ട്രെയിൻ തടഞ്ഞവരുടെ ‘പാളം തെറ്റും’; മൂന്നു വർഷം ജയിലും ലക്ഷങ്ങളുടെ പിഴയും

train-blocking
SHARE

കണ്ണൂര്‍ ∙ രണ്ടു ദിവസം നീണ്ട പൊതുപണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കർശന നടപടികളുമായി റെയില്‍വേ. സംസ്ഥാനത്താകെ ഏതാണ്ട് രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) കേസെടുത്തു. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഇവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്രങ്ങളിലും ഓൺലൈൻ, ടിവി തുടങ്ങിയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ചു വന്ന ചിത്രങ്ങളും വാര്‍ത്തകളും കേസിൽ തെളിവാകും.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസത്തെ പണിമുടക്കിനിടെ പ്രതിഷേധക്കാർ തടഞ്ഞത്. ട്രെയിന്‍ വൈകിയതു മൂലമുള്ള നഷ്ടം ഉള്‍പ്പെടെ ഭീമമായ തുക പിഴ ചുമത്തുന്ന കാര്യവും പരിഗണനയിലാണ്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണു തീരുമാനം. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടം മാത്രമല്ല, നിര്‍ത്തിയിടുന്ന അത്രയും സമയം അധികമായി ഉപയോഗിക്കേണ്ടിവന്ന ഡീസല്‍, വൈദ്യുതി, മറ്റു ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചതുകൊണ്ടുണ്ടായ നഷ്ടം തുടങ്ങി വിവിധ കാര്യങ്ങളും പരിഗണിച്ചാണ് റെയില്‍വേക്കു സംഭവിച്ച നഷ്ടം കണക്കാക്കുക. ഇതു ഭീമമായ തുകയായിരിക്കുമെന്നും ആര്‍പിഎഫ് ചൂണ്ടിക്കാട്ടുന്നു.

അതീവഗൗരവത്തോടെയാണ് കഴിഞ്ഞ ദിവസത്തെ നടപടികളെ റെയില്‍വേ കാണുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സാധാരണ കുറച്ചു സമയം ട്രെയിന്‍ തടഞ്ഞു മടങ്ങിപ്പോവുകയാണു പതിവ്. എന്നാല്‍ ഇത്തവണ പലയിടങ്ങളിലും ഒരു മണിക്കൂറിലേറെയാണ് ട്രെയിന്‍ വൈകിയത്. 82 മിനിറ്റുവരെ ട്രെയിന്‍ വൈകിയ സംഭവമുണ്ടായതായി റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.

റെയില്‍വേ ആക്ടിലെ 147, 146, 145(ബി), 174 (എ) എന്നീ നാലു വകുപ്പുകളിലായാണ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത്. രണ്ടു വര്‍ഷംവരെ തടവും പിഴയുമാണു ശിക്ഷ. ഒന്നിലേറെ വകുപ്പുകളിൽ ശിക്ഷ വിധിച്ചാൽ ഇത് മൂന്നര വർഷം വരെ നീളാം. റെയില്‍വേ കോടതി ശിക്ഷിച്ചാല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അയോഗ്യരാവുകയും ചെയ്യും.  ട്രെയിന്‍ തടയുന്നതുമൂലം റെയില്‍വേക്ക് ഉണ്ടാവുന്ന നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. ഇതിനു പുറമേ മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കുറ്റത്തിന് 154-ാം വകുപ്പ് ചുമത്താനും കഴിയും.

റെയില്‍വേയുടെ സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നതിന് (147) ആറു മാസംവരെ തടവും 1000 രൂപ പിഴയുമാണു ശിക്ഷ. യാത്രക്കാരെ ശല്യം ചെയ്യുന്നതിന് (146) 6 മാസം തടവും 500 രൂപ പിഴയും ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ള റെയില്‍വേ ജീവക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതിന് (145(ബി)) 6 മാസംവരെ തടവും 1000 രൂപ പിഴയും ട്രെയിന്‍ തടഞ്ഞുവെക്കുന്നതിന് (174 (എ) രണ്ടുവര്‍ഷംവരെ തടവും 2000 രൂപ പിഴയുമാണു ശിക്ഷ. കൊടികളുമായി ട്രെയിനിനു മുകളില്‍ കയറി മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കിയെന്ന കുറ്റത്തിന് 154 വകുപ്പ് ചുമത്താനും കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA