ഇരു മുന്നണികളെയും മടുത്തു; കേരളത്തില്‍ എൻഡിഎയ്ക്ക് അനന്ത സാധ്യത: ശ്രീധരൻ പിള്ള

ps-sreedharan-pillai-1
SHARE

കൊച്ചി∙ അനന്തമായ സാധ്യതയാണ് എൻഡിഎക്ക് ഇപ്പോൾ കേരളത്തിലുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻപിള്ള. യുഡിഎഫിന്റെ നിഷ്ക്രിയത്വവും എൽഡിഎഫിന്റെ അക്രമരാഷ്ട്രീയവും മടുത്ത ജനങ്ങൾ എൻഡിഎക്കു പിന്തുണ നൽകുമെന്നാണു പൊതുവായ വിലയിരുത്തൽ. ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ സർവേകളിലെല്ലാം കേരളത്തിൽ എൻഡിഎയുടെ സാധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഇത്രയും അധഃപതിച്ച ഭരണം രാഷ്ട്രീയ കേരളത്തിലുണ്ടായിട്ടില്ല. ഇതു കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്നു പഴയ പ്രസംഗവിവാദം ഓർമിച്ച് ശ്രീധരൻപിള്ള പറഞ്ഞു. സുവര്‍ണാവസരം തന്നെയാണ്, അതിലൊരപാകതയുമില്ല. എന്നാലും പദങ്ങൾ സൂക്ഷിച്ചുപയോഗിക്കുകയാണ്. ബിജെപി പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് അതിൽ ശബരിമലയെ അനുകൂലിക്കുന്നതോ, സർക്കാരിനെ വിമർശിക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവർത്തകർ ജയിലിലാകുന്ന അവസ്ഥയാണ്. പ്രധാനമന്ത്രിയുടെ കേരളസന്ദർശനം പരാജയപ്പെടുത്താൻ 3 ജില്ലകളിലും ബിജെപി പ്രവർത്തകരെ കള്ളക്കേസിലുൾപ്പെടുത്തി ജയിലിലടക്കുകയാണെന്ന് ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഘടകകക്ഷികളുമായി സംസ്ഥാനത്ത് സീറ്റു ധാരണയായി. ഘടകകക്ഷികളുടെ നിർദേശങ്ങളിൽ അന്തിമതീരുമാനം കേന്ദ്രകമ്മിറ്റിയെടുക്കും. 20 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥികൾ മൽസരിക്കുമെന്നും എൻഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം ശ്രീധരൻപിള്ള പറഞ്ഞു. എൻഡിഎക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിലെന്നു യോഗം വിലയിരുത്തി. ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കും. ഫെബ്രുവരി 20 നകം ലോക്സഭാ കൺവെൻഷനുകൾ പൂർത്തിയാക്കും. പൊലീസ് വേട്ടയാടലിനെതിരെ 16ന് 11 ജില്ലകളിൽ ഉപവാസം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന 3 ജില്ലകളെയാണ് ഉപവാസ സമരത്തിൽനിന്ന് ഒഴിവാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA