വിലയിളവു നല്‍കിയില്ലെങ്കില്‍ മറ്റു കമ്പനികളില്‍നിന്ന് ഡീസല്‍ വാങ്ങും; ഐഒസിക്ക് തച്ചങ്കരിയുടെ മുന്നറിയിപ്പ്‌

tomin-thachankary
SHARE

തിരുവനന്തപുരം∙ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്ന് കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന് വിലയിളവ് നല്‍കണമെന്നും, അല്ലെങ്കില്‍ മറ്റു കമ്പനികളില്‍നിന്ന് ഡീസല്‍ വാങ്ങേണ്ടിവരുമെന്നും എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ മുന്നറിയിപ്പ്.

കെഎസ്ആര്‍ടിസി സ്ഥിരമായി ഡീസല്‍ വാങ്ങുന്നത് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്നാണെങ്കിലും മറ്റു കമ്പനികള്‍ നല്‍കുന്ന വിലയിളവ് നല്‍കാന്‍ തയാറാകുന്നില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആര്‍ടിസി ഒരു ദിവസം 4.5 ലക്ഷം ലീറ്റര്‍ ഡീസലാണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്ന് വാങ്ങിക്കുന്നത്. 13,500 കിലോ ലീറ്ററാണ് ഒരു മാസം വാങ്ങുന്നത്. ഇതിനുള്ള ചെലവ് 95 കോടി രൂപയാണ്. ഒരു വര്‍ഷത്തെ ചെലവ് 1,140 കോടി രൂപ. ആകെ ചെലവിന്റെ മൂന്നിലൊന്നു വരുമിത്. 

കര്‍ണാടക ആര്‍ടിസിയും, ബിഎംടിസിയും (ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍)  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍നിന്ന് ഇന്ധനം വാങ്ങുമ്പോള്‍ കിലോലീറ്ററിന് 1,950 രൂപ ഇളവ് ലഭിക്കുന്നുണ്ട്.

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്ന് ഇന്ധനം വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത് കിലോലീറ്ററിന് 300 രൂപ മാത്രം. ഈ നിരക്കുകള്‍ താരതമ്യം ചെയ്താല്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം ഒരു വര്‍ഷം 28 കോടി രൂപയാണ്. ഇക്കാരണത്താല്‍ വിലയിളവ് നല്‍കണമെന്നും അല്ലെങ്കില്‍ മറ്റു കമ്പനികളുടെ ഇന്ധനം വാങ്ങേണ്ടിവരുമെന്നും എംഡിയുടെ കത്തില്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA