കോൺഗ്രസ് കാണുന്നത് ‘ഗുമസ്തനെ’ പോലെ; യോഗത്തിൽ വികാരാധീനനായി കുമാരസ്വാമി

HD-Kumaraswamy
SHARE

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസും ജെഡിഎസ്സും തമ്മിലുള്ള ഭിന്നത ദിവസം തോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വീണ്ടും രംഗത്ത്. കോണ്‍ഗ്രസിന്റെ ഇടപെടൽ മൂലം ഭരണത്തിൽ ഒരു ഗുമസ്തനെ പോലെയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറഞ്ഞത്. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി കൈകോർത്ത ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തിൽ പറഞ്ഞതായാണ് എംഎൽഎമാർ നൽകുന്ന സൂചന.

എല്ലാം കാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കടുത്ത സമ്മർദ്ദത്തിലാണ് ജോലി െചയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവർത്തകനോട് എന്നപോലെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്.– കുമാരസ്വാമി പറഞ്ഞു. യോഗത്തിൽ ഉടനീളം അസ്വസ്ഥനായി കാണപ്പെട്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോൺഗ്രസ്, കോപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നു യോഗത്തിൽ പങ്കെടുത്ത എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിക്കു വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകൾ എങ്കിലും സംസ്ഥാനത്ത‌ു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാർട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎൽഎമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിർദേശിച്ചതായാണു വിവരം. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പുകോർത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.‍ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം.

ലോക്സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മൽസരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാൽ ആറ് സീറ്റുകൾ മാത്രമേ നൽകുവെന്ന് കോൺഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതും കൂടുതൽ ഭിന്നതകൾക്ക് കാരണമായേക്കാം. 28 ലോക്സഭാ മണ്ഡലങ്ങൾ ഉള്ള കർണാടകയിൽ നിലവിൽ ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. ഭിന്നതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരഞ്ഞടുപ്പിനു മുൻപേ സർക്കാർ വഴിപിരിയുമോയെന്നാണ് മിക്ക കോൺഗ്രസ്, ജെഡിഎസ് പ്രവർത്തകരുടെയും ആശങ്ക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA