ബിജെപിയിലേക്കു ‘ചാടി’ തൃണമൂല്‍ എംപിമാര്‍; ബംഗാളില്‍ മമതയെ വീഴ്ത്താനുറച്ച് മുകുള്‍ റോയ്

soumitra-khan-with-bjp
SHARE

കൊൽക്കത്ത∙ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടി നൽകി ബിജെപി. തൃണമൂലിന്റെ ബിഷ്ണുപൂരിൽനിന്നുള്ള ലോക്സഭാംഗം സൗമിത്ര ഖാൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായ ബോൽപൂരിൽനിന്നുള്ള അനുപം ഹസ്രയും ബിജെപിയിൽ ചേരുമെന്നാണ് അറിയുന്നത്.

ആറോളം തൃണമൂല്‍ എംപിമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബംഗാളിൽനിന്നുള്ള ബിജെപി നേതാവ് അവകാശപ്പെട്ടു. അതേസമയം ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ബിജെപി നേതൃത്വം തയാറായിട്ടില്ല. തൃണമൂൽ എംപിമാരായ അർപിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നേരത്തേ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന തൃണമൂല്‍ കോൺഗ്രസിലെ രണ്ടാമനായിരുന്ന മുകുൾ റോയിയുമായി അടുപ്പമുള്ളവരാണ് ഇപ്പോൾ ബിജെപിയിലേക്കു ചായുന്നതെന്നാണു വിവരം.

ബംഗാളിൽ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാർട്ടിയിൽനിന്നുള്ള നേതാക്കളുടെ ‘ചാടിപ്പോകലിന്’ തുടക്കമായത്. സൗമിത്ര ഖാനെയും അനുപം ഹസ്രയെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും സ്വകാര്യകമ്പനിയാണെന്നും പാർട്ടി വിട്ട സൗമിത്ര ഖാൻ ആരോപിച്ചു. ബംഗാളിൽ സിൻഡിക്കേറ്റ് രാജും പൊലീസ് രാജുമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസിൽ സൗമിത്രയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്. പ്രൈമറി സ്കൂൾ അധ്യാപികമാരെ നിയമിച്ചതിൽ സൗമിത്രയ്ക്കെതിരെ അഴിമതിയാരോപണം ഉയർന്നിരുന്നു. സംഭവത്തില്‍ എംപിയുടെ സഹായി സുശാന്ത ധനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമായി ചർച്ചകൾ നടത്തിയശേഷമാണ് സൗമിത്ര ബിജെപിയിൽ ചേർന്നതായി അറിയിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന് ബിജെപി സീറ്റ് ഉറപ്പ് നല്‍കിയെന്നാണു വിവരം. ബംഗാളിൽ മമതാ ബാനർജിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതായി ബിജെപി നേതാവ് മുകുൾ റോയ് പ്രതികരിച്ചു. നിങ്ങളുടെ എംപിമാരും നിയമസഭാംഗങ്ങളും ഒന്നിനു പിറകേ ഒന്നായി നിങ്ങളെ ഉപേക്ഷിക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് നിങ്ങളുടെ ദുർഭരണം അവസാനിപ്പിക്കും– മുകുൾ റോയ് ട്വിറ്ററിൽ പ്രതികരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA