ബജറ്റിൽ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ്: തോമസ് ഐസക്

thomas-isaac
SHARE

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റില്‍ ഇത്തവണ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്കുമേല്‍ ഒരുശതമാനം സെസ് ചുമത്തുന്നതുവഴി 500 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും സ്റ്റാംപ് ഡ്യൂട്ടി അടക്കമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെയും നികുതികള്‍ ഇത്തവണ വര്‍ധിപ്പിക്കില്ലെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. പകരം നികുതി കുടിശികകള്‍ പിരിച്ചെടുത്ത് വരുമാനം ഉയര്‍ത്താനാണ് പദ്ധതി.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പാക്കേജാകും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്. ഇതുവരെ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ബജറ്റിലിടംപിടിക്കും. ജിഎസ്ടിക്കുമേല്‍ ഒരുശതമാനം സെസ് ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കു ചുമത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കും, പ്രതീക്ഷിക്കുന്ന അധികവരുമാനം 500 കോടി. അടുത്തവര്‍ഷം കൂടി സെസ് തുടരുന്നതോടെ 1000 കോടി ഈയിനത്തില്‍ ലഭിക്കും. കഴിഞ്ഞ മൂന്നു മാസമായി ജിഎസ്ടി നികുതിവരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് ജിഎസ്ടി നികുതിവരുമാനം ഉയരും. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം കുറഞ്ഞുപോകാതിരിക്കാന്‍ നിര്‍ത്തിവച്ചിരുന്ന വാറ്റ് നികുതി കുടിശിക പിരിക്കല്‍ പുനരാരംഭിക്കും. ‌‌‌

ഭൂമിയുടെ ഫെയര്‍വാല്യു കുറച്ചുകാണിച്ച് നികുതിവെട്ടിച്ച എട്ടുലക്ഷം പേരില്‍ നിന്നും കുടിശിക പിരിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം സാമ്പത്തിക ഞെരുക്കം തുടരുന്ന സാഹചര്യത്തിലാണ് സ്റ്റാംപ് ഡ്യൂട്ടിയിലടക്കം വര്‍ധനവരുത്തേണ്ട എന്ന് തീരുമാനിച്ചത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA