നിര്‍മാതാവിനെതിരെ തുറന്നു പറഞ്ഞ് മോഡല്‍; സിനിമയില്‍ വേഷം മോഹിപ്പിച്ച് ലൈംഗികപീഡനം (വിഡിയോ)

SHARE

കൊച്ചി∙ സിനിമയിൽ അവസരം നൽകാമെന്ന് മോഹിപ്പിച്ച് ചർച്ചയ്ക്കെന്ന പേരിൽ ഫ്ലാറ്റിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രമുഖ നിർമാതാവ് വൈശാഖ് രാജനെതിരെ പൊലീസിൽ പരാതി നൽകിയ യുവതി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കൊച്ചി സ്വദേശിനിയായ 25 കാരിയാണ് പരാതിക്കാരി. ഏതാനും സൗന്ദര്യ മൽസങ്ങളിൽ പങ്കെടുത്തിട്ടുള്ള, മോഡലിങ് രംഗത്തു ജോലി ചെയ്യുന്ന യുവതിയാണ് കഴിഞ്ഞ 29ന് പരാതിയുമായി എറണാകുളം നോർത്ത് പൊലീസിനെ സമീപിച്ചത്. മനോരമ ഓണ്‍ലൈനോട് പീഡനത്തിന് ഇരയായ യുവതി മനസു തുറക്കുന്നു:

∙ എന്തായിരുന്നു പരാതി?

കഴിഞ്ഞ മാർച്ച് മാസത്തിലാണു താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. 2018 ഫെബ്രുവരിയിൽ ചങ്ക്സ് എന്ന സിനിമയുടെ സൈറ്റിൽ വച്ചു പരിചയപ്പെട്ട തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ മികച്ച വേഷം നൽകാം എന്ന് വാഗ്ദാനം നൽകി ഫോൺ നമ്പർ ചോദിച്ചു വാങ്ങി. പിന്നീട് പലപ്പോഴായി വിളിച്ച് സംസാരിക്കുമായിരുന്നു. ഇതിന് മറ്റൊരു സിംകാർഡ് നൽകി. പലപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ല, അതുകൊണ്ട് ഇതിലേയ്ക്കു വിളിക്കാം എന്നു പറഞ്ഞാണു സിംകാർഡ് നൽകിയത്.

ഇതിനിടെ ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിൽ മികച്ച വേഷം നൽകാമെന്നും സംസാരിക്കാനായി സംവിധായകർ എത്തിയിട്ടുണ്ടെന്നും പറഞ്ഞ് കൊച്ചി കത്രിക്കടവിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ച് വരുത്തി. അവിടെ സംവിധായകനെ കാണാതായപ്പോൾ ഞാൻ പറയുന്നതേ സംവിധായകൻ ചെയ്യുകയുള്ളൂ, കുറച്ച് അഡ്ജസ്റ്റ് ചെയ്യണം, ലൈംഗികമായി ബന്ധപ്പെടാൻ താൽപര്യമുണ്ട് എന്നു പറഞ്ഞ് കയറിപ്പിടിക്കാൻ ശ്രമിച്ചു. കുതറി ഓടാൻ ശ്രമിച്ച തന്നെ ബലം പ്രയോഗിച്ച് റൂമിലെത്തിച്ചു മാനഭംഗപ്പെടുത്തി.

∙ പരാതി നൽകാൻ എന്തുകൊണ്ട് വൈകി?

സംഭവം പുറത്തു പറഞ്ഞാൽ ഭാവി നശിപ്പിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിൽ നല്ല അവസരം തരാമെന്നു പറഞ്ഞു വീണ്ടും മോഹിപ്പിച്ചു. ഇതോടെ മലയാള സിനിമയിൽ സജീവം ആകാം എന്നായിരുന്നു പറഞ്ഞിരുന്നത്. നിര്‍മാതാവിന്റെ ഭീഷണിയിൽ ഭയന്നും ഭാവിയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ടുമാണ് പുറത്തു പറയാതിരുന്നത്.

∙ ഇപ്പോൾ പുറത്തു പറയാൻ കാരണം?

നിരന്തരമായി ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ലൈംഗിക ബന്ധത്തിന് ഫ്ലാറ്റിൽ എത്താൻ ആവശ്യപ്പെടുകയുമാണ്. ഇടയ്ക്ക് വാട്സാപ്പ് ലൈവിൽ വിവസ്ത്രനായി വന്ന് അശ്ലീലം പറയുകയും ചെയ്യുന്നു. സിനിമയിലെ വേഷത്തിന്റെ കാര്യം ചോദിക്കുമ്പോൾ ഓരോന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. നേരത്തെ പറഞ്ഞ സിനിമയിൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് അവസരം നൽകാൻ സാധിക്കാതെ പോയത്. പിന്നീട് നിവിൻ പോളിയെ നായകനാക്കി മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. അതിൽ അവസരം തരാം എന്നും പറഞ്ഞു. ഇതിന്റെ പേരിലായി പിന്നെ ഫോൺ വിളികൾ. ഫ്ലാറ്റിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ എപ്പോഴും മെസേജിട്ടുകൊണ്ടിരുന്നു.

കഴിഞ്ഞ മാസം 26ന് കടവന്ത്രയിലെ ഒരു ഹോട്ടലിൽ വച്ച് കാണുകയും സിനിമയിൽ അവസരം നൽകാൻ ഇനിയും ശാരീരികമായി ബന്ധപ്പെടണമെന്ന് നിർബന്ധിക്കുകയും ചെയ്തു. അല്ലെങ്കിൽ സിനിമയിൽ അവസരം തരികയില്ല. ഇത് സിനിമയിൽ പതിവായ കാര്യമാണ്. ഇങ്ങനെയാണ് തന്റെ സിനിമയിൽ പലരെയും വലിയ ആളുകളാക്കിയിട്ടുള്ളത്. നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ ഭാവി നശിപ്പിക്കും എന്നെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തി. സിനിമയിൽ പതിവുള്ളതാണെങ്കിൽ ഇനി ഒരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് 29ന് തന്നെ പൊലീസിൽ പരാതി നൽകിയത്. ആദ്യം ഒരു കൂട്ടുകാരിയോടാണ് കാര്യങ്ങൾ പറയുന്നത്. അവൾ പറഞ്ഞു നമുക്ക് പൊലീസിൽ പരാതി നൽകാമെന്ന്. അങ്ങനെയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

∙ ആദ്യം പരാതി സ്വീകരിച്ചില്ല; തെളിവു ശേഖരിക്കാനും തയാറായില്ല

ആദ്യം പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പൊലീസ് ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് പറഞ്ഞത്. പിന്നീട് പരാതി സ്വീകരിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നതിന് തയാറായില്ല. ഒരു കാരണവശാലും മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ പറയരുത്, അത് പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിന് കാരണമാക്കും എന്നാണ് പൊലിസ് പറഞ്ഞത്. ഇൗ ഉദ്യോഗസ്ഥനാണ് തന്റെ കേസുമായുള്ള വിഷയങ്ങൾ സംസാരിച്ചത്. എനിക്കുവേണ്ടി, എന്റെ പക്ഷത്തു നിന്നാണ് സംസാരിക്കുന്നത് എന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അതേ സമയം എഫ്ഐആറിന്റെ കോപ്പി നൽകുന്നതിനോ, എന്റെ കയ്യിലുള്ള തെളിവുകൾ സ്വീകരിക്കുന്നതിനോ തയാറല്ലായിരുന്നു.

∙ പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം

ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തെളിവ് എന്നു പറഞ്ഞ് ഫ്ലാറ്റിന്റെ റജിസ്റ്റർ പരിശോധിപ്പിച്ചു. അതിൽ കയറി പോകുന്നവരുടെ പട്ടികയിൽ പേര് കാണുന്നില്ല, അത് കണ്ടുപിടിക്ക് എന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റേഷനിൽ മണിക്കൂറുകൾ ഇരുത്തിയത്. ആ റജിസ്റ്ററിലെ പേജ് കീറിക്കളഞ്ഞിട്ടാണ് തന്നോട് പരിശോധിക്കാൻ പറയുന്നത് എന്ന് ബോധ്യപ്പെട്ടു. റജിസ്റ്റർ പരിശോധിക്കാനല്ല, പരാതിയുടെ മറ്റ് തെളിവുകൾ നൽകാനാണ് വന്നത് എന്നു പറഞ്ഞിട്ടും അത് സ്വീകരിക്കാൻ പൊലീസ് തയാറായില്ല. പ്രധാന തെളിവ് താൻ ഫ്ലാറ്റിൽ കയറിപ്പോയതിന്റെ രേഖയാണ്. അതില്ലെങ്കിൽ ശരിയാകില്ല എന്നെല്ലാമാണ് പൊലീസ് പറഞ്ഞത്.

പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ തലേ ദിവസം രാത്രിയാണ് കയ്യിലുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും തെളിവുകൾ സ്വീകരിക്കാനും തയാറായത്. രാത്രിയിലാണ് എഫ്ഐആർ തന്നതും. ഇത് പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. പ്രതി ഉന്നത ബന്ധങ്ങൾ ഉള്ള ആളാണെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളയാളാണ്, പരാതി കൊടുത്തിട്ടു കാര്യമില്ല എന്നെല്ലാം പറഞ്ഞ് പിന്‍തിരിപ്പിക്കാനാണ് പൊലിസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്.

∙ കേസിൽ മുന്നോട്ടു പോകാൻ തീരുമാനം

ഇഷ്ടത്തിനു വിരുദ്ധമായി ബലമായാണ് ശാരീരികമായി പീഡിപ്പിച്ചത്. പേടികൊണ്ടാണ് ഇത്രനാൾ ഒന്നും പുറത്തു പറയാതിരുന്നത്. എന്തു സംഭവിച്ചാലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇനി ഒരു പെൺകുട്ടിക്കും തനിക്കുണ്ടായ അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് എല്ലാം തുറന്നു പറയുന്നത് – യുവതി പറയുന്നു. ഈ വിഷയത്തില്‍ നിര്‍മാതാവ് വൈശാഖ് രാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA