പാക്കിസ്ഥാന് ചൈനയുടെ ‘സമ്മാനം’: ബ്രഹ്മോസിനെ വെല്ലുവിളിക്കുന്ന മിസൈലുകൾ

brahmos-missile
SHARE

ന്യൂഡൽഹി∙ ബ്രഹ്മോസ്, കപ്പൽ വിരുദ്ധ ക്രൂസ് മിസൈലുകളിൽ ഇന്ത്യയുടെ വജ്രായുധം. ശബ്ദത്തേക്കാൾ മൂന്നിരിട്ടി വേഗത്തിൽ പായുന്ന മിസൈൽ 2006 മുതൽ ഇന്ത്യൻ നാവികസേനയുടെ ആയുധക്കരുത്തിന്റെ ഭാഗമാണ്. പാക്കിസ്ഥാൻ‌ നാവികസേനയ്ക്കു മുൻപിൽ ഇന്ത്യയുടെ അഭിമാനമാണ് ബ്രഹ്മോസ്. എന്നാൽ പാക്കിസ്ഥാനായി ചൈന നിർമിക്കുന്ന നാല് പുതിയ യുദ്ധക്കപ്പലുകളിൽ പ്രധാന ആയുധമായി ചൈനീസ് സൂപ്പർസോണിക് മിസൈലായ വൈജെ–12 ന്റെ വകഭേദമായ സിഎം–302 മിസൈലുകൾ ഉണ്ടാകുമെന്നാണു പുറത്തു വരുന്ന വിവരം.

വൈജെ–12 മിസൈലുകളുടെ അതേ വേഗവും ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ ശ്രേണിയിലുമുള്ളതായിരിക്കും സിഎം–302 മിസൈലുകൾ. കഴിഞ്ഞ മാസം, രണ്ടാമത്തെ യുദ്ധക്കപ്പലിന്റെ നിർമാണ ഉദ്ഘാടനത്തിനു ശേഷം ചൈനീസ് കപ്പൽനിർമാണ കോർപ്പറേഷൻ പുറത്തുവിട്ട് ഡിജിറ്റൽ ചിത്രത്തിലൂടെയാണ് കപ്പലിൽ സിഎം–302 മിസൈലുമുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഷാങ്ഹായിലെ ഹുഡോങ്– ഷോങ്ക്യ തുറമുഖത്താണ് യുദ്ധക്കപ്പലുകളുടെ നിർമാണം പുരോഗമിക്കുന്നത്.

ചൈന നിർമിക്കുന്ന 054 വിഭാഗത്തിലുള്ള യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കുന്ന സിഎം–302 മിസൈലുകൾ ഇന്ത്യയ്ക്ക് പുതിയ ഭീഷണിയായിരിക്കുമെന്ന് നിർമാണ പ്രവർ‌ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ നാവികസേനയിൽ ദീർഘദൂര െസൻസറുകളുടെ അഭാവമുള്ളതിനാൽ മിസൈലുകൾ വെല്ലുവിളി ഉയർത്തില്ലെന്നും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

pakistan-frigate-digital-image
ചൈന നിർമിക്കുന്ന 054 യുദ്ധക്കപ്പലിന്റെ ഡിജിറ്റൽ ചിത്രം. ചൈനീസ് കപ്പൽനിർമാണ കോർപ്പറേഷൻ പുറത്തുവിട്ടത്.

ലക്ഷ്യസ്ഥാനത്തെ‌ക്കുറിച്ചുള്ള കൃത്യമായ വിവരം, നിരീക്ഷണ ശേഷി, നാവികസേനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ ഇലക്ട്രോണിക് പ്രതിരോധ വലയം ഭേദിക്കാനുള്ള കരുത്ത് എന്നിവകൂടി സ്വന്തമാക്കിയെങ്കിൽ മാത്രമെ പാക്ക് നാവികസേനയ്ക്ക് ഇന്ത്യക്കെതിരെ മിസൈൽ വിക്ഷേപിക്കാൻ സാധിക്കുവെന്നും അവർ പറഞ്ഞു. എങ്കിലും സിഎം–302 ന്റെ കടന്നുവരവ് 2021 മുതൽ പാക്ക് നാവികസേനയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

അതേസമയം, റഷ്യയുമായി ചേർന്ന് ഇന്ത്യ നിർമിച്ച ബ്രഹ്മോസ് മിസൈലുകൾ ഇന്തൊനീഷ്യക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം നീക്കങ്ങൾ നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകൾക്ക് ശബ്ദത്തേക്കാൾ മൂന്നിരിട്ടി വേഗത്തിൽ സഞ്ചരിക്കാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA