഡം ആദ്യമെടുക്കാം. അഞ്ചംഗ കുടുംബത്തിലെ ഓരോരുത്തർക്കും ചുരുങ്ങിയത് 13,000 രൂപ വീതം മാസവരുമാനം കണക്കാക്കിയാൽ പ്രതിമാസം ആകെ 65,000 രൂപ. വർഷത്തിൽ 7.8 ലക്ഷം. എൻഎസ്എസ്ഒയുടെ പുതിയ കണക്കനുസരിച്ച് (2011–12) ഗ്രാമീണ മേഖലയിൽ 2,625 രൂപയും നഗരത്തിൽ 6,015 രൂപയുമാണു വ്യക്തികളുടെ ശരാശരി മാസവരുമാനം. 5 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഈ പരിധിക്കു മുകളിലുള്ളത്.

2016–17ലെ ആദായനികുതി കണക്കുകൾ പ്രകാരം 23 ദശലക്ഷം വ്യക്തികൾക്കേ 4 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളൂ. ഇങ്ങനെയുള്ള രണ്ടു പേർ കുടുംബത്തിലുണ്ടെന്നു കണക്കാക്കിയാൽ ഏകദേശം 1 കോടി കുടുംബങ്ങൾ 8 ലക്ഷം എന്ന പരിധിക്കു പുറത്താകും. ഇവർ ആകെ ജനസംഖ്യയുടെ 4 ശതമാനമേ വരൂ. തിങ്കളാഴ്ച കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യക്കാരുടെ ശരാശരി വാർഷിക വരുമാനം 1.25 ലക്ഷമാണ്. അഞ്ചംഗ കുടുംബത്തിലെ എല്ലാവർക്കും ഈ വരുമാനമുണ്ടെന്നു കരുതിയാലും പ്രതിവർഷം 6.25 ലക്ഷമേയാകൂ.

ഭൂമിയുടെ മാനദണ്ഡം നോക്കിയാലും സമാനമാണു കണക്കുകൾ. 2015–16ലെ കാർഷിക സെൻസസ് പ്രകാരം 86.2 ശതമാനം പേരുടെ കൈവശം 2 ഹെക്ടറിൽ താഴെ ഭൂമിയേയുള്ളൂ. കൂടുതലുള്ളവരുണ്ടെങ്കിലും അത് 5 ഹെക്ടറിൽ താഴെയാണ്. വീടിന്റെ വലുപ്പത്തിലും കാണാം ഈ ഉദാര സമീപനം. 2012ലെ എൻഎസ്എസ്ഒ റിപ്പോർട്ടനുസരിച്ച് ജനസംഖ്യയുടെ 20 ശതമാനം വരുന്ന ധനികരുടെ വീടുകളുടെ ശരാശരി വലുപ്പം 45.99 ചതുരശ്ര മീറ്ററാണ്– അതായത് 500 ചതുരശ്ര അടി. 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകളെന്ന പരിധിയിൽ 80–90 ശതമാനം കുടുംബങ്ങളും ഉൾപ്പെടും.

എല്ലാവർക്കും സമ്മാനമെന്ന് സർക്കാർ

ആരിൽനിന്നും കവർന്നെടുക്കാതെ തരുന്ന സമ്മാനമെന്നാണു സാമ്പത്തിക സംവരണത്തെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. നിലവിൽ സംവരണം കിട്ടുന്നവർക്കു യാതൊരു നഷ്ടവുമുണ്ടാകില്ല. കാലങ്ങളായി ഈ ആവശ്യമുന്നയിക്കുന്നവർക്ക് നേട്ടവുമാകും. ജനസംഖ്യയുടെ 23 ശതമാനമുള്ള എസ്‌സി, എസ്ടി വിഭാഗങ്ങൾക്കും 40–50 ശതമാനം വരുന്ന ഒബിസിക്കാർക്കും മറ്റുമാണു നിലവിൽ സംവരണമുള്ളത്. ഇവരെ മാറ്റിനിർത്തിയാൽ 27–37 ശതമാനം ജനങ്ങൾക്ക് സംവരണാനുകൂല്യങ്ങളില്ല.

‘ജനറൽ വിഭാഗത്തിൽ’ പെടുന്ന വലിയൊരുപക്ഷം വോട്ടർമാരുടെ ഹൃദയത്തിലിടം നേടാനാണു പുതിയ സംവരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ ശോഭ മങ്ങിയിരുന്നു. കഴിഞ്ഞ വർഷം യുപിയിൽ നടന്ന 3 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും പരാജയമായിരുന്നു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതികൾ ഹിന്ദി സംസ്ഥാനങ്ങളിൽ സവർണ വിഭാഗങ്ങളുടെ അമർഷത്തിനും ഇടയാക്കി.

പട്ടിക വിഭാഗ പീഡന നിരോധന നിയമമനുസരിച്ചു കളളക്കേസുകളെടുക്കുന്നുവെന്നു മുന്നാക്ക വിഭാഗ സംഘടനകൾക്കു നേരത്തേ പരാതിയുണ്ട്. ഈ ആവശ്യത്തിനു വഴങ്ങിയാൽ വോട്ടർമാരിലെ പ്രധാന വിഭാഗമായ ദലിത്/പിന്നാക്ക ജനങ്ങളെ അകറ്റുകയാകും ഫലം. ഈ സാഹചര്യത്തിൽ, സന്തുലിത പ്രവൃത്തിയെന്ന നിലയിലാണു സാമ്പത്തിക സംവരണവുമായി സർക്കാർ രംഗത്തെത്തിയത്. 2019ൽ ബിജെപി പ്രയോഗിക്കുന്ന മുഖ്യ ആയുധങ്ങളിലൊന്ന്. ഹിന്ദി ഹൃദയഭൂമിയിൽ മാത്രമല്ല, ഇന്ത്യയാകെ അനുരണനങ്ങളുണ്ടാക്കുമെന്നു നിശ്ചയം.

പിന്തുണച്ചും പ്രതികൂലിച്ചും പാർട്ടികൾ

രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണു കേന്ദ്ര നടപടി. പിന്നാക്കക്കാരെയും മുന്നാക്കക്കാരെയും പിണക്കാൻ വയ്യെന്ന അവസ്ഥയിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ പാർട്ടികൾ മടിക്കും. ഇതു മുതലാക്കുന്നതിനാലും പാർട്ടിയുടെ മിടുക്കെന്നു ബിജെപി കണക്കാക്കുന്നു. കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്നു പറഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎമ്മും ഇടതു മുന്നണിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തപ്പോൾ വഞ്ചനാപരമായ നിലപാടെന്നാണ് എസ്എൻഡിപി അഭിപ്രായപ്പെട്ടത്.

സമദൂര കക്ഷി എന്ന നിലയിൽ കോൺഗ്രസിനു സന്തുലിത സമീപനം സ്വീകരിക്കാതെ നിവൃത്തിയില്ല. എസ്‌പി, ബിഎസ്‌പി എന്നീ കക്ഷികൾ പിന്നാക്ക സംവരണം അപകടത്തിലാണെന്നു മുറവിളി കൂട്ടും. ദലിത് സമൂഹവും സർക്കാർ തീരുമാനത്തെ എതിർക്കാനാണു സാധ്യത. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആദ്യം വോട്ട് ബാങ്ക് സംരക്ഷിക്കുകയെന്ന തന്ത്രമാണു ബിജെപിയുടേത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു കർഷകരെയും യുവാക്കളെയും പിന്നാക്ക വിഭാഗങ്ങളെയും ആകർഷിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. മുന്നാക്കക്കാരെയും പിന്നാക്കക്കാരെയും കൂടെനിർത്തി, മുൻവർഷങ്ങളിലുണ്ടായ മുറിവുകളിൽ മരുന്നു പുരട്ടാമെന്നാണു ബിജെപിയുടെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA