sections
MORE

പൊളിഞ്ഞത് മോദി സര്‍ക്കാരിന്റെ 'പാതിരാ'നാടകം; ആലോക് വരുമ്പോള്‍ ചങ്കിടിക്കുന്നതാര്‍ക്ക് ?

verma-modi
SHARE

ന്യൂഡൽഹി∙ അന്നും ഒരു ചൊവ്വാഴ്ചയായിരുന്നു. ഒക്‌ടോബര്‍ 23, 2018. ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജൻസിയുടെ തലപ്പത്ത് ചരിത്രം കണ്ടിട്ടില്ലാത്തൊരു പാതിരാ അട്ടിമറി നടന്ന ദിവസം. വിവാദങ്ങളും തർക്കങ്ങളും സമരങ്ങളും കൊടുമ്പിരി കൊണ്ട ദിവസങ്ങളായിരുന്നു പിന്നെ. അതെല്ലാം പിന്നിട്ട് 2019 ജനുവരിയിലെ രണ്ടാം ചൊവ്വാഴ്ചയിൽ ആ പാതിരാനാടകത്തിനു താൽക്കാലിക തിരശീല വീണു. അണിയറയിൽ കേന്ദ്ര സർക്കാരിനെ മറികടന്നു സുപ്രീംകോടതി സൂത്രധാരനായി.

പാതിരാനാടകത്തിന് അരങ്ങൊരുങ്ങിയത് 2017 ഒക്ടോബർ 23ന്. സിബിഐ തലവൻ ആലോക് വർമ സെൻട്രൽ വിജിലൻസ് കമ്മിഷനോട് (സിവിസി) എതിർപ്പറിയിച്ചിട്ടും രാകേഷ് അസ്താനയെ സിബിഐ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അന്നാണ്. സിബിഐ തലപ്പത്തെ പോരുമുറുകിയതും ആ ദിവസങ്ങളിലാണ്. സിബിഐ ഡയറക്ടർ ആലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടൽ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന സ്ഥിതിയായപ്പോൾ ഇടപെട്ടെന്നു കേന്ദ്രം. രണ്ടുപേരെയും നിർബന്ധിത അവധിയെടുപ്പിച്ചു. ജോയിന്റ് ഡയറക്ടർ എം.നാഗേശ്വർ റാവു താൽക്കാലിക ഡയറക്ടർ.

പക്ഷേ സർക്കാരിനേറ്റ അടിയായി സുപ്രീംകോടതിയുടെ ചൊവ്വാഴ്ചത്തെ ഇടപെടൽ. ആലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയ്ക്കു സിബിഐ ഡയറക്ടറായി തുടരാം, ഡയറക്ടറെ മാറ്റാന്‍ ഉന്നതതല സമിതിയുടെ അനുമതി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഇപ്പോഴത്തെ ഉത്തരവിൽ സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് ആലോക് വര്‍മയെ കോടതി വിലക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. ആലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്തു നിലനിര്‍ത്തുന്നതു സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ജനുവരി 31 വരെയാണു വര്‍മയുടെ കാലാവധി.

Rakesh Asthana
രാകേഷ് അസ്താന

പാതിരാനാടകം ഇങ്ങനെ

ആലോക് വർമയെയും രാകേഷ് അസ്താനയെയും നീക്കാൻ ഒക്ടോബർ 23ന് സന്ധ്യയോടെയാണു കേന്ദ്ര വിജിലൻസ് കമ്മിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശുപാർശ ചെയ്തത്. നടപടികൾ അർധരാത്രിയിൽ മതിയെന്നു കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി തീരുമാനിച്ചു.

പുലർച്ചെ 1.00:

നടപടി വിവരം വർമയെയും അസ്താനയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ‍ അറിയിച്ചു. ഇതേസമയം നാഗേശ്വർ റാവു ചുമതലയേറ്റു.

1.15 – 1.45:

സിബിഐ ആസ്ഥാനത്ത് 10, 11 നിലകളിലായുള്ള വർമയുടെയും അസ്താനയുടെയും ഓഫിസുകൾ പരിശോധിക്കാനും മുദ്ര വയ്ക്കാനും റാവുവിന്റെ നിർദേശം.

2.00:

അസ്താന കേസിൽ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ജോയിന്റ് ഡയറക്ടർ എ.കെ.ശർമ, ഡിഐജി മനീഷ് സിൻഹ തുടങ്ങി വർമയോട് അടുപ്പമുള്ള 13 പേർക്കു സ്ഥലംമാറ്റം.

CBI Office | Bengaluru

ആലോക് വരുമ്പോൾ ചങ്കിടിക്കുന്നതാർക്ക് ?

പുറത്താക്കലിന് ഏതാനു ദിവസം മുൻപ് ആലോക് വർമയുടെ ഓഫിസിൽ ഒരു കൂടിക്കാഴ്ച നടന്നു. സിബിഐയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ ഏറ്റവും അലോസരപ്പെടുത്തിയ സംഭവങ്ങളിലൊന്ന് ഇതായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവരാണു വർമയുമായി ചർച്ചയ്ക്കെത്തിയത്. റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടായിരുന്നു ചർച്ചയായത്. അഴിമതി സംബന്ധിച്ച ചില രേഖകളും അവർ കൈമാറി.

പരാതി പരിശോധിക്കുന്ന നടപടികളിലേക്കു കടക്കുന്നതിനിടെയാണ് ആലോക് വർമയെ നീക്കിയത്. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കൾ സിബിഐ മേധാവിയെ ഓഫിസിലെത്തി കണ്ടതിനെ സർക്കാർ തലപ്പത്തുള്ളവർതന്നെ രഹസ്യമായി വിമർശിച്ചു. റഫാൽ ഇടപാടിലെ രേഖകളുമായി എത്തിയവരെ ആലോക് വർമ നേരിൽക്കണ്ടത്, കേസിൽ അദ്ദേഹത്തിനുള്ള താൽപര്യമായും വ്യാഖ്യാനിക്കപ്പെട്ടു.

സിബിഐയുടെ തലപ്പത്തുനിന്നു മാറ്റപ്പെട്ട ആലോക് വർമ സുപ്രീം കോടതിയോടു പറഞ്ഞു, ‘ഉന്നതരുൾപ്പെട്ട കേസന്വേഷണ കാര്യങ്ങളിൽ സ്പെഷൽ ഡയറക്ടർ ഉടക്കുവച്ചു. സുപ്രീം കോടതി നേരിട്ടു നിരീക്ഷിക്കുന്ന കേസുകളടക്കം, അതിപ്രധാനമായ ചില കേസുകൾപോലും ഈ കൂട്ടത്തിലുണ്ട്’. അതിനർഥം അസ്താന തനിച്ചല്ലെന്നുതന്നെ. അസ്താനയ്ക്കു നേരെ വിരൽചൂണ്ടുമ്പോൾ ചങ്കിടിക്കുന്നതു മറ്റാർക്കൊക്കെയോ ആണെന്ന വ്യാഖ്യാനവും പരന്നു.

കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിയിടാൻ പോന്ന പരാതികൾ ആലോക് വർമയുടെ സജീവ പരിഗണനയിലുണ്ടായിരുന്നുവത്രേ. ഈ പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങുന്നതുപോലും കേന്ദ്രത്തിനു ക്ഷീണം ചെയ്യുമെന്ന് ഉറപ്പായിരുന്നു. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ഇതൊഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു വർമയ്ക്കെതിരായ നടപടിയെന്നാണു സൂചന.

മെഡിക്കൽ കോളജ് കോഴവിവാദം.

സർക്കാർ പ്രവേശനം വിലക്കിയ മെഡിക്കൽ കോളജിന് അനുമതി തരപ്പെടുത്തി നൽകുന്നതുമായി ബന്ധപ്പെട്ട കോഴവിവാദം. സർക്കാർ ഉത്തരവിനെതിരെ കോളജ് സുപ്രീം കോടതിയിൽ ഹർജി നൽകി. കോളജിന് അനുകൂലമായ  വിധി സമ്പാദിക്കുന്നതിനായി, വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി അടക്കം ഇടപെട്ടുവെന്നാണു കേസ്. ഖുദ്ദുസിയുടെ ഇടപെടൽമൂലം ഉന്നത സ്വാധീനമുള്ളവർ അനുകൂല നിലപാടെടുത്തതായും എഫ്ഐആറിലുണ്ട്. കേസിൽ കുറ്റപത്രം തയാറായിരുന്നു. ഫയൽ പരിശോധിച്ച് ഒപ്പുവയ്ക്കുന്ന നടപടിയാണ് ഡയറക്ടറുടെ മുന്നിൽ ശേഷിച്ചിരുന്നത്. 

റിട്ട. ജഡ്ജി ഖുദ്ദുസി ഉൾപ്പെട്ട മെഡിക്കൽ കോഴക്കേസിന്റെ തുടർച്ചയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.നാരായൺ ശുക്ലയ്ക്കെതിരെയുള്ളത്. ജസ്റ്റിസ് ശുക്ലയ്ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുന്നതിന്  മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ സെപ്റ്റംബറിൽ സിബിഐക്ക് അനുമതി നിഷേധിച്ചു. എഫ്ഐആർ ഇടുന്നതിനുള്ള ശ്രമങ്ങൾ സിബിഐ തുടരുന്നതിനിടെയായിരുന്നു വർമയുടെ സ്ഥാനമാറ്റം.

cbi-cartoon

മോദിയുടെ വിശ്വസ്തനെതിരായ പരാതി

മോദിയുടെ വിശ്വസ്തനായ ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരായ പരാതിയാണു മറ്റൊന്ന്. കോടികൾ തട്ടി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിച്ചതടക്കം, ഒട്ടേറെ അഴിമതി ഇടപാടുകളിൽ ആദിയയ്ക്കു പങ്കുണ്ടെന്നായിരുന്നു ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ആദിയ. സുബ്രഹ്മണ്യൻ സ്വാമിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കേസിന് ആലോക് വർമ നേരിട്ടാണു മേൽനോട്ടം വഹിച്ചത്.

ബംഗാൾ ആസ്ഥാനമായ കമ്പനിക്കു കൽക്കരി ഖനനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ മുന നീണ്ടത് പ്രധാനമന്ത്രിയുടെ വിശ്വസ്തനിലേക്കായിരുന്നു– മോദിയുടെ സെക്രട്ടറിയും ബംഗാൾ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഭാസ്കർ ഖുൽബേയ്ക്കെതിരെ. ഖുൽബേയ്ക്കെതിരെ കേസെടുക്കണമെന്ന നിർദേശത്തിനു തടയിട്ടത് അസ്താനയായിരുന്നുവെന്നു സിബിഐ വൃത്തങ്ങൾ പറയുന്നു. പ്രധാനമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി പി.കെ.മിശ്രയ്ക്കൊപ്പം ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം വൻ സ്വാധീനമുള്ളയാളാണു ഖുൽബേ.

കേന്ദ്ര വിജിലൻസ് കമ്മിഷണറുടെ അന്വേഷണ നടപടികളോടു സഹകരിക്കുന്നില്ലെന്നതായിരുന്നു വർമയ്ക്കെതിരായ പ്രധാന കണ്ടെത്തൽ. കോഴക്കേസ് ചുമത്തപ്പെട്ട അസ്താനയുടെ കാര്യത്തിൽ സർക്കാരിന്റെ ന്യായം മറ്റൊന്നായിരുന്നു – കേസെടുത്തതും റെയ്ഡ് നടത്തിയതുമെല്ലാം കീഴ്‌വഴക്കം ലംഘിച്ചായിരുന്നു. തമ്മിലടി രൂക്ഷമായപ്പോൾ രണ്ട് ഉദ്യോഗസ്ഥരെയും വിളിപ്പിച്ച പ്രധാനമന്ത്രിയുടെ സമീപനത്തിൽപോലും രണ്ടു നീതി പ്രകടമായിരുന്നു.

CBI-Infight

സിബിഐ തർക്കത്തിൽ രാഷ്ട്രീയപ്പോര്

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി കള്ളനാണെന്ന് ആവർത്തിച്ചായിരുന്നു സിബിഐ വിഷയത്തിൽ നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾക്കൊപ്പം സിബിഐ ആസ്ഥാനത്തേക്കു പ്രകടനം നടത്തിയ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തതു പ്രക്ഷോഭത്തിന്റെ വീര്യം കൂട്ടി. കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ തൃണമൂൽ കോൺഗ്രസ്, സിപിഐ, ലോക്താന്ത്രിക് ജനതാദൾ നേതാക്കളും അണിനിരന്നിരുന്നു.

റഫാൽ യുദ്ധവിമാന ഇടപാടിനൊപ്പമാണു സിബിഐ വിഷയത്തിലും കോൺഗ്രസ് പോർമുന കൂർപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ മോദി കൊള്ളയടിച്ചെന്നും ജനങ്ങളുടെ പക്കൽനിന്നു തട്ടിയെടുത്ത 30,000 കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലിട്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ‘സിബിഐ ഡയറക്ടറെ മാറ്റിയതിലൂടെ സത്യം മൂടിവയ്ക്കാൻ സാധിക്കില്ല. നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ലളിത് മോദി എന്നിവരെ പോലെ അനിൽ അംബാനിയും രാജ്യം വിട്ടേക്കും’– രാഹുൽ പറഞ്ഞു.

തലയില്ല; പ്രധാന കേസുകളിൽ വഴിമുട്ടി

തലപ്പത്തെ പടലപിണക്കം മൂർച്ഛിച്ചതോടെ സിബിഐ നാഥനില്ലാക്കളരിയായി. പ്രധാനപ്പെട്ട കേസുകളിലെ അന്വേഷണം വഴിമുട്ടി. വിവാദ വ്യവസായികളായ വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി ഉൾപ്പെടെയുള്ളവരെ ഇന്ത്യയിൽ എത്തിക്കുന്നതു സംബന്ധിച്ച കേസുകളിലാണു മെല്ലെപ്പോക്കുണ്ടായത്. മിക്ക കേസുകളിലും തീരുമാനങ്ങളോ നടപടികളോ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. ഫയലി‍ൽ ഒന്നും കുറിക്കാനും തയാറായില്ല.

5000 കോടി വായ്പയെടുത്ത് നൈജീരിയയ്ക്കു കടന്ന വഡോദരയിലെ സ്റ്റെർലിങ് ബയോടെക് കമ്പനിയുടമ നിതിൻ സന്ദേസര, പഞ്ചാബ് നാഷനൽ ബാങ്കിൽ 13,000 കോടിയിലേറെ രൂപയുടെ തിരിമറി നടത്തി ഇന്ത്യ വിട്ട വജ്രവ്യവസായി നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയുമായി ലണ്ടനിലേക്കു കടന്ന വിജയ് മല്യ, 6800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മുംബൈയിലെ വിൻസം ഡയമണ്ട് ആൻഡ് ജ്വല്ലറി ഉടമ ജതിൻ മേത്ത, ഐപിഎൽ മുൻ മേധാവി ലളിത് മോദി, എബിസി കോട്സ്പിൻ ഉടമ ആശിശ് ജോബൻപുത്ര, കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട റിതേഷ് ജയ്ൻ തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ മുഖ്യപങ്ക് വഹിക്കേണ്ടത് സിബിഐ ആണ്.

ന്യായീകരിച്ച് കേന്ദ്രം, വിമർശിച്ച് കോൺഗ്രസ്

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഇപ്പോഴും ന്യായീകരിക്കുകയാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി. ആലോക് വര്‍മയെ മാറ്റിയതു സിവിസി റിപ്പോര്‍ട്ടിനെ തുടർന്നാണ്. എന്നാല്‍ സുപ്രീംകോടതി വിധി പാലിക്കുമെന്നും ജയ്‍റ്റ്ലി പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വിധി കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ, ആർബിഐ തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങളിൽ പിടിമുറുക്കാനുള്ള കേന്ദ്ര നീക്കത്തിനേറ്റ പ്രഹരമാണു സുപ്രീംകോടതി വിധി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA